Asianet News MalayalamAsianet News Malayalam

പൊതുവിദ്യാഭ്യാസമേഖലയിൽ ഉയരുന്നു മികവിന്റെ കേന്ദ്രങ്ങൾ

അഞ്ചുകോടി രൂപ വരെയാണ് കിഫ്ബി നൽകുന്നതെങ്കിലും അതിന് മുകളിൽ ചെലവ് വർധിക്കുകയാണെങ്കിൽ എംഎൽഎ ഫണ്ടിൽ നിന്നോ പിടിഎ ഫണ്ടിൽ നിന്നോ തുക കണ്ടെത്തി പദ്ധതി പൂർത്തിയാക്കി വരികയാണ്‌.

35 schools in Kerala upgrade to center for excellence
Author
Thiruvananthapuram, First Published Sep 8, 2020, 8:52 PM IST

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല മികവിലേയ്ക്കുയരുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു വിദ്യാലയം വീതം കിഫ്ബി ധനസഹായത്തോടെ മികവിന്റെ കേന്ദ്രമായി പരിഗണിച്ച് ഭൗതിക സൗകര്യവികസനം നടത്തുകയാണ്.ഓരോ വിദ്യാലയങ്ങൾക്കും അഞ്ച് കോടി രൂപ വീതമാണ് ചെലവിടുന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 100 ദിവസത്തെ കർമപദ്ധതിയുടെ ഭാഗമായി ഇതിൽ 35 വിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ ഒമ്പതിന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതാണ്. വിഡിയോ കോൺഫറൻസിങ് വഴിയായിരിക്കും ഉദ്ഘാടനം.

10 ജില്ലകളിലെ 35 നിയോജക മണ്ഡലങ്ങളിലായാണ് 35 സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്. 35 സ്‌കൂളുകൾ കൂടാതെ 17 സ്കൂളുകൾ കൂടി വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി നേരത്തേ കൈമാറിയിരുന്നു. അപ്പോൾ ആകെ 52 സ്കൂളുകൾ അഞ്ച് കോടി പദ്ധതിയിൽ കൈമാറിക്കഴിഞ്ഞു. ഇതേ പദ്ധതിയിൽ ഏഴ് സ്കൂളുകൾ ഭാഗികമായി കൈമാറിയിട്ടും ഉണ്ട്.

അഞ്ചുകോടി രൂപ വരെയാണ് കിഫ്ബി നൽകുന്നതെങ്കിലും അതിന് മുകളിൽ ചെലവ് വർധിക്കുകയാണെങ്കിൽ എംഎൽഎ ഫണ്ടിൽ നിന്നോ പിടിഎ ഫണ്ടിൽ നിന്നോ തുക കണ്ടെത്തി പദ്ധതി പൂർത്തിയാക്കി വരികയാണ്‌.

മൂന്ന് കോടി വകയിരുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതി 395 സ്കൂളുകളില്‍ നടപ്പാക്കുന്നു. ഇതിൽ 29 സ്ക്കൂളുകൾ വികസന പ്രവർത്തികൾ പൂർത്തിയാക്കി കൈമാറിക്കഴിഞ്ഞു. ഇതേ പദ്ധതിയിൽ തന്നെ മൂന്നു സ്കൂളുകൾ ഭാഗികമായും കൈമാറിയിട്ടുണ്ട്. ഒരു കോടി രൂപാ വീതം ഉള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ 446 സ്കൂളുകളിലാണ് വികസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

എല്ലാ സ്ക്കൂളുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റി

സാങ്കേതിക വിദ്യാ സഹായക വിദ്യാഭ്യാസം സാധ്യമാക്കുന്ന ഹൈടെക് സ്കൂള്‍ പദ്ധതി എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ ഇതിനോടകം പൂര്‍ത്തിയായി. സര്‍ക്കാര്‍ -എയ്ഡഡ് മേഖലയിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍  സെക്കന്ററി തലങ്ങളിലുള്ള 4752 സ്കൂളുകളില്‍ 58430 ലാപ്പ്ടോപ്പുകൾ, 42227 മള്‍ട്ടിമീഡിയാ പ്രോജക്ടറുകള്‍, 40594 മൗണ്ടിംഗ് കിറ്റുകള്‍, 40621 എച്ച്.ഡി.എം.ഐ. കേബിള്‍, 40614 ഫേസ് പ്ലേറ്റ്, 21847 സ്ക്രീനുകള്‍, 41544 യു.എസ്.ബി. സ്പീക്കറുകള്‍, 4688 ഡി.എസ്.എല്‍.ആര്‍. ക്യാമറകള്‍, 4522 നാല്പത്തിരണ്ടിഞ്ച് എല്‍.ഇ.ഡി. ടെലിവിഷനുകള്‍, 4720 ഫുള്‍ എച്ച്.ഡി. വെബ് ക്യാമുകള്‍ എന്നിവയുടെ വിന്യാസം പൂര്‍ത്തിയാക്കി. 9046 പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകള്‍ ഉള്‍പ്പടെ 13798 സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങള്‍ക്ക് ബ്രോഡ്‌ബാന്റ് കണക്ടിവിറ്റി നല്‍കി. എല്ലാ പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളിലും കമ്പ്യൂട്ടര്‍ ലാബ് സ്ഥാപിക്കാന്‍ 300 കോടി  രൂപ വിനിയോഗിച്ചു.

