കുട്ടികള്‍ക്ക് പാട്ടു കേള്‍ക്കാനും ഗെയിം കളിക്കാനും സ്‌മാര്‍ട്ട് ഫോണ്‍ കൊടുക്കുന്നവരാണ് ഏറെയും. ഇക്കാലത്ത് സ്‌മാര്‍ട്ട് ഫോണ്‍ നന്നായി ഉപയോഗിക്കുന്നവരാണ് കുട്ടികളും. കുട്ടികള്‍ സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? ഇതുസംബന്ധിച്ച ജാഗ്രതയാണ് പുതിയ പഠനറിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നത്. ദിവസവും 30 മിനുട്ട് അധികമായി സ്‌മാര്‍ട്ട് ഫോണ്‍ നോക്കിയിരിക്കുന്ന കുട്ടികള്‍ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. കൂടുതല്‍ സമയം ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികള്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍, സംസാരം വൈകി മാത്രമായിരിക്കും സംഭവിക്കുക. കാനഡയിലെ ഒന്‍ഡാരിയോയിലെ ചില്‍ഡ്രന്‍ ആശുപത്രിയിലെ പീഡിയാട്രീഷ്യന്‍ ഡോ. കാതറിന്‍ ബിര്‍കന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ആറു മാസത്തിനും രണ്ടു വയസിനും ഇടയില്‍ പ്രായമുള്ള സംസാരിക്കാന്‍ ശേഷിയില്ലാത്ത കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 894 കുട്ടികളെ പഠനത്തിന് വിധേയമാക്കി. ഈ കുട്ടികളില്‍ 20 ശതമാനം പേരും ദിവസവും ശരാശരി 28 മിനുട്ട് നേരം സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് പഠനത്തില്‍ വ്യക്തമായി. പഠനറിപ്പോര്‍ട്ട് സാന്‍ ഫ്രാന്‍സിസ്കോയില്‍ നടന്ന പീഡിയാട്രിക് അക്കാദമിക് സൊസൈറ്റീസ് സമ്മേളനത്തില്‍ അവതരിപ്പിച്ചു.