സുംബ ഡാൻസ് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പങ്കെടുക്കുന്നത് ശരിയല്ലെന്ന് സുന്നി നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. ധാർമിക പ്രശ്‌നമുള്ളതിനാൽ സുംബ പൂർണമായും ഉപേക്ഷിക്കണമെന്നും പ്രതികരണം
മലപ്പുറം: സുംബ പരാമർശ വിവാദമായതോടെ വിശദീകരണവുമായി സുന്നി നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ. ആണും പെണ്ണും ഒരുമിച്ച് ആണ് ഡാൻസ് നടക്കുന്നത്. കുട്ടികളെ ചെറുപ്പത്തിൽ ഇങ്ങനെ ഇടകലരാൻ അനുവദിക്കുന്നത് ശരിയല്ല. എല്ലാവരും പങ്കെടുക്കണം എന്ന് പറയുന്നത് തെറ്റ്, സുംബ പരിശീലനം പൂർണമായി ഉപേക്ഷിക്കണമെന്നും അബ്ദു സമദ് പൂക്കോട്ടൂർ. അതേ സമയം ലഹരിക്കെതിരെ ബോധവത്കരണം നടത്തണമെന്നും ഡബ്ല്യൂ എച്ച് ഒ പോലും ഈ ഡാൻസിനെ ശുപാർശ ചെയ്തതായി കാണുന്നില്ലെന്നും അദ്ദേഹത്തിന്റെ പ്രതികരണം.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേർതിരിച്ച് നടത്തുക എന്ന് പറയുന്നത് പ്രായോഗികമല്ല. ഇത് പൂർണ്ണമായും ഉപേക്ഷിച്ച് മറ്റ് കായിക പരിശീലനങ്ങൾ നടത്തണം. സ്ത്രീ പുരുഷ സങ്കലനത്തിന് പരിധിയുണ്ട്. ഇതിൽ ധാർമികമായ പ്രശ്നമുണ്ടെന്നും സമസ്തയിലെ പണ്ഡിതന്മാർ ഇത് ചർച്ച ചെയ്യും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധാർമികമായ ഇത്തരം കാര്യങ്ങൾ നടപ്പിലാക്കരുതെന്ന് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. സുംബ കുട്ടികളുടെ ധാർമിക നിലവാരത്തിന് ഹാനികരം. നന്മ പറയുന്നവരെ പലരും പിന്തിരിപ്പന്മാരായി കരുതും. ഇത് പാശ്ചാത്യ ഇറക്കുമതിയാണെന്നും അബ്ദു സമദ് പൂക്കോട്ടൂർ പ്രതികരിച്ചു.
എന്നാൽ, നമ്മൾ പത്തൊമ്പതാം നൂറ്റാണ്ടിൽ അല്ലാ ജീവിക്കുന്നതെന്ന മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രംഗത്തെത്തിയിട്ടുണ്ട്.
