വണ്ണം കുറയ്ക്കാന്‍ ചുരയ്ക്ക ജ്യൂസ് കഴിച്ച യുവതി മരിച്ചു ചുരയ്ക്ക ജ്യൂസ് കഴിക്കുമ്പോള്‍ രുചി വ്യത്യാസം തോന്നിയാല്‍ കഴിക്കരുത്
പൂനെ: വണ്ണം കുറയ്ക്കാന് ചുരയ്ക്ക ജ്യൂസ് കഴിച്ച യുവതി മരിച്ചു. ആരോഗ്യകാര്യങ്ങളിലേറെ ശ്രദ്ധ പുലര്ത്തിയിരുന്ന യുവതിയാണ് ചുരയ്ക്ക ജ്യൂസ് കുടിച്ചതിനെ തുടര്ന്ന് മരിച്ചത്. പച്ചക്കറി കടകളില് സര്വ്വസാധാരണമായി കാണാറുള്ള ചുരയ്ക്ക, ജ്യൂസ് ആക്കി കഴിക്കുമ്പോള് രുചി വ്യത്യാസം അനുഭവപ്പെടുകയാണെങ്കില് കഴിക്കരുതെന്ന് വിദഗ്ദര് പറയുന്നു.
നിരവധി ആരോഗ്യഘടകങ്ങള് ഉള്പ്പെടുന്ന ചുരയ്ക്ക, കറികള്ക്ക് ഉപയോഗിക്കുന്നത് സാധാരണമാണ്. ഹൃദയാരോഗ്യത്തിന് ചുരയ്ക്ക നല്ലതാണെന്നാണ് കരുതപ്പെടുന്നത്. രക്ത സമ്മര്ദ്ദം കുറയ്ക്കാനും ചുരയ്ക്ക ഉപകരിക്കും . പ്രമേഹം നിയന്ത്രണത്തിലാക്കാന് ചുരയ്ക്ക കഴിക്കുന്നവര് ഏറെയാണ്.
ചുരയ്ക്കയില് ജലാംശം കൂടുതലായതിനാല് അമിത വണ്ണം കുറയ്ക്കാന് ചുരയ്ക്ക നല്ലതാണെന്ന കണക്കുകൂട്ടലിനെ തുടര്ന്നാണ് യുവതി ചുരയ്ക്ക കഴിച്ചത്. വിറ്റമിന് സി, വിറ്റമിന് ബി, സോഡിയം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയവ ധാരാളം അടങ്ങിയ ചുരയ്ക്ക ഉത്തരേന്ത്യയില് ധാരാളം ഉപയോഗിക്കുന്ന പച്ചക്കറിയാണ്.
യാതൊരു വിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലാത്ത യുവതിയാണ് ചുരയ്ക്ക ജ്യൂസ് കഴിച്ചതിനെ തുടര്ന്ന് മരിച്ചതെന്നതാണ് ഖേദകരമായ വസ്തുത. തുടര്ച്ചയായുള്ള ഛര്ദ്ദിയും വയറ്റിളക്കവും നേരിട്ട യുവതി ആശുപത്രിയില് ചികിത്സ തേടിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇത് ആദ്യമായല്ല ചുരയ്ക്ക ജ്യൂസ് മരണത്തിന് കാരണമായത്. നിരവധി പേര്ക്ക് ചുരയ്ക്ക ജ്യൂസ് ഗുണത്തിന് പകരം ദോഷകരമായിട്ടുണ്ട്.
യുവതിയുടെ മരണത്തിന് പിന്നാലെ ചുരയ്ക്ക ജ്യൂസ് കഴിക്കുമ്പോള് ശ്രദ്ധിക്കണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് നിര്ദ്ദേശങ്ങള് നല്കിയിട്ടുണ്ട്. ചുരയ്ക്ക ജ്യൂസ് കഴിക്കുമ്പോള് രുചി വ്യത്യാസം തോന്നിയാല് കഴിക്കരുതെന്നാണ് ആരോഗ്യ വകുപ്പിന്റെ കര്ശന നിര്ദ്ദേശം. ചുരയ്ക്ക കേടാകുന്നതും ജ്യൂസ് പഴകുന്നതുമാണ് അപകടകാരണമായി വിലയിരുത്തുന്നത്.
