മദ്യപാനം ക്യാന്‍സറിന് കാരണമാകുമോ എന്നതുസംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. മദ്യപാനം ക്യാന്‍സറിന് കാരണമാകുമെന്നു തന്നെയാണ് ഭൂരിഭാഗം പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഇപ്പോഴിതാ, മദ്യപാനം, ഏഴുതരം ക്യാന്‍സറുകള്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ന്യൂസിലാന്‍ഡിലെ ഒട്ടാഗോ സര്‍വ്വകലാശാലയിലെ ജെന്നി കോണോറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഏഴുതരം ക്യാന്‍സറുകള്‍ മദ്യപാനം മൂലം ഉണ്ടാകുന്നതായി കണ്ടെത്തിയത്. വളരെ കുറഞ്ഞ അളവില്‍ മദ്യപിക്കുന്നവര്‍ക്കും ക്യാന്‍സര്‍ പിടികൂടുമെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വായ്, തൊണ്ട, ശ്വാസനാളം, അന്നനാളം, കരള്‍, കുടല്‍, മലദ്വാരം, സ്‌തനം എന്നിവയില്‍ ക്യാന്‍സറുണ്ടാക്കാന്‍ മദ്യപാനത്തിന് സാധിക്കും. 2012ല്‍ അഞ്ചു ലക്ഷണത്തോളം ക്യാന്‍സര്‍ മരണങ്ങളില്‍ വില്ലനായത് മദ്യപാനമാണ്. അതായത്, ലോകത്താകമാനമുള്ള ക്യാന്‍സര്‍ മരണങ്ങളില്‍ 5.8 ശതമാനം മദ്യപാനം മൂലമാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഈ കണക്ക് പിന്നീടുള്ള വര്‍ഷങ്ങളില്‍ ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും പഠനസംഘം ചൂണ്ടിക്കാട്ടുന്നുണ്ട്. ആയിരം സ്‌ത്രീകളില്‍ 109 പേര്‍ക്കാണ് സ്‌തനാര്‍ബുദം പിടിപെടാന്‍ സാധ്യതയുള്ളത്. എന്നാല്‍ മദ്യപിക്കുന്നവരില്‍ ഇത് ആയിരത്തില്‍ 126 ആണ്. അമിതമായി മദ്യപിക്കുന്നവരില്‍ ഇത് 153 ആണ്. ഏതായാലും ചെറിയ അളവില്‍പ്പോലും മദ്യപിക്കുന്നത് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് അടിവരയിടുന്നതാണ് പുതിയ പഠന റിപ്പോര്‍ട്ട്. പഠനത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ അഡിക്ഷന്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.