ചായകോപ്പയിലെ കൊടുങ്കാറ്റിപ്പോൾ കോഫികോപ്പയിലാണ്​. കൂടുതൽ കോഫി കുടിക്കുന്നത്​ ആയുർദൈർഘ്യം കൂട്ടുമെന്ന ഒരുപറ്റം ഗവേഷകരുടെ കണ്ടെത്തലാണ്​ ഇതിന്​ കാരണം. കോഫി കുടിയും ആയൂർദൈർഘ്യവും തമ്മിൽ ബന്ധമില്ല എന്ന എതിർവാദവും ഉയർന്നുകഴിഞ്ഞു. ലണ്ടൻ ഇംപീരിയൽ കോളജിലെയും ഇൻറർനാഷനൽ ഏജൻസി ഫോർ കാൻസർ റിസർച്ചിലെയും ഗവേഷകരാണ്​ ​കോഫി കുടിക്കുന്നതിൽ കാര്യമുണ്ടെന്ന്​ കണ്ടെത്തിയത്​. പ്രതിദിനം മൂന്ന്​ കപ്പ്​ കോഫി കുടിച്ചാൽ ആയൂർദൈർഘ്യം കൂട്ടുമെന്നാണ്​ പത്ത്​ യൂറോപ്പ്യൻ രാജ്യങ്ങളിൽ അഞ്ച്​ ലക്ഷത്തോളം പേരിൽ നടത്തിയ പഠനത്തിൽ പറയുന്നത്​. Annals of Internal Medicine എന്ന ജേർണലിൽ പഠനം പ്രസിദ്ധീകരിക്കുയും ചെയ്​തു.

കഫൈൻ ഒഴിവാക്കിയ കോഫിയാണെങ്കിൽ പോലും ഒരു അധിക കപ്പ് കോഫി ആയൂർദൈർഘ്യം കൂട്ടുമെന്നതിൽ ഇവർക്ക് സംശയമില്ല. എന്നാൽ കോഫിയിൽ ഒരു ആരോഗ്യ ഗുണവുമില്ലെന്ന് ഒരു വിഭാഗം വിദഗ്ദർ വാദിക്കുന്നു. അതുകൊണ്ട് തന്നെ അധിക കപ്പ് കോഫി കുടിക്കേണ്ട ആവശ്യവുമില്ലെന്നും ഇവർ പറയുന്നു. കൂടുതൽ കോഫി കുടിക്കുന്നത് മരണസാധ്യത കുറക്കുമെന്നാണ് പഠനത്തിൽ അവകാശപ്പെടുന്നത്. പ്രത്യേകിച്ചും ഹൃദയം, അന്നനാളം എന്നിവ വഴിയുള്ള അസുഖങ്ങൾ കാരണമുള്ള മരണങ്ങൾ.

യൂറോപ്പ്യൻ രാജ്യങ്ങളിലെ 35 വയസിന് മുകളിൽ പ്രായമുള്ളവരിലായിരുന്നു പഠനം. അധിക കപ്പ് കോഫി കുടിക്കുന്നത് പുരുഷൻമാർക്ക് ശരാശരി മൂന്നും സ്ത്രീകൾക്ക് ഒരു മാസവും വരെ ആയൂർദൈർഘ്യം കൂട്ടിയേക്കാമെന്നാണ് കാംബ്രിഡ്ജ് സർവകലാശാലയിലെ പ്രൊഫ. ഡേവിഡ് സ്പീഗ്ഹാൾട്ടറുടെ നിരീക്ഷണം. എന്നാൽ കാപ്പി കുരുവിൽ അത്ഭുത ചേരുവ ഉണ്ടെന്ന് കണ്ടെത്താൻ പഠനത്തിന് കഴിഞ്ഞിട്ടില്ല. പഠനത്തിൽ വ്യക്തതയില്ലാത്തത് ‘കോഫി ഫ്രൻറ്സിന്’ നിരാശ പകർന്നിട്ടുണ്ട്.

കോഫിയുടെ ഗുണത്തിന്റെ എല്ലാവശങ്ങളും പരിശോധനാ വിധേയമാക്കാത്തതാണ് പഠനമെന്നാണ് ഇവരുടെ വിമർശനം. എത്ര കോഫി കുടിക്കുന്നവരിലും കോഫി കുടിക്കാത്തവരിലും താരതമ്യ പഠനം നടത്തിയെന്ന് പഠനത്തിൽ വ്യക്തമല്ല. ആരോഗ്യ സുരക്ഷിതമാക്കാൻ വഴിതേടുന്നവരിൽ ഇത് സംശയത്തിനിടയാക്കും. മൂന്ന് കപ്പ് കോഫി കുടിക്കാൻ ചെലവഴിക്കുന്ന സമയത്തെക്കാൾ സാമൂഹിക പ്രവർത്തനത്തിന് ഉപയോഗിച്ചാൽ അത് അയാളുടെ സൗഖ്യം വർധിപ്പിക്കും എന്ന വിമർശനം വരെ ഉയർന്നിട്ടുണ്ട്. കോഫിയിലെ കഫൈൻ വിവിധ രൂപത്തിൽ ബാധിക്കുന്നതായാണ് മുൻകാല പഠനങ്ങളിൽ പറയുന്നത്. പഠനങ്ങൾ വൈരുധ്യം നിറഞ്ഞതുമാണ്. കോഫി കുടിച്ചാലും ഇല്ലെങ്കിലും അതിനായി 20 മിനിറ്റ് കോഫി ഷോപ്പിലേക്ക് നടന്നാൽ അത് ആയൂർദൈർഘ്യം വർധിപ്പിക്കുമെന്ന് പറയുന്നവരാണ് കാപ്പി കോപ്പയിലെ കൊടുങ്കാറ്റുയർത്തുന്നവരിൽ കൂടുതൽ പേരും.

.