കണ്ണുകൾക്ക് കൂടുതൽ ഭംഗിയും ആത്മവിശ്വാസവും നൽകുന്ന ഒന്നാണ് വിങ്‌ഡ് ഐലൈനർ . എന്നാൽ കൃത്യമായ രീതിയിൽ ഇത് വരയ്ക്കുക എന്നത് പലർക്കും വലിയൊരു വെല്ലുവിളിയാണ്. നിങ്ങളുടെ കണ്ണുകളുടെ ആകൃതിക്ക് അനുയോജ്യമായ രീതിയിൽ പെർഫെക്റ്റ് വിങ്‌ഡ് ഐലൈനർ വരയ്ക്കാം.
കണ്ണാടിക്ക് മുന്നിൽ ഐലൈനർ കുപ്പിയുമായി ഇരിക്കുമ്പോൾ പലപ്പോഴും നമ്മൾ അറിയാതെ 'ആനന്ദഭദ്ര'ത്തിലെ ദിഗംബരനായി മാറിപ്പോകാറുണ്ട്. ഒരു കണ്ണ് കാവ്യ മാധവൻ്റെ കണ്ണുകൾപ്പോലെ സുന്ദരമായി വരച്ചു വരുമ്പോഴേക്കും, മറ്റേ കണ്ണ് ദിഗംബരൻ്റെ ആ കരിങ്കണ്ണ് പോലെയായി മാറാറുണ്ടോ? എന്നാൽ ഇനി ആ ഭയം വേണ്ട. നിങ്ങളുടെ കണ്ണുകളുടെ ആകൃതിക്ക് അനുയോജ്യമായ രീതിയിൽ പെർഫെക്റ്റ് വിങ്‌ഡ് ഐലൈനർ വരയ്ക്കാം.
ആവശ്യമായ സാധനങ്ങൾ
ആദ്യം നിങ്ങൾക്ക് സൗകര്യപ്രദമായ ഐലൈനർ തിരഞ്ഞെടുക്കുക.
- ലിക്വിഡ് ഐലൈനർ: കടും നിറം ലഭിക്കാൻ നല്ലതാണ്.
- ജെൽ ഐലൈനർ: കുറച്ചുകൂടി കൃത്യതയോടെ വരയ്ക്കാൻ ബ്രഷ് ഉപയോഗിച്ച് ജെൽ ലൈനർ ഉപയോഗിക്കാം.
- പെൻ ഐലൈനർ: തുടക്കക്കാർക്ക് ഏറ്റവും അനുയോജ്യം സ്കെച്ച് രൂപത്തിലുള്ള ഐലൈനറുകളാണ്.
ഒട്ടും ബോറടിപ്പിക്കാത്ത 4 സ്മാർട്ട് ഹാക്കുകൾ ഇതാ;

സ്പൂൺ ഹാക്ക്
നിങ്ങളുടെ അടുക്കളയിലെ ഒരു സ്പൂൺ ഉണ്ടെങ്കിൽ ഐലൈനർ വരയ്ക്കുന്നത് പകുതി എളുപ്പമായി. ആദ്യം സ്പൂണിന്റെ നീളമുള്ള പിടി കണ്ണിന്റെ അറ്റത്ത് ചരിച്ച് വെക്കുക. ഇതിന്റെ വശത്തുകൂടെ വിങ്ങിന്റെ താഴത്തെ വര വരയ്ക്കാം. അതിനുശേഷം സ്പൂണിന്റെ വട്ടത്തിലുള്ള ഭാഗം കണ്ണിന് മുകളിൽ വെച്ച് ആദ്യം വരച്ച വരയുമായി യോജിപ്പിക്കുക. ലഭിക്കുന്ന ആ കൃത്യമായ ഗ്യാപ്പിൽ ഐലൈനർ നിറച്ചാൽ മതി. കൈ വിറയ്ക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഏറ്റവും ലളിതമായ വിദ്യയാണിത്.
