കൊറോണക്കാലത്തെ വിവാഹങ്ങളുടെ വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹവും മറ്റ് ആഘോഷപരിപാടികളും  നടത്താന്‍ പാടില്ലാത്ത സാഹചര്യത്തില്‍ മാതൃകയാവുകയാണ് പല ദമ്പതികളും. അത്തരത്തില്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ നടന്ന ഒരു വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

കാനഡ സ്വദേശികളായ അനസ്റ്റാസിജയും ജോസ് ഡേവിസും തമ്മിലുള്ള വിവാഹം ഈ വരുന്ന ഏപ്രില്‍ മൂന്നിന് നടക്കേണ്ടിയിരുന്നു. 135 അതിഥികളെയും ക്ഷണിച്ചിരുന്നു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ 50 പേരില്‍ കൂടുതല്‍ വിവാഹത്തില്‍ പങ്കെടുക്കരുതെനന്ന് അധികൃതരുടെ നിര്‍ദ്ദേശം വന്നു. ഇതോടെ കല്യാണം ഒരു ചടങ്ങ് മാത്രമായി ചുരുക്കുകയായിരുന്നു. 

വിവാഹച്ചടങ്ങിന് ശേഷം തങ്ങളുടെ ലിമോസിന്‍ കാറില്‍ രണ്ടുപേരും ഒരു കറക്കം നടത്തി. സഞ്ചാരത്തിനിടെ ആണ് ഇരുവരും ആ കാഴ്ച കണ്ടത്. അയല്‍വാസികള്‍ ഓരോരുത്തരായി അവര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു. എല്ലാവരും അകലം പാലിച്ച് അവരവരുടെ കാറുകളില്‍ ഇരുന്നാണ് ആശംസകള്‍ നല്‍കിയത്. 

ഈ കാഴ്ച കണ്ട് വിശ്വസിക്കാനാവാതെ കരഞ്ഞുപോയി എന്നാണ് ഇരുവരും പറയുന്നത്. കാറില്‍ നിന്ന് ഇറങ്ങിയ ശേഷം ഇരുവരും അയല്‍വാസികള്‍ക്ക് നന്ദി അറിയിച്ചു. തെരുവില്‍ ഇരുവരും നൃത്തം ചെയ്യുകയും ചെയ്തു.  ചിത്രങ്ങള്‍ ഒരു കുടുംബസുഹൃത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി.