നമ്മുടെ നാട്ടില്‍ സാധാരണഗതിയില്‍ പ്ലസ് ടു പരീക്ഷ എഴുതുന്ന ഒരാള്‍ക്ക് 17-18 വയസ് പ്രായമുണ്ടായിരിക്കും. അഞ്ചാമത്തെ വയസില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന ഒരാള്‍ക്ക് പതിനേഴാമത്തെ വയസിലേ പ്ലസ് ടു പരീക്ഷ എഴുതാനാകൂ എന്ന് സാരം. എന്നാല്‍ ഒരു കുട്ടി, അതും പതിനൊന്ന് വയസുള്ള ഒരു ആണ്‍കുട്ടി പ്ലസ് ടു പരീക്ഷ എഴുതാന്‍ പോകുന്നു. തെലങ്കാന സ്വദേശിയായ അഗസ്‌ത്യ ജെയ്‌സ്വാളാണ് പ്ലസ് ടു പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്നത്. അതീവ ബുദ്ധിമാനായ അഗസ്‌ത്യ എട്ടുവയസുള്ളപ്പോള്‍, സ്‌കൂള്‍ പരീക്ഷ പാസായി. രണ്ടു വയസുള്ളപ്പോള്‍ 300 ചോദ്യങ്ങള്‍ക്കും, ആറു വയസുള്ളപ്പോള്‍ 3000 ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞതോടെയാണ് അഗസ്ത്യ മാധ്യമശ്രദ്ധയിലേക്ക് വരുന്നത്. എട്ടാം വയസില്‍ അഗസ്‌ത്യ പത്താം ക്ലാസ് പരീക്ഷ പാസാകുക കൂടി ചെയ്‌തതോടെ നാട്ടില്‍ സൂപ്പര്‍നായക പരിവേഷമാണ് ലഭിച്ചത്. കാണാതെ പഠിക്കുന്നതിന് പകരം കാര്യങ്ങള്‍ മനസിലാക്കി പഠിക്കുന്നതാണ് തന്റെ രീതിയെന്ന് അഗസ്‌ത്യ പറയുന്നു. സ്ഥിരമായി സ്‌കൂളില്‍ പോയി പഠിക്കുന്ന ശീലമൊന്നും അഗസ്‌ത്യയ്‌ക്കില്ല. എന്നാല്‍ എല്ലാ ദിവസവും അഗസ്‌ത്യയെ അച്ഛനമമ്മാര്‍ പഠിപ്പിക്കും. ആ പാഠഭാഗങ്ങളാണ് വലിയ വിജയങ്ങള്‍ നേടാന്‍ സഹായിക്കുന്നതെന്നാണ് അഗസ്‌ത്യ പറയുന്നത്. അഗസ്‌ത്യയ്‌ക്ക് പ്രവേശനം നല്‍കാന്‍ തയ്യാറായി കോളേജുകള്‍ രംഗത്തെത്തിയെങ്കിലും അച്ഛനുമമ്മയും പറഞ്ഞു തരുന്നത് പഠിക്കാനാണ് അഗസ്‌ത്യയ്‌ക്ക് ഇഷ്‌ടം. ഐഎഎസ് എടുക്കണമെന്നതാണ് അഗസ്‌ത്യയുടെ ജീവിതാഭിലാഷം.