സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ 33 വെന്‍റിലേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ല. തകരാറിലായവ നന്നാക്കാനും അടിയന്തര ഇടപെടലുകളില്ല. വെന്‍റിലേറ്റര്‍ സൗകര്യമില്ലാതെ പല ആശുപത്രികള്‍ കയറിയിറങ്ങി ഒടുവില്‍ ജീവന്‍ നഷ്‌ടമായ മുരുകന്റെ അനുഭവത്തെത്തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലേക്ക് .

വെന്റിലേറ്ററില്ലെന്ന കാരണത്താല്‍ മുരുകനെ മടക്കിയ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോര്‍ട്ടബിള്‍ വെന്‍റിലേറ്റര്‍ പോലും ഇല്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇവിടെ ഒന്‍പത് പോര്‍ട്ടബിള്‍ വെന്‍റിലേറ്ററുകളുണ്ട്. ഇതില്‍ രണ്ടെണ്ണം പ്രവര്‍ത്തിക്കുന്നുമുണ്ട്. ട്രാന്‍സ്‌പ്ലാന്റ് ഐ.സി.യുവിലും പൊള്ളല്‍ രോഗ വിഭാഗത്തിലുമുള്ള ഈ വെന്റിലേറ്ററുകള്‍ അണുബാധ ഭീഷണി ഉള്ളതിനാല്‍ ഉപയോഗിച്ചില്ലെന്നതാണ് വസ്തുത. ആശുപത്രിയില്‍ ആകെയുള്ള 71 വെന്റിലേറ്ററുകളില്‍ 16 എണ്ണവും പ്രവര്‍ത്തിക്കുന്നില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആകെയുള്ള 55 വെന്‍റിലേറ്ററുകളില്‍ മൂന്നെണ്ണം കേടായിട്ട് മാസങ്ങളായി. അടിയന്തര സ്ഥിതിയില്‍ രോഗികളെത്തിയാല്‍ കൈലമര്‍ത്തുക മാത്രമേ ഇവിടെ നിവൃത്തിയുള്ളു. കോട്ടയം മെഡിക്കല്‍ കോളജിലുള്ള 34 വെന്‍റിലേറ്ററുകളില്‍ നാലെണ്ണം തകരാറിലാണ്. തൃശൂരിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ 30വെന്റിലേറ്ററുകളില്‍ അഞ്ചെണ്ണം പ്രവര്‍ത്തിക്കുന്നില്ല. കേടായ അഞ്ചും ശസ്‌ത്രക്രിയാ വിഭാഗത്തിലേത്. 15 വെന്റിലേറ്ററുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണിക്കുള്ള കരാര്‍ കാലാവധി തീര്‍ന്നു. അതായത് ഇവ കേടായാല്‍ ഉടന്‍ മാറ്റില്ലെന്നുറപ്പ്. 

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 37വെന്‍റിലേറ്ററുകളില്‍ അഞ്ചെണ്ണം പ്രവര്‍ത്തിക്കുന്നില്ല. കേടായ വെന്‍റിലേറ്ററുകള്‍ നന്നാക്കിയെടുക്കാന്‍ വലിയ കടമ്പകള്‍ ഉണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. അത്യാസന്നനിലയിലുള്ള രോഗിയുമായി നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളിലെത്തിയാല്‍ ജീവന്‍ രക്ഷിക്കാനാകുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്.