വെണ്ണ(ബട്ടർ), നെയ്യ്, ഇറച്ചി ഉപയോഗിച്ചുണ്ടാക്കുന്ന സോസേജുകൾ, നിറയെ കൊഴുപ്പുള്ള ക്രീമുകൾ, തൈര് എന്നിവയുടെ പരിധിവിട്ട ഉപയോഗം കുടലിലെ ക്യാന്‍സറിനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് പുതിയ പഠനം. കാലിഫോണിയ സർവകലാശാലയിലെ സ്കൂൾ ഒാഫ് മെഡിസിനിലെ ശാസ്ത്രജ്ഞൻ ഡേവിഡ് ജെഫൻ ആണ് മൃഗങ്ങളുടെ കൊളസ്ട്രോൾ നില മനുഷ്യശരീരത്തിലെ മൂലകോശങ്ങളുടെ വിഭജനം വേഗത്തിലാക്കുമെന്ന് കണ്ടെത്തിയത്. ഇത് ശരീരത്തിൽ ക്യാന്‍സർ കോശങ്ങൾ രൂപപ്പെടുത്തുന്നതിനെ നൂറിരട്ടി വേഗത്തിൽ സഹായിക്കുന്നു.

ഇൗ പഠനം കുടലിലുണ്ടാകുന്ന ക്യാന്‍സർ ചികിത്സക്കുള്ള മരുന്നുവികസിപ്പിക്കാൻ സഹായിക്കുന്ന തൻമാത്രാ വഴി കൂടി തുറന്നിട്ടുണ്ട്. ക്യാന്‍സർ കോശങ്ങളുടെ രൂപാന്തരണത്തിന് മൂലകോശങ്ങളിൽ കൊളസ്ട്രോൾ നൂറിരട്ടി സ്വാധീനം ചെലുത്തുന്നുവെന്ന കണ്ടെത്തൽ അത്ഭുതപ്പെടുത്തിയെന്ന് പഠനത്തിന്‍റെ പ്രബന്ധം പ്രസിദ്ധീകരിച്ച ഡോ. പീറ്റർ ടൊൺടൊണോസ് പറഞ്ഞു.
ഭക്ഷണത്തിലെ കൊളസ്ട്രോളും കാൻസറും തമ്മിലുള്ള ബന്ധം നേരത്തെ തെളിയിക്കപ്പെട്ടതാണ്. എന്നാൽ ഇതിന് പിറകിലെ പ്രവർത്തനം എന്താണെന്ന് ഇതിന് മുമ്പ് ആരും വിശദീകരിച്ചിട്ടില്ലെന്നും ഡോ. ടൊൺടൊണോസ് പറഞ്ഞു. എലികളിൽ നടത്തിയ പഠനത്തിലാണ് സുപ്രധാന കണ്ടുപിടുത്തത്തിൽ സംഘം എത്തിയത്. പഠനം സെൽ സ്റ്റെം സെൽ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
