നടുവേദന - ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. നടുവേദന വന്നാല്‍ പലരും അത് സാരമാക്കാറില്ല. വേദന സംഹാരി കഴിച്ച് ആശ്വാസം തേടുന്നതാണ് പലരുടെയും പതിവ്. ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളാണ് പലപ്പോഴും നടുവേദനയ്ക്ക് കാരണമായി പറയുന്നത്. സാധാരണ നടുവേദന ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഡിസ്ക് തെറ്റല്‍. ഈ അവസ്ഥയില്‍ ഇന്‍റര്‍ വെര്‍ട്ടിബ്രല്‍ ഡിസ്‌ക്കിന്റെ പുറംപാടയ്ക്ക് തകരാറു സംഭവിക്കുന്നു. ഇതിനാല്‍ ഉള്ളിലുള്ള ജല്ലി പോലുള്ള വസ്തു പുറത്തേക്കു തള്ളി അടുത്തുള്ള ഞരമ്പുകളില്‍ അമരുന്നു. ഇതു നീര്‍ക്കെട്ടിനും വേദനയ്ക്കും കാരണമാകുന്നു. ഇരിക്കാനും നില്‍ക്കാനും സാധിക്കാത്ത അവസ്ഥയിലുള്ള നടുവേദനയാണ് ഈ അവസ്ഥയില്‍ ഉണ്ടാകുക. 

കമ്പ്യൂട്ടറിന്‍റെ മുന്നിലിരുന്ന് ജോലി ചെയ്യുന്നവർക്കാണ് നടുവേദന കൂടുതലുമുണ്ടാകുന്നത്. നമ്മുടെ കിടപ്പിന്റെ പ്രത്യേകത ചിലപ്പോള്‍ നടുവേദന വരാൻ സാധ്യതയുണ്ട്. കിടക്കുമ്പോള്‍ ഉറപ്പുള്ളതും നിരപ്പായതുമായ തലങ്ങളില്‍ കിടന്നുറങ്ങുക. തലയിണ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. മെത്ത കൂടുതല്‍ മൃദുവാകാത്തത് വേണം ഉപയോ​ഗിക്കാൻ. കിടക്ക നട്ടെല്ലിന്റെ സ്വാഭാവികമായ വളവുകളെ ബലപ്പെടുത്തുന്നതായിരിക്കണം. ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഒരു മണിക്കൂറെങ്കിലും ഇടവിട്ട് നീണ്ടു നിവരുകയും ചെറുതായി നടക്കുകയും ചെയ്യുക. കിടന്നിട്ട് എഴുന്നേല്‍ക്കുമ്പോള്‍ ഒരു വശം തിരിഞ്ഞ് എഴുന്നേല്‍ക്കാന്‍ ശ്രദ്ധിക്കണം. 

ഭാരമെടുക്കുമ്പോള്‍ രണ്ടു മുട്ടും മടക്കി നടുവ് കുനിയാതെ ഭാരം ശരീരത്തോട് പരമാവധി ചേര്‍ത്ത് പിടിച്ച് എടുക്കുന്നതാണ് നല്ലത്. ഓഫീസില്‍ ജോലിക്കിടയിലും കംപ്യൂട്ടറിന്റെ മുന്നിലിരിക്കുമ്പോഴും പരമാവധി നിവര്‍ന്നിരിക്കുക. കംപ്യൂട്ടറിന്റെ മോനിട്ടര്‍, മുന്നിലിരിക്കുന്ന ആളിന്റെ കണ്ണിന്റെ ലവലിന് മുകളിലായിരിക്കണം. ഇത് കഴുത്തും നടുവും നിവര്‍ന്നിരിക്കാന്‍ സഹായിക്കും. വാഹനം ഓടിക്കുമ്പോള്‍ നിവര്‍ന്നിരുന്ന് ഓടിക്കണം. ഇല്ലെങ്കിൽ നടുവേദന കൂടാൻ സാധ്യതയുണ്ട്. ഹീല്‍ കുറഞ്ഞ ഷൂസുകളും ചെരിപ്പുകളും ധരിക്കാൻ ശ്രമിക്കുക.

ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

നടുവേദനയുളളവര്‍ നാരുള്ള പച്ചക്കറികല്‍ കൂടുതലായി ഉള്‍പ്പെടുത്തണം. വാഴപ്പിണ്ടി, കുമ്പളങ്ങ, മുരിങ്ങക്കായ, പടവലം തുടങ്ങിയവയും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പയര്‍ പോലുളള ധാന്യങ്ങളും ധാരാളം കഴിക്കുക.