ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ പരിശോധന കുറ്റകരമാണ്. ഈ മുന്നറിയിപ്പ് മിക്ക ആശുപത്രികളിലും സ്കാനിംഗ് സെന്ററുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ അവഗണിച്ചും, ഗര്‍ഭസ്ഥശിശുവിന്റെ ലിംഗപരിശോധന രഹസ്യമായി നടത്തുന്നവരുണ്ട്. ഇവിടെയിതാ, അമ്മയുടെ രക്തസമ്മര്‍ദ്ദ പരിശോധനയിലൂടെ കുഞ്ഞ് ആണാണോ പെണ്ണാണോയെന്ന് അറിയാനാകുമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. ഗര്‍ഭം ധരിക്കുന്നതിന് തൊട്ടുമുമ്പ് നടത്തുന്ന രക്തസമ്മര്‍ദ്ദ പരിശോധനയിലൂടെ ഇക്കാര്യം അറിയാനാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. രക്തസമ്മര്‍ദ്ദം കൂടുതലാണെങ്കില്‍ ജനിക്കാന്പോകുന്നത് ആണ്കുട്ടിയാരിക്കുമത്രെ. കുറവാണെങ്കില്‍ പെണ്‍കുഞ്ഞ് ആയിരിക്കും. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ഹൈപ്പര്‍ടെന്‍ഷനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിന്റെ പിന്നില്‍ ഒരു ഇന്ത്യന്‍ വംശജ ഉള്‍പ്പെട്ട സംഘമാണ്. ടൊറന്റോയിലെ മൗണ്ട് സിനൈ ആശുപത്രിയിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. ചൈനയിലെ ലിയാംഗ് പ്രവിശ്യയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകളിലാണ് പഠനം നടത്തിയത്. ഗര്‍ഭം ധരിക്കുന്നതിന് മുമ്പ്, ഇവരുടെ രക്തസമ്മര്‍ദ്ദം രേഖപ്പെടുത്തിയാണ് പഠനത്തിന് തുടക്കമിട്ടത്. തുടര്‍ന്ന്, ഇവരുടെ പ്രായം, കൊളസ്ട്രോള്‍ എന്നിവയും വിശകലനം ചെയ്താണ് പഠനം നടത്തിയത്. പഠനത്തിന് വിധേയരായ 1411 അമ്മമാരില്‍ 739 പേര് ആണ്‍കുഞ്ഞുങ്ങളെയും 672 പേര് പെണ്‍കുഞ്ഞുങ്ങളെയും പ്രസവിച്ചു. പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ച അമ്മമാരുടെ ഗര്‍ഭധാരണത്തിന് മുമ്പുള്ള രക്തസമ്മര്‍ദ്ദം ശരാശരി 103 ആയിരുന്നുവെങ്കില്‍, ആണ്‍കുഞ്ഞുങ്ങളെ പ്രസവിച്ച അമ്മമാരുടെ രക്തസമ്മര്‍ദ്ദം ശരാശരി 106 ആയിരുന്നു.
ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ പുതിയ വഴി!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
Latest Videos
