ഹൈന്ദവ വിവാഹങ്ങളിലെ പ്രധാന ചടങ്ങാണ് കന്യാദാനം. പിതാവ് മകളുടെ വലതുകൈ വരന്റെ വലുതുകൈയില്‍ വെറ്റിലസമേതം വ്ച്ചുകൊടുക്കുന്നതാണ് ഈ കര്‍മം. എന്നാല്‍ തമിഴ്‌നാട്ടില്‍ ഈ കര്‍മം വ്യത്യസ്തമായ രീതിയിലാണ് ആഘോഷിക്കുന്നത്. പിതാവിന്റെ മടിയില്‍ ഇരുത്തിയാണ് കന്യാദാനം. കന്യാദാനം നല്‍കാനുള്ള അവകാശം പിതാവിനോ, അമ്മാവനോ, സഹോരനോ ആണ്.

ഇപ്പോഴിതാ വ്യത്യസ്തമായ രീതിയില്‍ മറ്റൊരു കന്യാദാനമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരികൊണ്ടിരിക്കുന്നത്. ഒരു തമിഴ് ബ്രാഹ്മണ വിവാഹത്തിലാണ് മകളെ അമ്മയുടെ മടിയിലിരുത്തി കന്യാദാനം നടത്തിയത്. അച്ഛനില്ലാത്ത മകളെ വളര്‍ത്തി വലുതാക്കിയ അമ്മയ്ക്ക് മകളെ കന്യാദാനം ചെയ്യാനുള്ള അവകാശമുണ്ടെന്ന് കുടുംബം തിരിച്ചറിഞ്ഞപ്പോഴാണ് അമ്മ മടിയിലിരുത്തി കന്യാദാനം നടത്തിയത്. ചെന്നൈ സ്വദേശി രാജേശ്വരി ശര്‍മയാണ് പരമ്പരാഗത ചടങ്ങുകള്‍ പൊളിച്ചത്. ഫോട്ടോഗ്രാഫര്‍ വരുണ്‍ സുരേഷാണ് ഈ മനോഹര ദൃശ്യം പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ചിത്രം ഇതിനോടകം ഒട്ടേറെ പേര്‍ കണ്ടു.

21 -മത്തെ വയസ്സില്‍ രാജേശ്വരി വിവാഹിതയായത്. പിന്നീട് ഭര്‍ത്താവിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോയി. പിന്നീട് ഇരുവര്‍ക്കുമിടയിലുണ്ടായ സ്വരചേര്‍ച്ച വേര്‍പിരിയലില്‍ എത്തിച്ചു. പിന്നീട് മകളുടെ വിദ്യാഭ്യാസവും മറ്റ് ചെലവുകളും രാജ്വേശ്വരി ഒറ്റയ്ക്കാണ് വഹിച്ചത്. മകള്‍ സന്ധ്യ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചത് ഓസ്‌ട്രേലിയന്‍ സ്വദേശിയായ സാമിനെ ആയിരുന്നു. യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് ധാരാളം എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമെന്ന് രാജേശ്വരിക്ക് ഉറപ്പായിരുന്നു.

അങ്ങനെയാണ് ഹൈന്ദവ ആചാരപ്രകാരം മകളുടെ വിവാഹം നടത്താന്‍ തീരുമാനിച്ചത്. പൂര്‍ണമായും തമിഴ് ബ്രാഹ്മണ തനിമയുള്ള വിവാഹമായിരുന്നു നടന്നത്. പിന്നീട് നടന്നതെല്ലാം സ്വപ്‌നം പോലെയായിരുന്നുവെന്ന് രാജേശ്വരി പറയുന്നു. അച്ഛന്റെ സ്ഥാനം ഏറ്റെടുത്ത് മകളെ മടിയിലിരുത്തി കന്യാദാനം നല്‍കി. എല്ലാ പിന്തുണയും നല്‍കിയ കുടുംബത്തോടെ നന്ദി പറയുന്നുവെന്നും രാജേശ്വരി പറഞ്ഞു.