ഗര്‍ഭപാത്രം നീക്കം ചെയ്ത് ക്യാന്‍സര്‍ രോഗി അമ്മയായി. വൈദ്യശാസ്ത്രത്തിലെ തന്നെ അപൂര്‍വ നേട്ടമാണിത്. ക്യാൻസർ ബാധിച്ചു ഗർഭാശയവും അണ്ഡവാഹിനിക്കുഴലും ഒരു അണ്ഡാശയവും നീക്കം ചെയ്ത വടക്കൻ കേരളത്തിൽ നിന്നുള്ള യുവതിക്കാണ് കുഞ്ഞ് പിറന്നത്. തൊലിക്ക് കീഴിൽ സൂക്ഷിച്ച ഓവറിയിൽ നിന്നുമാണ് മുപ്പത്തിരണ്ടുകാരി യുവതിക്ക്  ചെന്നൈയിലെ ആശുപത്രിയിലെ ചികിത്സയില്‍ കുഞ്ഞ് പിറന്നത്.

ക്യാന്‍സര്‍ ബാധിച്ച് ലേക് ഷോർ ആശുപത്രിയിൽ 2014 യുവതി ഡോ. ചിത്രതാരയുടെ ചികിത്സക്കെത്തി. ആരോഗ്യമുള്ള ഒരു അണ്ഡാശയം സംരക്ഷിച്ച്  ഭാവിയിൽ ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള മാർഗങ്ങൾ നിലനിർത്തിക്കൊണ്ടുള്ള ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ ഇവരില്‍ ചെയ്തത്. വയറ്റിലെ തൊലിക്ക് കീഴിലേക്ക് മാറ്റി അണ്ഡാശയത്തെ സംരക്ഷിച്ച് കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയത്. 

പ്രത്യുൽപാദനത്തിന് വേണ്ടിവരുന്ന അണ്ഡശേഖരണം എളുപ്പമാക്കാനും പിന്നീടുള്ള ചികിത്സാഘട്ടങ്ങളിൽ അണ്ഡാശയത്തിനു കോട്ടം സംഭവിക്കാതിരിക്കാനും ഇതിലൂടെ സാധിച്ചു. രണ്ട് വർഷത്തെ ചികിത്സയിൽ അർബുദം പൂർണമായി ഭേദപ്പെട്ടതിന് ശേഷം ഫെർട്ടിലിറ്റി ചികത്സ നടത്തി. തുടര്‍ന്ന് 2019ല്‍ അവര്‍ അമ്മയായി. വാടക ഗർഭപാത്രം ഉപയോഗിച്ചാണ് യുവതി അമ്മയായത്.