കഴിഞ്ഞവര്‍ഷം മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ നടത്തിയ സര്‍വേയുടെ ഫലം ഞെട്ടിക്കുന്നതായിരുന്നു ഓണ്‍ലൈന്‍ ചതിക്കുഴികളില്‍ പെടുന്നത് ഏറെയും പുരുഷന്മാര്‍

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ദില്ലിയിലാണ് സംഭവം നടക്കുന്നത്. സോഫ്‌റ്റ്‍വെയര്‍ എഞ്ചിനീയറായ 27കാരന്‍ പതിവുപോലെ ഡേറ്റിംഗ് ആപ്പില്‍ തനിക്ക് അനുയോജ്യയായ പങ്കാളിയെ തിരയുന്നതിനിടയ്ക്കാണ് ഒരു മെസേജ് ഇങ്ങോട്ടോടി വന്നത്, 

'ഹായ്, ഞാന്‍ അരീജ്, നമുക്ക് സംസാരിക്കാമല്ലോ അല്ലേ?' 

കറുത്ത മുടിയും വെളുത്ത മുഖവും തിളങ്ങുന്ന കണ്ണുകളുമുള്ള സുന്ദരിയില്‍ യുവാവിന്റെ കണ്ണുകളുടക്കി. കൂടുതലൊന്നും ചിന്തിക്കാതെ യുവതിയുമായി സംസാരം തുടങ്ങി. അക്ഷരങ്ങളിലൂടെ മാത്രം ബന്ധപ്പെടുന്നതിന്റെ പരിമിതികള്‍ക്ക് പുറത്ത് കടക്കണമെന്ന് അപ്പോഴേ യുവാവ് തീരുമാനിച്ചു. ഇതിനായി ഫേസ്ബുക്ക്- വാട്‌സ് ആപ്പ് സംസാരവും തുടങ്ങി. 

ഒരു ദിവസം സംസാരത്തിനിടയില്‍ ധരിച്ചരിക്കുന്ന ടീ-ഷര്‍ട്ട് അഴിക്കാന്‍ യുവതി ആവശ്യപ്പെട്ടു. ക്യാമറ ഓണ്‍ ചെയ്ത ശേഷം അയാള്‍ കണ്ണടച്ച് അവളെ അനുസരിച്ചു. അടുത്തതായി യുവതി ആവശ്യപ്പെട്ടത് ക്യാമറയ്ക്ക് പരിപൂര്‍ണ്ണ നഗ്നനാകാനായിരുന്നു. അതും അയാള്‍ അനുസരിച്ചു. പെട്ടെന്നായിരുന്നു സ്‌ക്രീനിലേക്ക് പരുക്കനായ ഒരാണ്‍ ശബ്ദത്തില്‍ മെസേജ് വന്നത്.

'നിങ്ങള്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ സ്ത്രീയല്ല പുരുഷനാണ്, ഒന്നര ലക്ഷം രൂപ ഉടന്‍ നല്‍കിയില്ലെങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ ക്യാമറയ്ക്ക് മുമ്പില്‍ ചെയ്തത് നിങ്ങളുടെ വീട്ടുകാരും സുഹൃത്തുക്കളും കാണും.' 

വിദ്യാസമ്പന്നനായ യുവാവ് അപരിചിതനായ കുറ്റവാളിക്ക് മുമ്പില്‍ കെഞ്ചി. പണം നല്‍കാമെന്നേറ്റു. പണം ഓണ്‍ലൈന്‍ വഴി നല്‍കിയ ശേഷം എല്ലാ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ നിന്നും അയാളെ ഒഴിവാക്കി. പക്ഷേ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഭീഷണിയുമായി അയാളെത്തി. ഇത്തവണ പക്ഷേ യുവാവ് സൈബര്‍ സെല്ലിനെ സമീപിച്ചു.

ഇത് ഇന്ത്യയില്‍ നടക്കുന്ന എണ്ണമറ്റ സൈബര്‍ ലൈംഗിക കുറ്റങ്ങളില്‍ ഒന്ന് മാത്രമാണ്. 'ഓണ്‍ലൈന്‍ ചതികളില്‍ പെടുന്ന പതിനഞ്ച് പേരില്‍ പത്ത് പേരും പുരുഷന്മാരാണ്.' -മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സൈബര്‍ ക്രൈം ഉദ്യോഗസ്ഥന്‍ രിതേഷ് ഭാട്ടിയ പറയുന്നു. ലൈംഗികതയ്ക്ക് വേണ്ടിയുള്ള പുരുഷന്മാരുടെ ദാഹമാണ് ഇത്തരം കുറ്റവാളികളുടെ ഇന്ധനം. ഇന്ത്യയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍. 

'സ്ത്രീകളെ അപേക്ഷിച്ച് ഇന്ത്യയിലെ പുരുഷന്മാര്‍ ഓണ്‍ലൈന്‍ ലോകത്ത് കൂറേക്കൂടി സ്വതന്ത്രമായി ലൈംഗിക സ്വപ്‌നങ്ങള്‍ തേടുന്നവരാണ്. അതേസമയം കെണിയില്‍ പെട്ടുവെന്ന് ഉറപ്പായാല്‍ അന്തസ്സും അഭിമാനവും പോകുമെന്നതുകൊണ്ട് ഇതിനെപ്പറ്റി ഇവര്‍ പൊലീസില്‍ പരാതിപ്പെടില്ല.'

