Asianet News MalayalamAsianet News Malayalam

സിക്ക പരിശോധന ഇനി കേരളത്തില്‍; നാല് മെഡിക്കല്‍ കോളേജുകളില്‍ കിറ്റുകളെത്തി

രക്തത്തില്‍ നിന്നും സിറം വേര്‍തിരിച്ചാണ് പിസിആര്‍ പരിശോധന നടത്തുന്നത്. തുടക്കത്തില്‍ ഒരു പരിശോധനയ്ക്ക് എട്ട് മണിക്കൂറോളം സമയമെടുക്കും.

Zika virus examination kerala kit sent to four medical colleges
Author
Trivandrum, First Published Jul 11, 2021, 3:41 PM IST

തിരുവനന്തപുരം: സിക്ക വൈറസ് പരിശോധന നടത്താന്‍ സംസ്ഥാനം സുസജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍ഐവി യൂണിറ്റ് എന്നിവിടങ്ങളില്‍ ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തും. എന്‍ഐവി പൂനയില്‍ നിന്നും വൈറസ് പരിശോധന നടത്താന്‍ കഴിയുന്ന 2100 പിസിആര്‍ കിറ്റുകള്‍ ലഭിച്ചു. തിരുവനന്തപുരം 1000, തൃശൂര്‍ 300, കോഴിക്കോട് 300, ആലപ്പുഴ എന്‍ഐവി 500 എന്നിങ്ങനെയാണ് ടെസ്റ്റ് കിറ്റുകള്‍ ലഭിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക്ക എന്നിവ പരിശോധിക്കാന്‍ കഴിയുന്ന 500 ട്രയോപ്ലക്‌സ് കിറ്റുകളും സിക്ക വൈറസ് മാത്രം പരിശോധിക്കാന്‍ കഴിയുന്ന 500 സിങ്കിള്‍ പ്ലക്‌സ് കിറ്റുകളുമാണ് ലഭിച്ചത്. മറ്റ് മൂന്ന് ലാബുകളില്‍ സിക്ക പരിശോധിക്കാന്‍ കഴിയുന്ന സിങ്കിള്‍ പ്ലക്‌സ് കിറ്റുകളാണ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. രക്തം, മൂത്രം എന്നീ സാമ്പിളുകളിലൂടെയാണ് സിക്ക വൈറസ് പരിശോധന നടത്തുന്നത്. രക്തത്തില്‍ നിന്നും സിറം വേര്‍തിരിച്ചാണ് പിസിആര്‍ പരിശോധന നടത്തുന്നത്. തുടക്കത്തില്‍ ഒരു പരിശോധനയ്ക്ക് എട്ട് മണിക്കൂറോളം സമയമെടുക്കും. സംസ്ഥാനത്ത് കൂടുതല്‍ ലാബുകളില്‍ സിക്ക വൈറസ് പരിശോധന നടത്താനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേയുള്ള കേസുകള്‍ പബ്ലിക് ഹെല്‍ത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും. 

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നടത്തുവാന്‍ കഴിയുന്ന 27 സര്‍ക്കാര്‍ ലാബുകളാണുള്ളത്. കൊവിഡ് വ്യാപന സമയത്ത് കൂടുതല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ സര്‍ക്കാര്‍ സജ്ജമാക്കിയിരുന്നു. കൂടുതല്‍ ടെസ്റ്റ് കിറ്റുകള്‍ എത്തുന്ന മുറയ്ക്ക് ആവശ്യമെങ്കില്‍ ഈ ലാബുകളിലും എന്‍ഐവിയുടെ അനുമതിയോടെ സിക്ക പരിശോധന നടത്താന്‍ സാധിക്കുന്നതാണ്. പനി, ചുവന്ന പാടുകള്‍, ശരീരവേദന എന്നീ ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തുന്ന രോഗികളെ പ്രത്യേകിച്ചും ഗര്‍ഭിണികളെ സിക്ക വൈറസ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios