ക്വാലംലമ്പൂര്‍: കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മലേഷ്യയിലെ  നിര്‍മാണ കമ്പനിയുടെ ഫാക്ടറികള്‍ പൂട്ടിയതോടെ പൂട്ടിയതോടെ ആഗോളതലത്തില്‍ കോണ്ടത്തിന് കടുത്ത ക്ഷാമം നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മലേഷ്യയിലെ  കാറെക്‌സ് ബെര്‍ഹാര്‍ഡ് എന്ന കമ്പനിയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കോണ്ടം ഉല്‍പാദിപ്പിക്കുന്നത്. മലേഷ്യയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രാജ്യം ലോക്ക്ഡൗണായതോടെയാണ്  കമ്പനിയുടെ മൂന്ന് കൂറ്റന്‍ ഫാക്ടറികള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയത്. ലോകത്ത് ഉപയോഗിക്കുന്ന അഞ്ച് കോണ്ടങ്ങളില്‍ ഒന്ന് മലേഷ്യന്‍ കമ്പനി നിര്‍മിക്കുന്നതെന്നാണ് കണക്ക്.

100 മില്ല്യണ്‍ കോണ്ടങ്ങളുടെ കുറവാണ് വിപണിയില്‍ അനുഭവപ്പെടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്നിന്റെ ജനസംഖ്യ നിയന്ത്രണ ഫണ്ട് ഉപയോഗിച്ച് രാജ്യങ്ങള്‍ വാങ്ങുന്ന ഡ്യൂറക്‌സ് അടക്കമുള്ള ബ്രാന്‍ഡുകള്‍ക്കാണ് ക്ഷാമം നേരിടുന്നത്. അടുത്ത വെള്ളിയാഴ്ചയോടെ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാമെങ്കിലും 50 ശതമാനം തൊഴിലാളികളെ മാത്രമേ ജോലിക്ക് നിര്‍ത്താനാവൂ.  അതേസമയം, ലോകത്ത് പല രാജ്യങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കോണ്ടത്തിന്റെ ഉപയോഗം കുത്തനെ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കോണ്ടത്തിന് ആവശ്യകതയേറി.

ആവശ്യത്തിനനുസരിച്ച് ഉല്‍പാദനമെന്നത് നിലവിലെ സാഹചര്യത്തില്‍ കടുത്ത വെല്ലുവിളിയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ്  ഗോഹ് മിയാ ക്യാറ്റ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ആഗോളതലത്തില്‍ കോണ്ടത്തിന്റെ ലഭ്യത കുറയുന്നത് ഞങ്ങള്‍ അറിയുന്നുണ്ട്. ഇത് എയ്ഡ്‌സ് നിര്‍മാര്‍ജന പദ്ധതികളടക്കമുള്ള സാമൂഹ്യസുരക്ഷാ പദ്ധതികളെ ബാധിക്കും. ആഴ്ചകള്‍ കൊണ്ടോ മാസങ്ങള്‍ കൊണ്ടോ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യക്ക് പുറമെ ചൈന, ഇന്ത്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളാണ് കോണ്ടം ഉല്‍പാദിപ്പിക്കുന്നത്. ഇന്ത്യയും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചൈന പൂര്‍വ സ്ഥിതിയിലേക്ക് ഇനിയും എത്തിയിട്ടില്ല. കോണ്ടത്തിന് പുറമെ, ഗ്ലൗസ് അടക്കമുള്ള മെഡിക്കല്‍ ഉപകരണ നിര്‍മാണത്തെയും ബാധിക്കും.