കൊച്ചി: എറണാകുളം ജില്ലയിൽ രണ്ടിടങ്ങളിലായി ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. കൊച്ചി കലൂരിലെ റഹ്മാനിയ ഹോട്ടലിലും കോതമംഗലം ടൗൺ പരിസരത്തെ നാല് ഹോട്ടലുകളിലുമാണ് റെയ്ഡ് നടന്നത്.
കലൂർ ലെനിൻ സെന്ററിന് സമീപത്തെ റഹ്മാനിയ ഹോട്ടലിലെ വൃത്തിഹീനമായ സാഹചര്യത്തെപ്പറ്റി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പരിശോധനയിൽ പരാതിയിൽ വാസ്തവമുണ്ടെന്ന് ബോദ്ധ്യപ്പെട്ടതോടെ ഹോട്ടലിന്റെ പ്രവർത്തനം നിർത്തി വെയ്ക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ് നൽകി. കോതമംഗലത്ത് നഗരസഭയുടെ ആരോഗ്യ വിഭാഗമാണ് ഹോട്ടലുകളിൽ പരിശോധന നടത്തിയത്. പരിശോധന നടത്തിയ ആറിൽ നാല് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഹോട്ടൽ ടേസ്റ്റി, ഹോട്ടൽ വുഡ് ലാൻഡ്സ്, ഹോട്ടൽ തറവാട്, ഹോട്ടൽ ആസാദ് എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. ക്രമക്കേട് നടത്തിയ ഹോട്ടലുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പരിശോധനകൾ തുടരുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
