Asianet News MalayalamAsianet News Malayalam

നാട്ടുമരങ്ങള്‍ കൊണ്ട് മതിലുകള്‍ തീര്‍ക്കാന്‍ ദില്ലി...

  • സംസ്ഥാനത്തിന്‍റെ അതിര്‍ത്തികളില്‍ 31 ലക്ഷം മരങ്ങള്‍ വച്ചുപിടിപ്പിക്കും
  • പൊടിക്കാറ്റും അന്തരീക്ഷ മലിനീകരണവും തടയാന്‍ പുതിയ പദ്ധതി
delhi is preparing to plant 31 lakh trees on its borders
Author
First Published Jul 9, 2018, 1:13 PM IST

ദില്ലി: പാതയോരത്ത് തണല്‍ നിവര്‍ത്തി നില്‍ക്കുന്ന വന്‍ മരങ്ങള്‍ നഗരങ്ങളുടെ ശ്വാസകോശങ്ങളാണ്. നഗരമധ്യത്തിലെ മലിനീകരണത്തില്‍ നിന്ന് ജനജീവിതത്തെ ഒരു പരിധി വരെ കാത്തുപോരുന്നത് ഈ മരങ്ങളുടെ സാന്നിധ്യം തന്നെയാണ്. 

നേരത്തേ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പാര്‍പ്പിട പദ്ധതിക്കായി 17,000 മരങ്ങള്‍ മുറിക്കാന്‍ നീക്കം നടത്തിയതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളളവര്‍ വ്യാപക പ്രതിഷേധമാണ് ദില്ലിയില്‍ നടത്തിയത്. ഈ പ്രതിഷേധം നടന്ന് ദിവസങ്ങള്‍ക്കകമാണ് ദില്ലി പുതിയ പദ്ധതിയെക്കുറിച്ച് പ്രഖ്യാപിക്കുന്നത്.

നാട്ടുമരങ്ങള്‍ കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ അതിര്‍ത്തികളില്‍ മതിലുകള്‍ തീര്‍ക്കാനൊരുങ്ങിയിരിക്കുകയാണ് ദില്ലി. 31 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് ദില്ലി സര്‍ക്കാര്‍ ആലോചിക്കുന്നത്. 

അന്തരീക്ഷ മലിനീകരണത്തിനെതിരെ പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. രാജസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ പൊടിക്കാറ്റിനെ ചെറുക്കുന്നത് മുതല്‍ ദില്ലിയെ പരിസ്ഥിതി സൗഹാര്‍ദ്ദ കേന്ദ്രമാക്കുന്നത് വരെയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

delhi is preparing to plant 31 lakh trees on its borders

ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നപ്രദേശങ്ങളിലാണ് പ്രധാനമായും പദ്ധതിയുടെ ഭാഗമായി മരങ്ങള്‍ വച്ചുപിടിപ്പിക്കുക. ഇതിന് പുറമേ വനാതിര്‍ത്തികളിലും മരത്തൈകള്‍ നടും. 

ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് അന്തരീക്ഷ മലിനീകരണത്തിനെതിരെ മരങ്ങള്‍ നട്ട് പ്രതിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വനം നകുപ്പ് അധികൃതര്‍ അറിയിച്ചു. മാവ്, ഞാവല്‍ തുടങ്ങിയ ഫലവൃക്ഷങ്ങള്‍ക്ക് പുറമേ ആര്യവേപ്പ്, നെല്ലി തുടങ്ങിയ ഔഷധഗുണമുള്ള മരങ്ങളും പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിക്കും. 

ഇതിനായി ആവശ്യമുള്ള നടപടികള്‍ കൈക്കൊണ്ടു തുടങ്ങിയെന്നും 2 വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നതെന്നും വനം വകുപ്പ് അറിയിച്ചു. പൊതുമരാമത്ത്, റെയില്‍വേ, മെട്രോ ഇങ്ങനെ എല്ലാ വിഭാഗങ്ങളും പദ്ധതിയുമായി സഹകരിക്കാനൊരുങ്ങുകയാണിപ്പോള്‍. മരം നട്ടാല്‍ മാത്രം പോര, മരങ്ങളുടെ പരിചരണവും പരിപൂര്‍ണ്ണമായി അതാത് വിഭാഗങ്ങള്‍ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കണമെന്നും വനം വകുപ്പ് പറയുന്നു.
 

Follow Us:
Download App:
  • android
  • ios