വീണ്ടും ഉപയോ​ഗിക്കാൻ സാധിക്കുന്ന സാനിറ്ററി നാപ്കിനുകൾ നിർമ്മിച്ച് കയ്യടി നേടിയിരിക്കുകയാണ് കോയമ്പത്തൂർ സ്വദേശിനിയായ ഇഷാന. വിപണിയിൽ ലഭ്യമായ സാധാരണ പാഡുകൾ ഉപയോഗിച്ചതിലൂടെ ഇഷാനക്ക് ചില ആരോ​ഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആരോ​ഗ്യപരമായ രീതിയിൽ നാപ്കിനുകൾ നിർമ്മിക്കാൻ ഇഷാന തീരുമാനിച്ചത്. കോട്ടൻ തുണികൊണ്ട് നിർമ്മിക്കുന്ന ഈ നാപ്കിനുകൾ തികച്ചും പരിസ്ഥിതിക്ക് ഇണങ്ങുന്നതാണെന്നും ഇഷാന പറയുന്നു.

തയ്യൽ മെഷീനും മറ്റ് അവശ്യ ഉപകരണങ്ങളും ഉപയോ​ഗിച്ചാണ് ഇഷാന നാപ്കിനുകൾ നിർമ്മിക്കുന്നത്. 'സാധാരണ പാഡുകളുടെ ഉപയോഗത്തിലൂടെ എനിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ നേരിട്ടു. ഇതാണ് കോട്ടൺ സാനിറ്ററി നാപ്കിനുകൾ നിർമ്മിക്കാൻ എനിക്ക് പ്രചോദനമായത്.  കോട്ടൺ തുണി ഉപയോഗിച്ച് സാനിറ്ററി പാഡുകൾ നിർമ്മിക്കുന്നത് എങ്ങനെയാണെന്ന് മറ്റുള്ളവരെ പഠിപ്പിക്കാൻ ഇപ്പോൾ ഞാൻ ആഗ്രഹിക്കുകയാണ്'- ഇഷാന പറയുന്നു. സാധാരണ സാനിറ്ററി നാപ്കിനുകളിൽ ഉപയോഗിക്കുന്ന കെമിക്കൽ ജെൽ സ്ത്രീകൾക്ക് അപകടകരമാണെന്നും  ഇഷാന കൂട്ടിച്ചേർത്തു.

കോട്ടൻ തുണിയുടെ പാളികൾ ഉപയോഗിച്ചാണ് സാനിറ്ററി നാപ്കിനുകൾ നിർമ്മിച്ചിരിക്കുന്നത്. ഇത് വീണ്ടും ഉപയോഗിക്കാവുന്നതും പരിസ്ഥിതിക്ക് ഇണങ്ങുന്നതാണെന്നും ഇഷാന വ്യക്തമാക്കുന്നു. ഇഷാനയുടെ വാർ‌ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദനവുമായി രം​ഗത്തെത്തിയിരിക്കുന്നത്.