സെല്ലോടേപ്പ് ട്രിക്ക്
രണ്ട് കണ്ണിലും ഒരേ ആംഗിളിൽ വിങ് വരാൻ പാടുപെടുന്നവർക്ക് വേണ്ടിയാണ് ഈ വിദ്യ. ഒരു ചെറിയ കഷ്ണം സെല്ലോടേപ്പ് എടുത്ത് കണ്ണിന്റെ അറ്റത്ത് നിന്ന് പുരികത്തിന്റെ അറ്റത്തേക്ക് ലക്ഷ്യമിട്ട് ചരിച്ച് ഒട്ടിക്കുക. രണ്ട് കണ്ണിലും ടേപ്പ് ഒരേപോലെയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ലൈനർ വരയ്ക്കാം. വരച്ച് കഴിഞ്ഞ ശേഷം ടേപ്പ് സാവധാനം ഇളക്കി മാറ്റുമ്പോൾ ഒരു ഷാർപ്പ് ലുക്ക് കിട്ടും.
കുത്തുകൾ ഇട്ടു വരയ്ക്കാം
ഒറ്റയടിക്ക് നീളത്തിൽ വരയ്ക്കാൻ ശ്രമിക്കുന്നതാണ് പലപ്പോഴും പണി കിട്ടാൻ കാരണം. അതിനുപകരം ഐലൈനർ കൊണ്ട് വിങ് എവിടെ വരെ വേണമെന്ന് ഒരു ചെറിയ കുത്തിടുക. അതിനുശേഷം കണ്ണിന്റെ പകുതി ഭാഗത്ത് നിന്ന് ആ കുത്തിലേക്ക് ചെറിയ വരകൾ ഇട്ട് യോജിപ്പിക്കുക. ഇത് തെറ്റുകൾ വരാനുള്ള സാധ്യത 90% കുറയ്ക്കുന്നു. വടിവൊത്ത വിങ് ലഭിക്കാൻ ഈ രീതിയാണ് ഏറ്റവും സുരക്ഷിതം.
ബിസിനസ് കാർഡ് അല്ലെങ്കിൽ എടിഎം കാർഡ് ഹാക്ക്
സ്പൂൺ കയ്യിലില്ലെങ്കിൽ നിങ്ങളുടെ വാലറ്റിലെ ഒരു എടിഎം കാർഡോ അല്ലെങ്കിൽ വിസിറ്റിംഗ് കാർഡോ ഉപയോഗിക്കാം. കാർഡിന്റെ വശം കണ്ണിന്റെ അറ്റത്ത് ചരിച്ച് വെച്ച് അതിനോട് ചേർത്ത് വരയ്ക്കുക. ഇത് വളരെ സ്ട്രെയ്റ്റ് ആയതും വൃത്തിയുള്ളതുമായ വിങ് ലഭിക്കാൻ സഹായിക്കും. കാർഡിന്റെ ആംഗിൾ മാറ്റുന്നതിലൂടെ വിങ്ങിന്റെ വലിപ്പം നമുക്ക് നിയന്ത്രിക്കാനും സാധിക്കും.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
- താഴേക്ക് നോക്കുക: ഐലൈനർ വരയ്ക്കുമ്പോൾ കണ്ണാടിക്ക് നേരെ നോക്കുന്നതിനേക്കാൾ നല്ലത് കണ്ണാടി അല്പം താഴെ വെച്ച് നോക്കുന്നതാണ്. ഇത് നിങ്ങളുടെ കൺപോളകൾ കൂടുതൽ വ്യക്തമായി കാണാൻ സഹായിക്കും.
- മിസ്റ്റേക്ക് വന്നാൽ പതറരുത്: വര തെറ്റിയാൽ ഉടൻ മായ്ക്കണ്ട. ഒരു ഇയർ ബഡ്ഡിൽ അല്പം മോയ്സ്ചറൈസറോ കൺസീലറോ എടുത്ത് ആ ഭാഗം മാത്രം ഒന്ന് ക്ലീൻ ചെയ്താൽ മതി.
- കണ്ണ് വലിച്ചുപിടിക്കരുത്: കണ്ണ് വശങ്ങളിലേക്ക് വലിച്ചുപിടിച്ചു എഴുതുന്നത് ഒഴിവാക്കുക, കാരണം കൈ വിടുമ്പോൾ വിങ്ങിന്റെ ആകൃതി പാടെ മാറിപ്പോകാൻ ഇത് കാരണമാകും.
ഈ ക്രിസ്മസ് ആഘോഷങ്ങളിൽ ഈ രീതികൾ പരീക്ഷിച്ച് നിങ്ങളുടെ കണ്ണുകൾക്ക് കൂടുതൽ തിളക്കം നൽകൂ