കഴിഞ്ഞ വര്‍ഷം മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ നടത്തിയ സര്‍വേയുടെ ഫലം തന്നെ ഞെട്ടിക്കുന്നതായിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 77% ശതമാനം പേരും ഓണ്‍ലൈന്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ലൈംഗിക കുറ്റകൃത്യങ്ങളാണെന്ന് തുറന്നുസമ്മതിച്ചു. സെക്‌സ് ചാറ്റിന് നിര്‍ബന്ധിക്കുകയും അതിന് തയ്യാറായില്ലെങ്കില്‍ പ്രതികാരം ചെയ്യുന്നതുമെല്ലാം ഏറ്റവും സാധാരണമായ ലൈംഗിക കുറ്റകൃത്യങ്ങളായി മാറിയിരിക്കുന്നു. 

സ്ത്രീകളെക്കാള്‍ കൂടുതല്‍ ചതിയില്‍ പെടുന്നത് പുരുഷന്മാരാണെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു. 'ഓണ്‍ലൈന്‍ റിസ്‌കുകള്‍' സ്ത്രീക്ക് മാത്രമേയുള്ളൂവെന്ന പൊതുധാരണയിലാണ് ഇവര്‍ ചതിക്കുഴികളില്‍ വീഴുന്നത്. ഇന്ത്യയില്‍ പുരുഷന്മാര്‍ വ്യക്തിപരമായി ഇത്തരം വിഷയങ്ങളില്‍ തനിക്ക് പിഴവ് പറ്റില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണെന്നും ഈ ആത്മവിശ്വാസമാണ് അവരെ അപകടങ്ങളിലെത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

'സ്ത്രീകളെ അപേക്ഷിച്ച് ഇന്ത്യയിലെ പുരുഷന്മാര്‍ ഓണ്‍ലൈന്‍ ലോകത്ത് കൂറേക്കൂടി സ്വതന്ത്രമായി ലൈംഗിക സ്വപ്‌നങ്ങള്‍ തേടുന്നവരാണ്. അതേസമയം കെണിയില്‍ പെട്ടുവെന്ന് ഉറപ്പായാല്‍ അന്തസ്സും അഭിമാനവും പോകുമെന്നതുകൊണ്ട് ഇതിനെപ്പറ്റി ഇവര്‍ പൊലീസില്‍ പരാതിപ്പെടില്ല.' മഹാരാഷ്ട്ര സൈബര്‍ വിംഗിലെ എസ്.പി ബാല്‍സിംഗ് രജ്പുത് പറയുന്നു. 

'സ്വന്തം താല്‍പര്യപ്രകാരമാണ് ഫോട്ടോകളും വീഡിയോകളുമെല്ലാം അയച്ചുനല്‍കുന്നതെങ്കിലും ചതിക്കപ്പെട്ടവര്‍ക്ക് നീതി ആവശ്യം തന്നെയാണ്. ആ നിതി അവര്‍ക്ക് ചോദിക്കാവുന്നതാണ്. ആകര്‍ഷകമായ മുഖ സൗന്ദര്യത്തോടും ശബ്ദത്തോടും കൂടി ഓണ്‍ലൈനില്‍ മറുപുറത്ത് ഒളിച്ചിരിക്കുന്നത് മിക്കവാറും പുരുഷനായിരിക്കും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികളാകാറുണ്ട്. അവരെ കുടുക്കാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഇന്ന് നമ്മുടെ കൈവശമുണ്ട്. അതുകൊണ്ടുതന്നെ ഇരകളാകുന്നവര്‍ മടിച്ചുനില്‍ക്കാതെ പരാതിപ്പെടാന്‍ തയ്യാറാകണം. എങ്കില്‍ മാത്രമേ കുറ്റവാളികളെ പിടികൂടാനാകൂ'- 15 വര്‍ഷത്തോളമായി സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് പഠനം കൂടി നടത്തുന്ന രജ്പുത് കൂട്ടിച്ചേര്‍ക്കുന്നു. 

സൈബര്‍ ലൈംഗികക്കുറ്റവാളികളുടെ വലയില്‍ പെട്ടാല്‍...

1. അവരുമായി നടത്തിയ ചാറ്റ്, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ നശിപ്പിക്കാതിരിക്കുക. പ്രത്യേകിച്ച് അവര്‍ ഇങ്ങോട്ട് അയച്ചുതന്നവ.

2. ഭീഷണിപ്പെടുത്തി എന്ത് ആവശ്യപ്പെട്ടാലും അത് നല്‍കില്ല എന്ന് ഉറച്ചുപറയുക. കാരണം നമ്മുടെ തകര്‍ന്ന മാനസികാവസ്ഥയാണ് അവര്‍ മുതലെടുക്കുന്നത്.

3. ഏറ്റവും അടുപ്പമുള്ള ആരെയെങ്കിലും, അത് സുഹൃത്തോ കുടുംബാംഗമോ ആകാം, അവരോട് ഇക്കാര്യങ്ങളെ പറ്റി ചര്‍ച്ച ചെയ്യുക.

4. ഉടന്‍ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, സൈബര്‍ സെല്ലിലോ പരാതിപ്പെടുക. 

5. മാനസികമായി വിഷമതകള്‍ തോന്നിയാല്‍ കൗണ്‍സിലിംഗിന് വിധേയമാകാന്‍ കരുതലെടുക്കുക.