ബംഗളുരു: നീലനിറം കൊണ്ട് ദാമ്പത്യം തകര്‍ന്ന അവസ്ഥയിലാണ് ബംഗളൂരുവിലെ ടെക്കി ദമ്പതികള്‍. ആൾദൈവത്തിന്‍റെ ഉപദേശപ്രകാരം ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളുടെയും നിറം നീലയാക്കിയ ടെക്കി ദമ്പതികളാണ് വിവാഹമോചനത്തിന്‍റെ വക്കിലെത്തിയതെന്ന് ബാംഗ്ലൂര്‍ മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ചുവർഷം മുമ്പായിരുന്നു വിവാഹം. അടുത്തിടെ ഭർത്താവ് ഗുരുജി എന്നു വിളിക്കുന്ന ആൾദൈവത്തിന്റെ ശിഷ്യനായതോടെ കല്ലുകടി തുടങ്ങി. 

നീല ഭാഗ്യ നിറമായതിനാൽ മറ്റു നിറങ്ങൾ ഉപേക്ഷിക്കാൻ ഗുരുജി ഉപദേശിച്ചു. ഇതനുസരിച്ച് കാറിന്‍റെയും വീടിന്‍റെയും എന്നുവേണ്ട സകല വസ്തുക്കളുടെയും നിറം മാറ്റി. ഭാര്യയുടെ എതിർപ്പിന് കാര്യമുണ്ടായില്ല. പുലർച്ചെ രണ്ടുമണിക്ക് എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ കുളിച്ച് നേരം വെളുക്കുന്നതുവരെ യോഗയും പ്രാർത്ഥനയുമാണ് പതിവ്. ഇങ്ങനെ ചെയ്യാൻ ഭാര്യയെയും ഉപദേശിച്ചു.

അസഹനീയമായതോടെ ഭാര്യ വിവാഹമോചനത്തിനുള്ള നടപടികൾ തുടങ്ങി. എന്നാൽ ഭാര്യയായിരിക്കും ഭാവിയിൽ ഉണ്ടാകുന്ന എല്ലാ സൗഭാഗ്യങ്ങൾക്കും പിന്നിലെന്ന് ഗുരുവിന്‍റെ അരുളപ്പാടുണ്ടായതോടെ വിവാഹമോചനത്തിന് ഒരുക്കമല്ലെന്ന നിലപാടിലാണ് യുവാവ്.