മനുഷ്യ പ്രത്യുല്‍പാദനത്തില്‍ പുരുഷന്റെ ഭാഗധേയമാണ് ഇംഗ്ലീഷില്‍ sperm എന്നറിയപ്പെടുന്ന ബീജം. സ്‌പേര്‍മ എന്ന ഗ്രീക്ക് വാക്കില്‍നിന്നാണ് സ്‌പേം ഇന്ന ഇംഗ്ലീഷ് വാക്ക് ഉരുത്തിരിഞ്ഞത്. ബീജവും അണ്ഡവുമായി ചേര്‍ന്ന് ഭ്രൂണം ഉണ്ടാകുമെന്ന് ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിച്ചതാണല്ലോ. ഈ ഭ്രൂണമാണ് പിന്നീട് ഗര്‍ഭസ്ഥശിശുവായി മാറുന്നത്. ബീജത്തെക്കുറിച്ച് രസകരമായ ഒട്ടേറെ വിവരങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട ആറു കാര്യങ്ങളാണ് ഇവിടെ കൊടുക്കുന്നത്.

1, ബീജത്തിന്റെ ഘടന

ശിരോഭാഗം, മധ്യഭാഗം, വാല്‍ ഭാഗം എന്നിങ്ങനെ ബീജകോശത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്. രണ്ട് തലകള്‍, ചെറിയ തല, വളരെ വലിയ തല, വളഞ്ഞ കഴുത്ത്, കനം കുറഞ്ഞ മധ്യഭാഗം, ഒന്നിലധികം വാലുകള്‍ അല്ലെങ്കില്‍ വളഞ്ഞതോ മുറിഞ്ഞതോ ചുരുണ്ടതോ ആയ വാല് എന്നീ അസ്വാഭാവികതകള്‍ ഉണ്ടെങ്കില്‍ അത്തരം ബീജങ്ങള്‍ക്ക് തകരാറുകള്‍ ഉള്ളതായി കണക്കാക്കുന്നു.

2, ബീജത്തിന്റെ വലിപ്പം

മനുഷ്യ ബീജത്തിന്റെ തല മുതല്‍ വാല് വരെ ഏകദേശം 50 മൈക്രോമീറ്റര്‍ നീളമുണ്ടായിരിക്കും (0.05 മില്ലീമീറ്റര്‍ അല്ലെങ്കില്‍ ഏകദേശം 0.002 ഇഞ്ച്).

3, ബീജാവിര്‍ഭാവം

വൃഷണങ്ങളിലാണ് ബീജങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. മണിക്കൂറുകള്‍ മാത്രമാണ് ബീജത്തിന്റെ ആയുസ്. ഇതുകൊണ്ടുതന്നെ ഇത് ഇടവേളകളില്‍ പുനഃസ്ഥാപിക്കപ്പെടുന്നു. ഈ അവസ്ഥയെ നേരിടാന്‍ ഓരോ സെക്കന്റിലും 1,500 ബീജങ്ങള്‍ എന്ന കണക്കിലാണ് ഉത്പാദനം നടക്കുന്നത്!

4, ബീജങ്ങളുടെ വളര്‍ച്ചയെത്തല്‍

വൃഷണങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പുതിയ ബീജങ്ങള്‍ വളര്‍ച്ച പൂര്‍ത്തിയാക്കാന്‍ 2.5 മുതല്‍ മൂന്ന് മാസം വരെ സമയമെടുക്കും. എപിഡിഡൈമിസിനുള്ളില്‍ (വൃഷണങ്ങളുടെ മുകള്‍ ഭാഗത്ത് കാണുന്ന നീളമുള്ള ചുരുണ്ടുകിടക്കുന്ന കുഴല്‍) വച്ചായിരിക്കും ബീജങ്ങള്‍ പ്രാരംഭഘട്ട വളര്‍ച്ച പൂര്‍ത്തിയാക്കുന്നത്.

5, നീന്തല്‍ വിദഗ്ദ്ധര്‍!

അണ്ഡവുമായി സംയോജനം നടത്തുന്നതിന്, ബീജങ്ങള്‍ക്ക് ഗര്‍ഭാശയമുഖത്തു നിന്ന് ഗര്‍ഭാശയത്തിലൂടെ കടന്ന് അണ്ഡവാഹിനി കുഴലുകളിലേക്ക് (ഫലോപ്പിയന്‍ ട്യൂബ്) എത്തിച്ചേരേണ്ടതുണ്ട്. ഇതിനായി, ആറ് മുതല്‍ എട്ട് ഇഞ്ച് വരെ ദൂരം സഞ്ചരിക്കേണ്ടിവരും. വേഗത കൂടിയ ബീജങ്ങള്‍ മിനിറ്റില്‍ 45 മില്ലീമീറ്റര്‍ വേഗതയിലായിരിക്കും നീന്തുന്നത്. അതായത്, അണ്ഡവുമായുള്ള സംയോജനത്തിന് വേഗത കൂടിയ ബീജങ്ങള്‍ക്ക് ഏകദേശം 45 മിനിറ്റും വേഗത കുറഞ്ഞവയ്ക്ക് ഏകദേശം 12 മണിക്കൂറും സഞ്ചരിക്കേണ്ടിവരും.

6, ആണാണോ പെണ്ണാണോ?

ബീജങ്ങള്‍ 'എക്‌സ്' ക്രോമസോം അല്ലെങ്കില്‍ 'വൈ' ക്രോമസോം വഹിക്കുന്നവയായിരിക്കും. 'എക്‌സ്' ക്രോമസോം വഹിക്കുന്ന ബീജമാണ് അണ്ഡവുമായി സംയോജിക്കുന്നതെങ്കില്‍ പെണ്‍കുട്ടിയും മറിച്ചാണെങ്കില്‍ ആണ്‍കുട്ടിയും ഉണ്ടാകും. അതേസമയം, രണ്ട് തരം ക്രോമസോമുകള്‍ വഹിക്കുന്ന ബീജങ്ങള്‍ക്കും അണ്ഡവുമായി ചേരുന്നതിന് തുല്യ സാധ്യതയാണുള്ളത്.

കടപ്പാട്- മോഡസ്റ്റാ