തിരുവനന്തപുരം: ലോക്ഡൗൺ കഴിഞ്ഞാലും സംസ്ഥാനത്ത് മൃഗശാലകളും എക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചിടാനാണ് ആലോചിക്കുന്നതെന്ന് വനംവകുപ്പ്. അമേരിക്കയിൽ കടുവയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ മൃഗശാലകളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം

കഴിഞ്ഞ 25 ദിവസമായി സംസ്ഥാനത്തെ മൃഗശാലകൾ അടഞ്ഞുകിടക്കുകയാണ്. ലോക്ഡൗൺ പ്രഖ്യാപിക്കും മുൻപേ മൃഗശാലകളിൽ നിയന്ത്രണം കൊണ്ടുവന്നിരുന്നു. സുരക്ഷാമുൻകരുതൽ പാലിച്ചുകൊണ്ടാണ് മൃഗശാലകളിൽ നിലവിൽ ജീവനക്കാർ ജോലി ചെയ്യുന്നത്. അതിനാൽ തന്നെ ആളുകളിൽ നിന്നും മൃഗങ്ങൾക്ക് രോഗബാധയുണ്ടാകുമെന്ന ആശങ്ക ആവശ്യമില്ലെന്നാണ് വിലയിരുത്തൽ. 

ആഴ്ചയിൽ രണ്ടു തവണ മൃഗങ്ങളുടെ കൂടുകൾ സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിച്ച് അണുമുക്തമാക്കും. പരിശോധനയ്ക്കായി കൂടുതൽ മൃഗഡോക്ടോർമാരുടെ സേവനം ആവശ്യമുണ്ടെങ്കിൽ വനംവകുപ്പിലെ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്താം.രോഗലക്ഷങ്ങളുളള മൃഗങ്ങളുടെ സാന്പിളുകൾ പാലോട് ബോട്ടാണിക്കൽ ഗാർഡനിൽ പരിശോധിക്കാൻ സംവിധാനമൊരുക്കുന്നത് പരിഗണനയിലാണ്.

രോഗം സ്ഥിരീകരിക്കപ്പെട്ടവർ വീടുകളിലെ വളർത്തുമൃഗങ്ങളെ കർശനമായും വീടുകളിൽ തന്നെ പ്രത്യേകമായി പാർപ്പിക്കണമെന്നാണ് നിർദ്ദേശം. നിരീക്ഷണത്തിലുളള വീടുകളിലെ ആളുകൾ വളർത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.