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ ഹൈടെക് ആക്കി ഉയർത്തുന്നതിന് വൻ പദ്ധതികൾ ആണ്‌ കിഫ്ബി വഴി നടപ്പാക്കുന്നത്. 785 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന സ്മാർട് ക്ലാസ്, സ്മാർട്ട് ലാബ് പദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞു. 45,000 ക്ലാസ് റൂമുകളാണ് ഇത്തരത്തിൽ ഹൈടെക് ആയി മാറ്റപ്പെട്ടത്. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ ഇന്റർനെറ്റ് കണക്ടിവിറ്റി എല്ലാ സ്ക്കൂളുകളിലും കിഫ്ബി ധനസഹായത്തോടെ സജ്ജമാക്കി. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (KITE) ആണ് പദ്ധതികളുടെ നിർവഹണ ഏജൻസി.

മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്ന സംസ്ഥാനത്തെ 35 സ്കൂളുകൾ:

തിരുവനന്തപുരം ജില്ല
********

1.കോവളം - ജി.എച്ച്.എസ്.എസ്, ബാലരാമപുരം
2.വട്ടിയൂർക്കാവ് - ജി.ജി.എച്ച്.എസ്, പട്ടം
3.നെടുമങ്ങാട് - ജി.ജി.എച്ച്.എസ്.സ്, നെടുമങ്ങാട്
4.കഴക്കൂട്ടം - ജി.എച്ച്.എസ്.എസ് , കഴക്കൂട്ടം
5.വാമനപുരം - ജി.എച്ച്.എസ്.എസ്, വെഞ്ഞാറമ്മൂട്

കൊല്ലം ജില്ല
*****

6.കൊല്ലം - ജി.എച്ച്.എസ്.എസ്, അഞ്ചാലുമ്മൂട്
7.കൊട്ടാരക്കര - ജി.വി.എച്ച്.എസ് & ബി.എച്ച്.എസ്, കൊട്ടാരക്കര
8.കുന്നത്തൂർ - ജി.എച്ച്.എസ്.എസ്, ശൂരനാട്
9.കരുനാഗപ്പള്ളി - ജി.എച്ച്.എസ്.എസ്, കരുനാഗപ്പള്ളി

ആലപ്പുഴ ജില്ല
******

10.ആലപ്പുഴ - ജി.എച്ച്.എസ്.എസ്, കലവൂർ

കോട്ടയം ജില്ല
***

11.പാല - എം.ജി.ജി.എച്ച്.എസ്.എസ്, പാല
12.കാഞ്ഞിരപ്പള്ളി - ഗവ.വി.എച്ച്.എസ്.എസ് (HSS Block) പൊൻകുന്നം
13.ചങ്ങനാശേരി - ജി.എച്ച്.എസ്.എസ്, തൃക്കൊടിത്താനം

ഇടുക്കി ജില്ല
****

14.തൊടുപുഴ - ജി.എച്ച്.എസ്.എസ്, തൊടുപുഴ
15.ദേവികുളം - ജി.എച്ച്.എസ്.എസ്, കുഞ്ചിത്തണ്ണി

എറണാകുളം ജില്ല
*****

16.കുന്നത്തുനാട് - ജി.എച്ച്.എസ്.എസ്, സൗത്ത് വാഴക്കുളം
17.പിറവം - ജി.എച്ച്.എസ്.എസ്, പിറവം
18.കോതമംഗലം - ജി.എം.എച്ച്.എസ്.എസ്, ചെറുവത്തൂർ
19.കളമശേരി - ജി.എച്ച്.എസ്.എസ, കൊങ്ങോർപ്പിള്ളി

തൃശൂർ ജില്ല
****

20.ചേലക്കര - ജി.എച്ച്.എസ്.എസ്,ചെറുതുരുത്തി,ചേലക്കര

മലപ്പുറം ജില്ല
******

21.വേങ്ങര - ജി.വി.എച്ച്.എസ്.എസ്, വേങ്ങര
22.തിരൂരങ്ങാടി - ജി.എച്ച്.എസ്.എസ്, നെടുവ

കോഴിക്കോട് ജില്ല
******

23.ബേപ്പൂർ - ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ്, ഫറോക്ക്
24.കുന്നമംഗലം - ആർ.ഇ.സി.ജി.എച്ച്.എസ്.എസ്, ചാത്തമംഗലം
25.കൊടുവള്ളി - ജി.എച്ച്.എസ്.എസ്, പന്നൂർ
26.എലത്തൂർ - ജി.എച്ച്.എസ്.എസ്, പയിമ്പ്ര
27.പേരാമ്പ്ര - ജി.വി.എച്ച്.എസ്.എസ്, മേപ്പയൂർ
28.ബാലുശേരി - ജി.വി.എച്ച്.എസ്.എസ്, നടുവണ്ണൂർ
29.കുറ്റ്യാടി - ജി.എച്ച്.എസ്.എസ്, കുറ്റ്യാടി
30.നാദാപുരം - ജി.എച്ച്.എസ്.എസ്, വളയം

കണ്ണൂർ ജില്ല
****

31.പയ്യന്നൂർ - എ.വി.എസ്.ജി.എച്ച്.എസ്,എസ്, കരിവെള്ളൂർ
32.കല്യാശേരി - ജി.എച്ച്.എസ്.എസ്, ചെറുതാഴം
33.ഇരിക്കൂർ - ജി.എച്ച്.എസ്.എസ്, ശ്രീകണ്ഠപുരം
34.തലശേരി - ജി.എച്ച്.എസ്.എസ്, ചിറക്കര
35.കൂത്തുപറമ്പ് - ജി.എച്ച്.എസ്.എസ്, പാട്യം

Follow Us:
Download App:
  • android
  • ios