ഡിയോഡറിന്‍റിന് അമ്മയുടെ മണം. അമ്മ വീട്ടിലില്ലാത്ത സമയത്ത് ഡിയോഡറന്‍റ് അമിതമായി ശ്വസിച്ച പതിമൂന്നുകാരന് ദാരുണാന്ത്യം. ഇംഗ്ലണ്ടിലെ നോര്‍ഫോല്‍ക്ക് ഏരിയയിലെ ജാക് വാപിള്‍ എന്ന പതിമൂന്നുകാരനാണ് അമിതമായി ഡിയോഡറന്‍റ് ശ്വസിച്ച് ഹൃദയസ്തംഭനം മൂലം മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമിതമായി ഏതോ വാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാകുകയായിരുന്നു. 

ജാക്കിന് ജീവിതത്തില്‍ എല്ലാം അമ്മ സൂസന്‍ വാപിളായിരുന്നു. അമ്മയെ പിരിഞ്ഞ് കുറച്ച് സമയം ഇരിക്കുന്നത് പോലും ജാക്കിനെ ഏറെ അസ്വസ്ഥനാക്കി. എന്നാല്‍ എപ്പോഴും അമ്മയ്ക്ക് ഒപ്പം നില്‍ക്കാന്‍ ജാക്കിന് സാധിച്ചിരുന്നില്ല. പക്ഷേ അതിന് അവന്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു അമ്മ എപ്പോഴും ഉപയോഗിക്കുന്ന അവരുടെ മണമുള്ള ഡിയോഡറന്‍റ് ഉപയോഗിക്കുകയെന്നത്. 

അമ്മ സൂസന്‍ പുറത്തുപോകുമ്പോള്‍ ജാക്ക് അമ്മ ഒപ്പമുണ്ടെന്ന തോന്നലിനായി സ്ഥിരമായി ഈ ഡിയോഡറന്‍റ് റൂമില്‍ സ്പ്രേ ചെയ്യുകയോ മണക്കുകയോ ചെയ്യും. ഡിയോഡറന്‍റ്  വേഗം തീര്‍ന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട സൂസന്‍ ഇക്കാര്യത്തെക്കുറിച്ച് നേരത്തെ മകനോട് സംസാരിച്ചിരുന്നു. അപ്പോഴാണ് ജാക്കിന്‍റെ പ്രത്യേകതരം മാനസിക പ്രശ്നത്തെക്കുറിച്ച് മനസിലാക്കിയത്. എന്നാല്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നും ആരോഗ്യത്തിന് അത് മോശമാണെന്നും നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കുട്ടി ഇത് തുടരുകയായിരുന്നുവെന്നാണ് വിവരം.