ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ചൈന. എല്ലാ രംഗങ്ങളിലും മുന്നിട്ടുനില്‍ക്കുന്ന ചൈനയുടെ ഏറ്റവും വലിയ കരുത്ത് ഈ മാനുഷികവിഭവശേഷിയാണ്. സൈനികശേഷിയില്‍ ഉള്‍പ്പടെ ഇത് കാണാനാകും. എന്നാല്‍ അടുത്തിടെ പുറത്തുവന്ന പഠനറിപ്പോര്‍ട്ട് അനുസരിച്ച് ചൈനയിലെ മൂന്നിലൊന്ന് പൗരന്‍മാരും ഒരു ആരോഗ്യപ്രശ്‌നം നേരിടുന്നു. രക്തസമ്മര്‍ദ്ദമാണ് ചൈനക്കാര്‍ നേരിടുന്ന ആരോഗ്യപ്രശ്‌നം. അതുകൊണ്ടുതന്നെ ചൈനക്കാരില്‍ ഹൃദ്രോഗം, മസ്‌തിഷ്‌ക്കാഘാതം എന്നിവയും കൂടുതലായി കണ്ടുവരുന്നു. മൂന്നിലൊന്ന് ചൈനക്കാരിലും രക്തസമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞുവല്ലോ. എന്നാല്‍ സാങ്കേതികവിദ്യയിലും വൈദ്യശാസ്‌ത്രമേഖലയിലും വലിയ പുരോഗതി കൈവരിച്ചുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, രക്താതിമര്‍ദ്ദമുള്ള 20ല്‍ ഒരാള്‍ക്ക് മാത്രമെ അത് നിയന്ത്രിക്കാനാകുന്നുള്ളുവെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. ചൈനയില്‍ ഏറ്റവുമധികം പേര്‍ മരിക്കുന്നത്, സ്ട്രോക്ക് മൂലമാണ്. പ്രതിവര്‍ഷം അഞ്ചിലൊരാള്‍ അവിടെ സ്‌ട്രോക്ക് മൂലം മരിക്കുന്നു. ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതുകൂടാതെ രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നിന് ചൈനയില്‍ കടുത്ത ക്ഷാമം നേരിടുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ചൈനയിലെ ജനങ്ങളില്‍ ഭൂരിഭാഗവും പ്രായമേറി വരുന്നവരാണ്. ഇതുകൂടാതെ, നഗരവല്‍ക്കരണം, ഭക്ഷണശീലത്തിലുണ്ടായ മാറ്റം, പൊണ്ണത്തടി എന്നിവയും രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമായി.