Asianet News MalayalamAsianet News Malayalam

മൂന്നരവയസുകാരിക്ക് പുതുജീവന്‍; ശ്വാസനാളത്തില്‍ തറച്ച മുള്ള് പുറത്തെടുത്തത് എസ്എടിയിലെ ഡോക്‌ടര്‍മാര്‍

child rebirth after majory surgery at sat hospital
Author
First Published Aug 24, 2017, 5:01 PM IST

തിരുവനന്തപുരം: മൂന്നര വയസുകാരിയുടെ ശ്വാസനാളത്തില്‍ തറച്ച രണ്ട് മാസം പഴക്കമുള്ള മുള്ള് പുറത്തെടുത്ത് ജീവന്‍ രക്ഷിച്ച് എസ്.എ.ടി.യിലെ ഡോക്ടര്‍മാര്‍.

തിരുവനന്തപുരം: കൊല്ലം കാരംകോട് സ്വദേശികളായ റീന്‍ രാജേന്ദ്രന്റേയും ആതിരയുടേയും മകളായ മൂന്നര വയസുകാരി ആരുഷി റീനിന്റെ ശ്വാസനാളത്തില്‍ കുടുങ്ങിയ രണ്ട് മാസം പഴക്കമുള്ള വലിയ മീന്‍ മുള്ള് പുറത്തെടുത്ത് ജീവന്‍ രക്ഷിച്ച് മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍.

ശ്വാസംമുട്ടല്‍, ശ്വസിക്കുമ്പോള്‍ ശബ്ദം വരിക എന്നീ ബുദ്ധിമുട്ടുകളുമായാണ് ആരുഷിയെ കൊല്ലത്തെ ആശുപത്രികളില്‍ കാണിച്ചത്. തൊണ്ടയിലെ അണുബാധയാകാം പ്രശ്‌നമെന്ന നിഗമനത്തിലാണ് അവിടത്തെ ഡോക്ടര്‍മാര്‍ ആരുഷിയെ ചികിത്സിച്ചത്. എന്നാല്‍ രണ്ട് മാസം കഴിഞ്ഞിട്ടും അസുഖം കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്രമേണ കുട്ടിയുടെ ശ്വാസമെടുപ്പ് ഭയപ്പെടുത്തും വിധമായതോടെ എല്ലാവരും വിഷമിച്ചു. ക്രമേണ നെഞ്ചിന്റെ ഭാഗത്ത് നീരുമുണ്ടായി. തങ്ങളുടെ പിഞ്ചോമനയ്ക്ക് എന്ത് പറ്റിയെന്ന വേദന എല്ലാവരേയും അലട്ടി. എത്ര പണം മുടക്കിയാലും കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ അച്ഛന്‍ റീന്‍ രാജേന്ദ്രന്‍ ഗള്‍ഫില്‍ നിന്നും വിളിച്ചു പറഞ്ഞു. തുടര്‍ന്ന് കൊല്ലത്തേയും തിരുവനന്തപുരത്തേയും പ്രശസ്തമായ പല സ്വകാര്യ ആശുപത്രികളേയും സമീപിച്ചെങ്കിലും കുട്ടി ഗുരുതരമായ അവസ്ഥയിലേക്ക് പോകുകയായിരുന്നു.

കുട്ടിയുടെ അവസ്ഥയറിഞ്ഞ് അച്ഛന്‍ നാട്ടിലെത്താന്‍ പോലും തീരുമാനിച്ചു. അപ്പോഴാണ് വീട്ടിനടുത്തുള്ളവര്‍ കുട്ടിയെ എസ്.എ.ടി. ആശുപത്രിയില്‍ കൊണ്ടു പോകാന്‍ നിര്‍ദേശിച്ചത്. അങ്ങനെ ഓഗസ്റ്റ് 16-ാം തീയതി ഇവര്‍ എസ്.എ.ടി. ആശുപത്രിയിലെത്തി. ആരുഷിയുടെ അച്ഛന്‍ റീന്‍ രാജേന്ദ്രന്‍ ഗള്‍ഫിലായതിനാല്‍ കുട്ടിയുടെ അപ്പൂപ്പനായ സാഗരനും അമ്മയും മറ്റൊരു ബന്ധുവും കൂടിയാണ് ആരുഷിയെ ചികിത്സയ്ക്കായി എസ്.എ.ടി.യില്‍ കൊണ്ടുവന്നത്.

വിശദമായ പരിശോധനയില്‍ കുട്ടിക്ക് ശ്വാസോച്‌ഛ്വാസത്തിന് തടസമുള്ളതായി കണ്ടെത്തി. എക്‌സ്‌റേ പരിശോധനയില്‍ നിന്നും ശ്വാസനാളത്തില്‍ എന്തോ ആഴത്തില്‍ തറച്ചിപ്പുണ്ടെന്ന് മനസിലായി. അത് പുറത്തെടുക്കാനായി സങ്കീര്‍ണ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. ഇക്കാര്യം ബന്ധുക്കളോട് പറയുകയും അവര്‍ ഡോക്ടര്‍മാരില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കുകയും ചെയ്തു.

വേണ്ടത്ര മുന്നൊരുക്കത്തോടു കൂടി 17-ാം തീയതി കുട്ടിയ്ക്ക് അനസ്തീഷ്യ നല്‍കി ബ്രോങ്കോസ്‌കോപ്പി ചെയ്തപ്പോള്‍ വലിയ മീന്‍മുള്ളാണ് തറച്ചിരുന്നതെന്ന് മനസിലായി. ഈ മീന്‍ മുള്ള് സസൂക്ഷ്മം നീക്കം ചെയ്യുകയും അണുബാധയുണ്ടാകാതിരിക്കാനുള്ള ചികിത്സകള്‍ നല്‍കുകയും ചെയ്തു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. ശബ്ദം പഴയതു പോലെയാകുകയും കുട്ടി ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. പീഡിയാട്രിക് സര്‍ജറി മൂന്നാമത്തെ യൂണിറ്റാണ് കുട്ടിയുടെ ചികിത്സയ്ക്ക് മേല്‍നോട്ടം നല്‍കിയത്.

മീന്‍ മുള്ളാണ് തങ്ങളുടെ പൊന്നോമനയെ ഇത്രയ്ക്കും അപകടാവസ്ഥയിലെത്തിച്ചതെന്ന് ബന്ധുക്കള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. സ്വന്തമായി ആഹാരം വാരിക്കഴിക്കാന്‍ നിര്‍ബന്ധമുള്ളവളാണ് ആരുഷി. പക്ഷെ ചെറിയ അശ്രദ്ധയാണ് എല്ലാം വരുത്തി വച്ചത്. വലിയൊരു അത്യാപത്തില്‍ നിന്നും തങ്ങളുടെ പിഞ്ചോമനയെ രക്ഷിച്ച എസ് എ ടിയിലെ ഡോക്ടര്‍മാര്‍ക്ക് അമ്മയും അപ്പുപ്പനും നിറകണ്ണുകളോടെ നന്ദി പറഞ്ഞു. ധാരാളം രൂപ സ്വകാര്യ ആശുപത്രികളില്‍ ചെലവാക്കിയെങ്കിലും തങ്ങളുടെ മകളെ തിരിച്ച് തന്നത് എസ്.എ.ടി. ആശുപത്രിയാണ്. പൊന്നുമോളുടെ പഴയ പോലെയുള്ള കുറുമ്പ് കാണുമ്പോള്‍ മനസ് നിറയുകയാണെന്നും അപ്പൂപ്പന്‍ സാഗരന്‍ പറഞ്ഞു. പ്ലേ സ്‌കൂളില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് ആരുഷി.

Follow Us:
Download App:
  • android
  • ios