1, ബാക്ക് വാട്ടര്‍ വിസ്‌മയം-
ജോലിയും ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളും കാരണം, തകര്‍ന്നിരിക്കുന്ന ഏതൊരാള്‍ക്കും, ഒരു ഹൗസ് ബോട്ട് യാത്ര നല്‍കുന്ന ആശ്വാസം ചെറുതല്ല. ആലപ്പുഴയിലും കുമരകത്തും കൊല്ലത്തുമായി നൂറുകണക്കിന് ഹൗസ് ബോട്ടുകള്‍ ലഭ്യമാണ്. ആനന്ദകരമായ അനുഭൂതിയാണ് ഹൗസ് ബോട്ട് യാത്ര പ്രദാനം ചെയ്യുക. മനോഹരമായ സ്ഥലകള്‍ കണ്ടുകൊണ്ട്, ഹൗസ് ബോട്ടിലൂടെയുള്ള യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരിക്കും. കരിമീനും, താറാവും, ഞണ്ടും, കക്കയുമൊക്കെയായി നല്ല അടിപൊളി ഭക്ഷണം ഉള്‍പ്പടെയുള്ള പാക്കേജാണ് ഹൗസ് ബോട്ട് യാത്ര മുന്നോട്ടുവെക്കുന്നത്.
2, മനോഹരമായ ബീച്ചുകള്‍-

സഞ്ചാരികള്‍ക്ക് കേരളം ഇഷ്‌ടപ്പെടാനുള്ള മറ്റൊരു കാരണമാണ് ഇവിടുത്തെ മനോഹരമായ ബീച്ചുകള്‍. കോവളവും വര്‍ക്കല പാപനാശവും കോഴിക്കോടും ബേപ്പൂരും മുഴുപ്പിലങ്ങാടുമൊക്കെ ആര്‍ക്കാണ് ഇഷ്‌ടപ്പെടാതിരിക്കുക.
3, വന്യജീവി കേന്ദ്രങ്ങള്‍-
നിരവധി ദേശീയ പാര്‍ക്കുകളും വന്യജീവികേന്ദ്രങ്ങളും കേരളത്തിലുണ്ട്. വന്യജീവികേന്ദ്രങ്ങളിലെ സഫാരിയും, വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രഫിയും ഇഷ്‌ടപ്പെടുന്നവര്‍ക്ക് നല്ല ഒന്നാന്തരം ഇടമാണ് കേരളം.
4, ഹില്‍ സ്റ്റേഷനുകള്‍-

മൂന്നാറും, വയനാടും പൊന്‍മുടിയുമാണ് സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന മറ്റിടങ്ങള്‍. ശൈത്യകാലത്തും മറ്റും ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയെന്നത് ജീവിതത്തിലെ സുന്ദരമായ അനുഭവം തന്നെയായിരിക്കും. ഹണിമൂണ്‍ യാത്രകള്‍ക്കും ഏറെ മികച്ച ചോയ്സാണ് മൂന്നാറും വയനാടും പൊന്മുടിയുമൊക്കെ...
5, തേയിലത്തോട്ടങ്ങള്‍-
കേരളത്തിലെ മറ്റൊരു മനോഹര കാഴ്‌ചയാണ് പച്ചപ്പ് വിരിഞ്ഞുനില്‍ക്കുന്ന തേയിലത്തോട്ടങ്ങള്‍. മൂന്നാറിലും വയനാട്ടിലും പൊന്മുടിയിലുമൊക്കെയാണ് സുന്ദരമായ തേയിലത്തോട്ടങ്ങളുള്ളത്. ഇതില്‍ ഏറ്റവും ആകര്‍ഷണം മൂന്നാര്‍ തന്നെ...
6, കലാരൂപങ്ങള്‍-

