വിവാഹം എന്നത് ഏതൊരു പെണ്‍കുട്ടിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തമാണ്. അതുകൊണ്ടുതന്നെ, ഈ ദിവസത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പ് പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം ആകുലതകളും സമ്മര്‍ദ്ദവും നിറഞ്ഞതായിരിക്കും. അതുകൊണ്ടുതന്നെ വിവാഹത്തിന്റെ തയ്യാറെടുപ്പിനായി, നല്ലതെന്ന് കരുതി ചെയ്യുന്ന പല കാര്യങ്ങളും അബദ്ധമായിരിക്കും. ഇത്തരത്തില്‍ വിവാഹിതരാകാന്‍ പോകുന്ന പെണ്‍കുട്ടികള്‍ ചെയ്‌തുകൂട്ടുന്ന 5 അബദ്ധങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

1, എടുത്തുചാടിയുള്ള ഭക്ഷണനിയന്ത്രണങ്ങള്‍...

ശരീരഭാരവും വണ്ണവും കുറവുള്ള പെണ്‍കുട്ടികള്‍, വിവാഹം നിശ്ചയിക്കുന്നതോടെ ഭാരവും വണ്ണവും കൂട്ടാനുള്ള ശ്രമം നടത്തും. ഇതിനായി ഭക്ഷണം വാരിവലിച്ചു കഴിക്കും. അമിതഭാരവും വണ്ണവും ഉള്ളവര്‍, ഒന്നോ രണ്ടോ നേരത്തെ ഭക്ഷണം ഒഴിവാക്കും. എന്നാല്‍ കുറച്ചുകാലത്തേക്കുള്ള ഈ ഭക്ഷണനിയന്ത്രണങ്ങള്‍ ഉദ്ദേശിച്ച ഫലം തരില്ലെന്ന് മാത്രമല്ല, വിപരീതഫലം ഉണ്ടാക്കുകയും ചെയ്യും.

2, ജിം പരീക്ഷണങ്ങള്‍...

വിവാഹത്തിന് മുമ്പ് ആരോഗ്യസംരക്ഷണത്തിനായി അബദ്ധങ്ങള്‍ ചെയ്‌തുകൂട്ടുന്ന പെണ്‍കുട്ടികളുണ്ട്. പേശീബലം വര്‍ദ്ധിപ്പിക്കുന്നതിനായി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൂടുതല്‍ സമയം ജിമ്മില്‍ ചെലവിടുന്നു. ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ വ്യായാമം ചെയ്യുന്നതിന് പകരമാണ് ഈ പരാക്രമം. ഇത് പേശികള്‍ക്ക് ക്ഷതമേല്‍ക്കാന്‍ കാരണമായിത്തീരുമെന്ന് ഇവര്‍ അറിയുന്നില്ല.

3, അബദ്ധജടിലമായ സൗന്ദര്യപരീക്ഷണങ്ങള്‍...

വിവാഹം നിശ്ചയിക്കുന്നതോടെ, ചിലര്‍ക്ക് വേണ്ടത്ര നിറം പോരെന്നും, ആവശ്യത്തിന് മുടിയില്ലെന്നുമുള്ള ആകുലത ഉടലെടുക്കും. ഇതിനായി ത്വക്ക്‌രോഗ വിദഗ്ദ്ധരെ കാണുകയും, ആവശ്യമില്ലാത്ത മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യും. ചിലര്‍ വിപണിയില്‍ ലഭ്യമാകുന്ന സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ വാരി ഉപയോഗിക്കുകയും ചെയ്യും. ഇതൊക്കെ വിപരീതഫലം ഉണ്ടാക്കുമെന്ന് അറിയാതെയാണ് ഇവരിത് ചെയ്യുന്നത്.

4, വ്യായാമം മുടക്കില്ല, പക്ഷെ ഭക്ഷണം ഒഴിവാക്കും...

വണ്ണം കുറയ്‌ക്കുന്നതിനുവേണ്ടി ചിലര്‍ ചെയ്യുന്ന അബദ്ധമാണിത്. കാര്യമായി വ്യായാമം ചെയ്യുകയും, ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യും. ഇത് ആരോഗ്യമല്ല, അനാരോഗ്യമായിരിക്കും ക്ഷണിച്ചുവരുത്തുക.

5, അനാവശ്യ സമ്മര്‍ദ്ദം-

വിവാഹസമയത്ത് ഏവരുടെയും കണ്ണുകള്‍ വധുവരന്‍മാരുടെ മേല്‍ ആയിരിക്കും. അതുകൊണ്ടുതന്നെ ആ മുഹൂര്‍ത്തത്തെ പലരും ആശങ്കയോടെയാണ് കാത്തിരിക്കുക. എന്നാല്‍ ഈ സമ്മര്‍ദ്ദം, നിങ്ങളുടെ സൗന്ദര്യത്തെതന്നെ ബാധിക്കുക. മാനസികസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതോടെ, ചര്‍മ്മത്തിന്റെ തിളക്കവും ദൃഢതയും നഷ്‌ടമാകുമെന്ന കാര്യം മറക്കരുത്...