സ്‌കൂള്‍ പഠനകാലത്തെ ബയോളജി ക്ലാസിലേക്ക് ഓര്‍മ്മകള്‍ക്കൊപ്പം ഒരു യാത്ര പോകാം. സ്‌ത്രീകളില്‍ അണ്ഡാശയം ഉല്‍പാദിപ്പിക്കുന്ന രണ്ടു ഹോര്‍മോണുകളാണ് ഈസ്‌ട്രജനും പ്രൊജസ്റ്ററോണും. അതുപോലെ തന്നെ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണും, ചെറിയതോതില്‍ സ്‌ത്രീകളില്‍ കണ്ടുവരുന്നുണ്ട്. പുരുഷന്‍മാരെ അപേക്ഷിച്ച് സ്‌ത്രീകളില്‍ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് വളരെ കുറവായിരിക്കും. ഇനി സ്‌കൂള്‍ ക്ലാസില്‍നിന്ന് പുറത്തുവരാം, കാര്യത്തിലേക്ക് കടക്കാം. സ്‌ത്രീകളില്‍ പുരുഷ ഹോര്‍മോണിന്റെ അളവ് കൂടുമ്പോഴുള്ള പ്രശ്‌നങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം...
1, വിട്ടുമാറാത്ത മുഖക്കുരു...
എന്തൊക്കെ ചെയ്താലും മുഖക്കുരു മാറുന്നില്ലെന്ന പരാതിയുമായി ചില സ്‌ത്രീകള്‍ ചര്‍മ്മരോഗ വിദഗ്ദ്ധനെ കാണാനെത്തും. ഇതിന്റെ പ്രധാന കാരണം അവരുടെ ശരീരത്തിലുള്ള പുരുഷ ഹോര്‍മോണിന്റെ അളവ് കൂടിയിരിക്കുന്നതാണ്.
2, മുഖത്തും നെഞ്ചിലും അമിത രോമവളര്‍ച്ച...
ചില സ്‌ത്രീകളില്‍ മുഖത്ത് അമിതമായ രോമവളര്‍ച്ച കാണാറുണ്ട്. പ്രധാനപ്പെട്ട ചര്‍മ്മപ്രശ്‌നമായി ഇത് കാണപ്പെടുന്നുണ്ട്. ഇതിന്റെ കാരണം തിരക്കി മറ്റെങ്ങും പോകണ്ട. ഹോര്‍മോണ്‍ നിലയിലുള്ള വ്യതിയാനമാണ് ഇവിടെ വില്ലനാകുന്നത്. പുരുഷഹോര്‍മോണിന്റെ അളവ് കൂടുന്നതുകൊണ്ടാണ് രോമവളര്‍ച്ച അധികമാകുന്നത്. ചില സ്‌ത്രീകളില്‍ ഇത് പോളിസിസ്റ്റിക് ഓവറി ഡിസോര്‍ഡര്‍ എന്ന അസുഖത്തിന്റെ ഭാഗമായും കാണാറുണ്ട്.
3, അമിതമായ മുടികൊഴിച്ചില്‍...
ചില സ്‌ത്രീകളില്‍ അമിതമായ മുടികൊഴിച്ചില്‍ കാണപ്പെടാറുണ്ട്. പലതരം എണ്ണകളും മറ്റും പരീക്ഷിച്ചാലും മുടികൊഴിച്ചിലിന് ഒരു ശമനവും കിട്ടാറില്ല. ഇതിന് കാരണം ശരീരത്തിലെ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂടിയിരിക്കുന്നതാണ്.
4, പെട്ടെന്ന് ഭാരംകൂടുന്നത്...
ചില സ്‌ത്രീകളില്‍ അമിതമായി ഭക്ഷണം കഴിക്കാതെ തന്നെ ശരീരഭാരം അനിയന്ത്രിതമായി കൂടുന്നത് കാണാം. ഇത്തരക്കാരിലും വില്ലനാകുന്നത് ടെസ്റ്റോസ്റ്റീറോണിന്റെ അളവ് തന്നെയാണ്. ഹോര്‍മോണ്‍ വ്യതിയാനം ശരീരഭാരം കൂടുകയോ കുറയ്‌ക്കുകയോ ചെയ്യും.
5, ലൈംഗികതാല്‍പര്യം ഇല്ലായ്മ...
ചില സ്‌ത്രീകള്‍ക്ക് സെക്‌സിനോട് പൊതുവെ താല്‍പര്യം കുറവായിരിക്കും. ഇതിന് പിന്നിലെ കാരണവും ഹോര്‍മോണ്‍ നിലയിലെ വ്യതിയാനമാണ്. ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂടിയിരുന്നാല്‍ സ്‌ത്രീകളില്‍ ലൈംഗിക താല്‍പര്യം കുറവായിരിക്കും.
6, പോളിസിസ്റ്റിക് ഓവറി ഡിസോര്‍ഡര്‍...
സ്‌ത്രീകളില്‍ കാണപ്പെടുന്ന ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമാണിത്. സ്‌ത്രീകളിലെ വന്ധ്യതയുടെ പ്രധാന കാരണമായ പോളിസിസ്റ്റിക് ഓവറി ഡിസോര്‍ഡറിന് കാരണവും അവരുടെ ശരീരത്തിലെ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂടിയിരിക്കുന്നതാണ്.