കഥകളിയും മോഹനിയാട്ടവും കൂത്തും തുള്ളലുമൊക്കെയാണ് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കായി കേരളം കാത്തുവെക്കുന്ന മറ്റു വിസ്‌മയങ്ങള്‍. പ്രധാനമായും കൈമുദ്രകളിലൂടെയും മുഖഭാവങ്ങളിലൂടെയും കഥകള്‍ പറയുന്ന കഥകളിയാണ് ഏറെ ആകര്‍ഷണം. മോഹിനിയാട്ടവും ഭരതനാട്യവും കൂത്തും തുള്ളലുമൊക്കെ, ഏതൊരാളും ഇഷ്‌ടപ്പെട്ടുപോകുന്ന കലാരൂപങ്ങളാണ്.
7, ആയോധന കലകള്‍-
സഞ്ചാരികളെ ത്രസിപ്പിക്കുന്ന മറ്റൊരരു കേരളീയ കാഴ്‌ചയാണ് ആയോധന കലകള്‍. കളരിപ്പയറ്റ് തന്നെയാണ് ആയോധനകലകളില്‍ അഗ്രഗണ്യ സ്ഥാനത്ത്. കേരളത്തിലെ ഏറ്റവും പഴക്കംചെന്ന ആയോധന അഭ്യാസമുറയായ കളരിപ്പയറ്റ് നല്ല മെയ്‌വഴക്കമുള്ള അഭ്യാസികളാണ് അവതരിപ്പിക്കാറുള്ളത്.
8, ആയുര്‍വേദം-

കേരളം ലോകത്തിന് സമ്മാനിക്കുന്ന മറ്റൊരു വിസ്‌മയമാണ് ആയുര്‍വേദം എന്ന ചികില്‍സാരീതി. ശരീരത്തിനും മനസിനും ആരോഗ്യവും ഉന്‍മേഷവും പ്രദാനം ചെയ്യുന്ന ചികില്‍സാരീതിയാണിത്. സഞ്ചാരികള്‍ക്കായി നിരവധി ആയുര്‍വേദ കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്. ഉഴിച്ചില്‍, തിരുമ്മല്‍, കിഴി, ധാര കോരല്‍ എന്നിവയൊക്കെയാണ് ആയുര്‍വേദത്തിന്റെ വ്യത്യസ്തകള്‍...
9, ഷോപ്പിംഗ്-
കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്കായി, മനോഹരമായ കരകൗശല വസ്‌തുക്കള്‍, കൈത്തറി വസ്‌ത്രങ്ങള്‍, ആയുര്‍വേദിക് എണ്ണകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയൊക്കെ ഒരുക്കിയിട്ടുണ്ട്. ഏറെ നിലവാരമുള്ളതും, ഉപയോഗപ്രദവുമായ കേരള ഉള്‍പന്നങ്ങള്‍ക്ക് പക്ഷെ നല്ല വില നല്‍കേണ്ടിവരും.
10, ഭക്ഷണം-

കേരളത്തിന്റേതായാ രുചിവൈവിധ്യമാണ് സഞ്ചാരികള്‍ ഇഷ്‌ടപ്പെടുന്ന മറ്റൊരുകാര്യം. അപ്പവും താറാവുകറിയും, നെയ്‌റോസ്റ്റ്, മസാലദോശ, കരിമീന്‍ ഫ്രൈ, ചെമ്മീന്‍, ഞണ്ട്, കക്ക തുടങ്ങി വെജും നോണ്‍ വെജുമായി കേരളത്തില്‍ ലഭ്യമാകുന്ന ഭക്ഷണങ്ങള്‍, വിദേശ സഞ്ചാരികള്‍ക്ക് വരെ ഏറെ പ്രിയങ്കരമാണ്.
മലയാളികള്‍ ആയാല്‍പ്പോലും കേരളത്തെ അനുഭവിക്കാന്‍, ഈ പത്തുകാര്യങ്ങളും സന്ദര്‍ശിക്കുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്യണം. എന്നാല്‍ വിദേശികളും ഉത്തരേന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള അന്യസംസ്ഥാനക്കാരും കേരളത്തെ ഇങ്ങനെ മൊത്തമായി അനുഭവിക്കുമ്പോള്‍, പല മലയാളികളും ഇതില്‍ മിക്ക സ്ഥലങ്ങളും സന്ദര്‍ശിക്കുകയോ, ഇവിടുത്തെ രുചിപ്പെരുമയില്‍ പലതും കഴിക്കുകയോ ചെയ്‌തിട്ടുണ്ടാകില്ല.
