വന്ധ്യതാ പ്രശ്‌നങ്ങള്‍ ഏറിവരുന്ന കാലമാണിത്. വന്ധ്യതയ്‌ക്കും ഗര്‍ഭധാരണം നടക്കാതിരിക്കുന്നതിനും പല കാരണങ്ങളുണ്ട്. ജീവിതശൈലിയിലും ഭക്ഷണരീതിയിലും വന്ന മാറ്റങ്ങളാണ് സ്‌ത്രീകളിലും പുരുഷന്‍മാരിലും വന്ധ്യതാ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. ജനിതകം, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം, എന്‍ഡോമെട്രിയോസിസ് പോലെയുള്ള മെഡിക്കല്‍ അവസ്ഥകള്‍ മൂലമുള്ള വന്ധ്യതയും ഇക്കാലത്ത് കൂടുതലാണ്. ഇത് സാധാരണവും ഏവര്‍ക്കും അറിവുള്ളതുമാണ്. കടുപ്പമേറിയ ജോലികള്‍ ചെയ്യുന്ന സ്‌ത്രീകള്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത കുറഞ്ഞുവരുന്നതായി ഒക്കുപ്പേഷണല്‍ ആന്‍ഡ് എന്‍വിയോമെന്റല്‍ മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. എന്നാല്‍ ഇത് അധികംപേര്‍ക്കും അറിയില്ല. ഇവിടെയിതാ, ഗര്‍ഭധാരണം നടക്കാതിരിക്കുന്നതിന് അധികമാര്‍ക്കും അറിയാത്ത അപ്രതീക്ഷിതമായ ചില കാരണങ്ങള്‍ വിശദീകരിക്കുന്നു.
1, പങ്കാളികള്‍ക്ക് ഉയര്‍ന്ന ബിഎംഐ നിരക്ക്...
ബോഡി മാസ് ഇന്‍ഡക്‌സ് നിരക്ക് സ്‌ത്രീയിലും പുരുഷനിലും ക്രമാതീതമാണെങ്കില്‍, ഗര്‍ഭധാരണസാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 59 ശതമാനം കുറവായിരിക്കും. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് പ്രസിദ്ധീകരിച്ച ഹ്യൂമണ്‍ റിപ്രൊഡക്ഷന്‍ ജേര്‍ണല്‍ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ബിഎംഐ നിരക്ക് കൂടിയിരിക്കുകയെന്നാല്‍, അവര്‍ക്ക് പൊണ്ണത്തടിയും അമിതഭാരവും ഉണ്ടാകുമെന്ന് അര്‍ത്ഥം. ഇത് കുറച്ചാല്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിക്കും.
2, അമിതമായ മാനസികസമ്മര്‍ദ്ദം...
ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നവര്‍ പ്രത്യേകം ശ്രദ്ദിക്കേണ്ടതാണ് ഇക്കാര്യം. മാനസികസമ്മര്‍ദ്ദം അധികമായാല്‍ അത് ഗര്‍ഭധാരണസാധ്യതയെ സാരമായി ബാധിക്കും. മനുഷ്യരില്‍ സമ്മര്‍ദ്ദം അമിതമാക്കുന്ന ആല്‍ഫ-അമിലേസ് എന്ന രാസഘടകം ഉയര്‍ന്ന തോതില്‍ ഉള്ളവരില്‍, മറ്റുള്ളവരെ അപേക്ഷിച്ച് വന്ധ്യതാനിരക്ക് ഇരട്ടിയായിരിക്കും. യോഗ, ധ്യാനം, വ്യായാമം എന്നിവയിലൂടെ മാനസികസമ്മര്‍ദ്ദം കുറച്ചശേഷം ഗര്‍ഭധാരണത്തിന് ശ്രമിച്ചാല്‍, അത് വിജയം കാണുമെന്നും ഹ്യൂമണ്‍ റിപ്രൊഡക്ഷന്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
3, അമിത വ്യായാമം...
വ്യായാമം ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാല്‍ ജിമ്മില്‍ പോയി മണിക്കൂറുകളോളം കഠിനമായി വ്യായാമം ചെയ്യുന്നത് ഗര്‍ഭധാരണസാധ്യതയെ സാരമായി ബാധിക്കും. സാധാരണ ശരീരഭാരമുള്ള സ്‌ത്രീകള്‍, ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നുവെങ്കില്‍, ആഴ്‌ചയില്‍ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ വ്യായാമം ചെയ്യരുത്. അതേസമയം മിതമായ വ്യായാമം, ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
4, അമിതമായി ടിവി കാണുന്നത്...
പുരുഷന്‍മാരെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. മണിക്കൂറുകള്‍ തുടര്‍ച്ചയായി ടിവിക്ക് മുന്നില്‍ ചെലവഴിച്ചാല്‍ ബീജത്തിന്റെ ഗുണനിലവാരവും അളവും കുറയുമെന്ന് ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്‌പോര്‍ട്സ് മെഡിസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ആഴ്‌ചയില്‍ 20 മണിക്കൂറില്‍ കൂടുതല്‍ ടിവി കാണുന്ന പുരുഷന്‍മാരില്‍ ബീജത്തിന്റെ ഗുണനിലവാരം, ഒട്ടും ടിവി കാണാത്തവരെ അപേക്ഷിച്ച് 44 ശതമാനംവരെ കുറവായിരിക്കും. അതേസമയം ആഴ്‌ചയില്‍ 15 മണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്ന പുരുഷന്‍മാരില്‍ ബീജത്തിന്റെ ഗുണനിലവാരം 73 ശതമാനം ഉയര്‍ന്നിരിക്കും. ഇതിന് അര്‍ത്ഥം മടിപിടിച്ച് ഒരിടത്ത് തുടര്‍ച്ചയായി ഇരിക്കുന്നത് ബീജ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ്.
