അമ്മയാകാൻ പോകുന്നുവെന്ന് അറിയുന്ന ഏതൊരു സ്ത്രീയും ആദ്യം മനസിൽ പ്രാർത്ഥിക്കുക ആയുസും ആരോ​ഗ്യവുമുള്ള ഒരു കുഞ്ഞിനെ തരണമേ എന്നാണ്. യുഎസ്എ അലബാമയിലെ ജെന്നിയും ഭർത്താവ് കെൻസിലും ഇത് തന്നെയാണ് പ്രാർത്ഥിച്ചതും ആ​ഗ്രഹിച്ചിരുന്നതും. എന്നാൽ, ദെെവം ഇങ്ങനെയൊരു വിധി എഴുതുമെന്ന് അവർ മനസിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. 

ഈ ദമ്പതികളുടെ നാലാമത്തെ കുഞ്ഞ് ജനിച്ചത് അപൂർവങ്ങളിൽ അപൂർവം എന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥയുമായാണ്. ഈ കുഞ്ഞിന് ഒരു മാസം മാത്രമേ ആയുസുള്ളൂവെന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ വൈദ്യശാസ്ത്രരംഗത്തെ പോലും അദ്ഭുതപ്പെടുത്തിയി‌രിക്കുകയാണ് ആറുവയസുകാരനായ ഗ്രെയ്സൺ കോൾ സ്മിത്ത് എന്ന മിടുക്കൻ. 

ഗ്രെയ്സൺ ജനിച്ചത് നിരവധി രോ​ഗങ്ങളും വെെകല്യങ്ങളുമായാണ്. ജന്മനാ അന്ധനും ബധിരനും ആയിരുന്നു. കൂടാതെ തലയോട്ടിയുടെ മുന്നിൽ ഒരു ഭാഗം ഇല്ലായിരുന്നു. ഹൃദയത്തിൽ ഒരു ദ്വാരവും ഗ്രെയ്സണിന് ഉണ്ടായിരുന്നു.  ആറ് വയസിനുള്ളിൽ 36 ശസ്ത്രക്രിയകൾ കഴിഞ്ഞു. 26 എണ്ണം തലയോട്ടിയിലും തലച്ചോറിലും ആയിരുന്നു.

ഹൃദയത്തിലെ ദ്വാരം, കാണാനും കേൾക്കാനും വയ്യായ്ക അങ്ങനെ നിരവധി വൈകല്യങ്ങൾ. നട്ടെല്ലിൽ ഒരു വളവുണ്ട്. ആന്തരികാവയവങ്ങളെല്ലാം നുറുങ്ങിയിരിക്കുന്നു. നടക്കാനും ആവില്ല. ശ്വസിക്കാനും ഏറെ പ്രയാസമാണ്. ഇങ്ങനെ നിരവധി പ്രശ്നങ്ങൾ. അവൻ ഇപ്പോൾ സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് അമ്മ ജെന്നി പറയുന്നത്. 

അവന് ഞങ്ങൾ ഒരു പ്രയാസവും നൽകില്ല. അവന് ഇഷ്ടമുള്ളത് ഞങ്ങൾ നൽകുന്നുണ്ട്. ഓരോ നിമിഷവും ഗ്രെയ്സൺ സന്തോഷത്തോടെയാണ് ചെലവഴിക്കുന്നത്. അവൻ എപ്പോഴും ഞങ്ങളുടെ പ്രകാശമാണ്. എപ്പോഴും അവന്റെ ചിരിയുള്ള മുഖം മാത്രമേ കാണാൻ ആ​ഗ്രഹിക്കുന്നുള്ളൂവെന്ന് ജെന്നി പറഞ്ഞു. 2013 ഫ്രെബുവരി 15നാണ് ഗ്രെയ്സൺ ജനിച്ചത്.