പ്രേതം, ആത്മാവ് എന്നീ കാര്യങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും പഠനങ്ങളും ഒരിക്കലും അവസാനിക്കാത്തതാണ്. പ്രേതം ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്നവര്‍ കൂടുതലാണ്. എന്നാൽ പ്രമുഖ ബ്രിട്ടീഷ് ഗായികയായിരുന്ന ആമി വൈൻഹൗസിന്റെ അച്ഛന്റെ വെളിപ്പെടുത്തൽ സാമൂഹികമാധ്യമങ്ങളിൽ വൻ ചര്‍ച്ചയായിരിക്കുകയാണ്. ആറു വര്‍ഷം മുമ്പ് മരിച്ച ആമിയുടെ പ്രേതം പതിവായി വീട്ടിൽ വരാറുണ്ടെന്നാണ് അച്ഛൻ മിച്ച് വൈൻഹൗസ് പറയുന്നത്. കെന്റിലെ കുടുംബവീട്ടിലാണ് ആമിയുടെ പ്രേതം വരാറുള്ളതെന്ന് ദ സണ്‍ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മിച്ച് വൈൻഹൗസ് വെളിപ്പെടുത്തുന്നത്. ചിലപ്പോള്‍ മനുഷ്യരൂപത്തിലോ ചിലപ്പോള്‍ കാക്കയുടെ രൂപത്തിലോ ആണ് അവള്‍ വരാറുള്ളത്. കൂടുതലും അവളുടെ ജന്മദിനമായ സെപ്റ്റംബര്‍ 14നാണ് വീട്ടിലെത്താറുള്ളത്. അവള്‍ വന്ന് എന്റെ കിടക്കയുടെ അറ്റത്ത് ഇരിക്കാറുണ്ട്. എന്നെ നോക്കിയിരിക്കും. ഒന്നും സംസാരിക്കാറില്ല. നിനക്ക് സുഖമാണോയെന്ന് ചോദിക്കുമ്പോള്‍ ഒരു മന്ദസ്മിതം മാത്രമാണ് അവളുടെ മറുപടിയെന്നും മിച്ച് പറയുന്നു. മദ്യത്തിൽനിന്നുള്ള വിഷബാധയേറ്റാണ് 2011 ജൂലൈയിൽ ആമി മരിക്കുന്നത്. അതിനുശേഷം അവളുടെ ഓര്‍മ്മകളിൽ മുഴുകി കഴിയുകയാണ് ആമിയുടെ കുടുംബം. ആമി വൈൻഹൗസ് ഫൗണ്ടേഷൻ എന്ന പേരിൽ ജീവകാരുണ്യസംഘടന രൂപീകരിച്ച് അതിന്റെ പ്രവര്‍ത്തനങ്ങളുമായാണ് ടാക്‌സി ഡ്രൈവറായിരുന്ന മിച്ചും കുടുംബവും ജീവിക്കുന്നത്.