അമ്മയുടെ ജന്മദിനാഘോഷത്തിനിടയില്‍ മകള്‍ക്ക് അന്ത്യം  അമ്മയുടെ നൂറാം ജന്മദിനത്തിലാണ് എഴുപത്തിയഞ്ചുകാരിയായ മകള്‍ കുഴഞ്ഞുവീണ് മരിച്ചത്

മംഗളൂരു: അമ്മയുടെ ജന്മദിനാഘോഷത്തിനിടയില്‍ മകള്‍ക്ക് അന്ത്യം. അമ്മയുടെ നൂറാം ജന്മദിനത്തിലാണ് എഴുപത്തിയഞ്ചുകാരിയായ മകള്‍ കുഴഞ്ഞുവീണ് മരിച്ചത്. മംഗളൂരുവില്‍ ഗ്ലാഡിസ് ഡിസൂസ എന്ന വയോധികയുടെ പിറന്നാള്‍ ദിനത്തിലാണ് നാടകീയ സംഭവങ്ങള്‍. ഇവരുടെ മകള്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഗ്ലോറിയ തളര്‍ന്ന് വീഴുകയായിരുന്നു.

ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗ്ലോറിയയുടെ മരണം സംഭവിച്ചു. ബോലാര്‍ റോസാരിയോ കത്തീഡ്രലിനോട് അനുബന്ധിച്ചുള്ള നിംഫാ സദന്‍ വൃദ്ധ സദനത്തിലാണ് ആഘോഷം നടന്നത്. കേക്ക് മുറിച്ചതിന് ശേഷം വികാരാധീനയായി സംസാരിച്ച ഗ്ലോറിയ ഒരു കവിതയും ചൊല്ലിയിരുന്നു.
ഇതിന് ശേഷമാണ് ഇവര്‍ കുഴഞ്ഞ് വീണത്.

ഗ്ലാഡിസിന്റെ മകള്‍ ഗ്ലോറിയയും മകള്‍ ലിസയും സഹോദരന്‍ ട്രിവര്‍, ക്രിസ്റ്റഫര്‍ ഡിസൂസ എന്നിവരാണ് കാനഡയില്‍ നിന്നുമെത്തിയിരുന്നത്. ഒന്നാം ലോകമഹായുദ്ധത്തിനിടെ മ്യാന്മാറിലെ റങ്കൂണിലായിരുന്നു ഗ്ലാഡിസിന്റെ ജനനം. രണ്ടാം ലോകമഹായുദ്ധത്തിനിടെ മറൈന്‍ എഞ്ചിനീയറായിരുന്ന ജോചിം ലോറന്‍സ് ഡിസൂസയെ അവര്‍ വിവാഹം ചെയ്തു.അമ്മയുടെ പിറന്നാള്‍ ആഘോഷിക്കാനെത്തിയ ഗ്ലോറിയയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. കാലാവസ്ഥ മാറിയതും ഗ്ലോറിയയ്ക്ക് പ്രശ്‌നമായി.