കാളയുടെ ലിംഗം കൊണ്ടുണ്ടാക്കിയ 'ബുള്‍സ് പെനിസ്' ആണ് സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ച മറ്റൊരു വിഭവം. പെറുവില്‍ നിന്നുള്ള എലിയെ നിര്‍ത്തിപ്പൊരിച്ചതും, ആമയുടെയും വാവലിന്റെയും സൂപ്പും ആടിന്റെ തലച്ചോറ് കൊണ്ടുണ്ടാക്കിയ സ്റ്റ്യൂവുമൊക്കെ ധാരാളം പേരാണ് രുചിച്ചത്

തിളച്ച എണ്ണയില്‍ പുളയ്ക്കുന്ന പുല്‍ച്ചാടികളെയിട്ട് വറുത്തുകോരിയത്, തീരെ പൊടിക്കുഞ്ഞന്മാരായ എലികളെയിട്ട് വാറ്റിവച്ചിരിക്കുന്ന വൈന്‍, ചീഞ്ഞ സ്രാവില്‍ ചീസ് ചേര്‍ത്ത് അതിലല്‍പം 'ക്രീമി' പുഴുക്കള്‍ വിതറിയിട്ടത്... കേള്‍ക്കുമ്പോള്‍ ഓക്കാനം വരുന്നുണ്ടോ?

ഓക്കാനിച്ചാലും കുഴപ്പമില്ലെന്ന് പറഞ്ഞ്, അതിനൊരു സഞ്ചിയും കയ്യില്‍ തന്നാണ് ഇതെല്ലാം കാണാനും രുചിക്കാനുമായി 'ഡിസ്ഗസ്റ്റിംഗ് ഫുഡ് മ്യൂസിയ'ത്തിലേക്ക് സന്ദര്‍ശകരെ കയറ്റിവിടുന്നത്. പേര് പോലെ തന്നെ അറപ്പുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു മ്യൂസിയമാണിത്. 

സ്വീഡനിലെ മാല്‍മോ എന്ന നഗരത്തിലാണ് മൂന്ന് മാസത്തെ പ്രദര്‍ശനത്തിനായി മ്യൂസിയമൊരുക്കിയിരിക്കുന്നത്. നിരവധി സന്ദര്‍ശകരാണ് ഉദ്ഘാടന ദിവസം മുതല്‍ ഇവിടെ വന്നുകൊണ്ടിരിക്കുന്നത്. 

'നമ്മള്‍ എങ്ങനെയാണ് വളര്‍ന്നത് എന്നത് അനുസരിച്ചിരിക്കും ഇത്തരം ഭക്ഷണങ്ങളോടുള്ള സമീപനവും. ഇതൊരു അവസരമല്ലേ, നമ്മള്‍ കഴിക്കുന്ന ഭക്ഷണം മാത്രമല്ല ഭക്ഷണം. മറ്റുള്ള നാടുകളില്‍ അവര്‍ കഴിക്കുന്നതും ഭക്ഷണം തന്നെയാണ്. അതൊക്കെ മനസ്സിലാക്കാമല്ലോ'- മ്യൂസിയം ഡയറക്ടര്‍ ആന്‍ഡ്രിയാസ് ഏറെന്‍സ് പറയുന്നു. 

സാമുവല്‍ വെസ്റ്റ് എന്നയാളാണ് 'ഡിസ്ഗസ്റ്റിംഗ് ഫുഡ് മ്യൂസിയം' എന്ന ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഇതുവരെ ആരും കാണാത്ത തരത്തിലുള്ള ഒരു മ്യൂസിയമൊരുക്കണമെന്ന ആഗ്രഹത്തില്‍ നിന്നാണ് സാമുവല്‍ ഈ ആശത്തിലേക്ക് എത്തിച്ചേര്‍ന്നതെന്ന് ആന്‍ഡ്രിയാസ് സാക്ഷ്യപ്പെടുത്തുന്നു. 

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വിവിധ തരം ഭക്ഷണങ്ങളാണ് മ്യൂസിയത്തിലുള്ളത്. നമുക്ക് പരിചിതമായ കൊഞ്ച് കറി മുതല്‍ മുയലിന്റെ തല കൊണ്ടുള്ള വിഭവം വരെയുണ്ട്. രാജവെമ്പാലയുടെ തുടിക്കുന്ന ഹൃദയമുള്‍പ്പെടെ ചില വിഭവങ്ങള്‍ വീഡിയോ സ്‌ക്രീനിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിയറ്റ്‌നാമുകാരുടെ ഭക്ഷണത്തില്‍ പെട്ടതാണ് പാമ്പിന്‍ ഹൃദയം. ചൂടുചോരയ്‌ക്കൊപ്പമാണത്രേ പാമ്പിന്‍ഹൃദയം അവിടെ വിളമ്പാറ്. 

കാളയുടെ ലിംഗം കൊണ്ടുണ്ടാക്കിയ 'ബുള്‍സ് പെനിസ്' ആണ് സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ച മറ്റൊരു വിഭവം. പെറുവില്‍ നിന്നുള്ള എലിയെ നിര്‍ത്തിപ്പൊരിച്ചതും, ആമയുടെയും വാവലിന്റെയും സൂപ്പും ആടിന്റെ തലച്ചോറ് കൊണ്ടുണ്ടാക്കിയ സ്റ്റ്യൂവുമൊക്കെ ധാരാളം പേരാണ് രുചിച്ചത്. ചില ഭക്ഷണം കാണാന്‍ മാത്രമേ സന്ദര്‍ശകര്‍ ധൈര്യപ്പെടുന്നുള്ളൂ. എങ്കിലും ഏതെങ്കിലും ഒരു വിഭവമെങ്കിലും രുചിക്കാതെ ആരെയും വിടാന്‍ ഒരുക്കല്ലെന്നാണ് മ്യൂസിയം ജീവനക്കാര്‍ പറയുന്നത്. 

ജനുവരി 27 വരെ സ്വീഡനിലെ പ്രദര്‍ശനം തുടരാനാണ് ഇവരുടെ തീരുമാനം. ഇതിന് ശേഷം യൂറോപ്പിലും ലോകത്തിന്റെ പല ഭാഗങ്ങളിലുമായി പ്രദര്‍ശനമൊരുക്കാനാണ് തുടർന്നുള്ള പദ്ധതി.