മലപ്പുറം: പതിനഞ്ചുകാരിയുടെ ധീരമായ ഇടപെടല്‍ മൂലം തടയപ്പെട്ടത് 10 ബാലവിവാഹങ്ങള്‍. മലപ്പുറത്താണ് സംഭവം അരങ്ങേറിയത്. തന്‍റെതടക്കം ഒരാഴ്ചയ്ക്കുള്ളില്‍ നടക്കാനിരുന്ന 10 വിവാഹങ്ങള്‍ ചൈല്‍ഡ് ലൈനെ അറിയിച്ചാണ് പെണ്‍കുട്ടി തടഞ്ഞത് എന്നാണ് മലപ്പുറം ചൈല്‍ഡ് ലൈന്‍ പറയുന്നത്. മലപ്പുറം കരവാര്‍കുണ്ടിലാണ് സംഭവം. 15 നും 16 നും ഇടയിലുള്ള പെണ്‍കുട്ടികളെയാണ് വീട്ടുകാര്‍ വിവാഹം കഴിച്ച് അയക്കാനിരുന്നത്. എന്നാല്‍ ഫോണ്‍ ചെയ്ത പെണ്‍കുട്ടി ഇതിന് എതിര്‍ അഭിപ്രായം പറഞ്ഞെങ്കിലും കുടുംബങ്ങള്‍ ചെവികൊണ്ടില്ല.
ഇതോടെയാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ ഫോണ്‍ ചെയ്തത്. . ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും ബാലവിവാഹങ്ങള്‍ തടയുകയും ചെയ്തു. വ്യത്യസ്ത സ്‌കൂളുകളില്‍ പഠക്കുന്ന 10 കുട്ടികളെയാണ് വിവാഹം കഴിപ്പിക്കാനായി തീരുമാനിച്ചിരിക്കുന്നതെന്ന് അന്വേഷണത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെത്തിയതായി മലപ്പുറം ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍ ഏഷ്യാനെറ്റ് ന്യൂസ്.ടിവിയോട് പറഞ്ഞു. നിയമം അറിയാത്തതിന്‍റെ പ്രശ്നമല്ല. ഈ വിവാഹങ്ങള്‍ തടയുന്നതിനായി കയറിയിറങ്ങിയ വീടുകളില്‍ ഉള്ളവര്‍ക്കെല്ലാം നിയമത്തെക്കുറിച്ച് അറിയാം എന്നാല്‍ മറ്റുചില ഘടകങ്ങളാണ് ഇത്തരത്തില്‍ ശൈശവ വിവാഹത്തിന് വീട്ടുകാരെ പ്രേരിപ്പിക്കുന്നത് എന്ന് ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കുന്നത്.
പ്രധാനമായും 10 ക്ലാസിലും, 11 ക്ലാസിലും പഠിക്കുന്ന കുട്ടികളാണ് ഇത്തരം ബാലവിവാഹങ്ങളുടെ ഇരയാകുന്നത് എന്ന് പറയുന്ന ചൈല്‍ഡ് ലൈന്‍. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇത് വര്‍ദ്ധിക്കുന്നതായാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ എല്ലാം അനുഭവം എന്നും പറയുന്നു. അതിനാല്‍ തന്നെ ഈ മാസങ്ങളില്‍ എല്ലാം ചൈല്‍ഡ് ലൈന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്. ഇത്തരത്തില്‍ ഒരു കോള്‍ പെണ്‍കുട്ടിക്ക് ചെയ്യാന്‍ കഴിഞ്ഞതാണ് ഇപ്പോള്‍ ഇത്രയും വിവാഹങ്ങള്‍ തടയാന്‍ സാധിച്ചത്. ഈ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അടുത്ത ദിവസം കൗണ്‍സിലിംഗ് നല്‍കും എന്നും ചൈല്‍ഡ് ലൈന്‍ പറയുന്നു.
രക്ഷകര്‍ത്താക്കള്‍ സാമ്പത്തികമായി അത്ര നല്ല നിലയിലുള്ളവരല്ലെന്നും അതിനാല്‍ എത്രയും വേഗം കുട്ടികളെ വിവാഹം കഴിച്ച് അയക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. ആദ്യത്തെ കല്യാണാലോചന വേണ്ടെന്ന് വെച്ചാല്‍ പിന്നീട് വേറെ ആലോചന ഉണ്ടാവില്ലെന്ന പേടിയാണ് പ്രായപൂര്‍ത്തിയാകും മുമ്പ് കുട്ടികളുടെ എതിര്‍പ്പ് പോലും വകവെയ്ക്കാതെ ഇത്തരം വിവാഹങ്ങളിലേക്ക് രക്ഷകര്‍ത്താക്കള്‍ എത്തുന്നതിന് പിന്നിലെന്നും ഇവര്‍ പറയുന്നു.
