പഠനത്തിന്‍റെ ഭാഗമായി 80  രാജ്യങ്ങളില്‍ നിന്നുള്ള ആളുകളുടെ പ്രതികരണങ്ങള്‍ തേടി

ഇംഗ്ലണ്ടിലെ ഒരു സര്‍വകലാശാലയിലെ ഗവേഷകരാണ് നാല്‍പതുകള്‍ കടന്നവരിലെ അകാരണമായ നിരാശയെപ്പറ്റി പഠനം നടത്തിയത്. പല രാജ്യങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് പേരെയാണ് പഠനത്തിന്റെ ഭാഗമായി ഇവര്‍ ഉപയോഗിച്ചത്. 

നാല്‍പത് കടന്നാല്‍ പെട്ടെന്ന് തന്നെ അകാരണമായ നിരാശ ബാധിക്കുന്നവരാണ് മിക്കവാറും ഭൂരിപക്ഷം പേരുമെന്ന് പഠനം തെളിയിച്ചു. 80 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പ്രതികരണം ക്രോഡീകരിച്ചാണ് ഗവേഷകസംഘം നിഗമനത്തിലെത്തിയത്. 

35 കഴിയുന്നതോടെ തന്നെ ആളുകള്‍ നിരാശയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നു. എന്നാല്‍ 40 കടക്കുന്നതോടെ ഇത് കൃത്യമായും മനസ്സിനെ ബാധിച്ച് തുടങ്ങുന്നു. പുരുഷന്മാരും സ്ത്രീകളും ഇക്കാര്യത്തിലും രണ്ട് തട്ടില്‍ തന്നെയാണ്. 40 വയസ്സായ സ്ത്രീ നേരിടുന്ന മാനസിക പ്രശ്‌നങ്ങള്‍ മിക്കവാറും 50 തികയുമ്പോഴേ പുരുഷന്മാര്‍ തിരിച്ചറിയുന്നുള്ളൂ. സമയവ്യത്യാസമുണ്ടെങ്കിലും നിരാശയുടെ അളവിലും തൂക്കത്തിലുമൊന്നും അങ്ങനെ കാര്യമായ വ്യത്യാസങ്ങളില്ല. 

വിദ്യാഭ്യാസമോ, ജോലിയോ, ഭാഷയോ, സാമ്പത്തികാവസ്ഥയോ, വിവാഹമോ, കുഞ്ഞുങ്ങളോ ഇതിന് അടിസ്ഥാനമാകുന്നില്ലെന്നും പഠനം പറയുന്നു. ഓരോ ജീവിത സാഹചര്യങ്ങള്‍ക്കുമനുസരിച്ച് പ്രശ്‌നങ്ങളുടെ സ്വഭാവം വ്യത്യാസപ്പെടുന്നുവെന്ന് മാത്രം. പ്രത്യേകിച്ച് കാരണങ്ങളില്ലെങ്കിലും ഏതെങ്കിലും തരത്തില്‍ ദുഃഖം കണ്ടെത്തി നിരാശരാവാന്‍ ഈ പ്രായത്തിലുള്ളവര്‍ ശ്രമിക്കുന്നുവെന്നും പഠനം വിലയിരുത്തുന്നു.

ശാരീരികമായ അസ്വസ്ഥകളും ഇത്തരം നിരാശകള്‍ക്ക് കാരണമാകുന്നു. പ്രായമായി എന്ന തോന്നലാണ് അടിസ്ഥാനപരമായി ആളുകളെ തകര്‍ക്കുന്നത്. അതിന് വളം വെക്കുന്ന രീതിയില്‍ ശരീരം പെരുമാറുക കൂടി ചെയ്താല്‍ പരിപൂര്‍ണ്ണമായും മാനസികമായി തകരാനാണ് സാധ്യത കൂടുതല്‍. അതിനാല്‍ തന്നെ ശരീരം അല്‍പം കൂടി ശ്രദ്ധിക്കുന്നതിലൂടെ ഈ പ്രശ്‌നത്തെ ചെറിയ അളവ് വരെ പ്രതിരോധിക്കാനാകും. 

അതേസമയം നാല്‍പതുകളില്‍ നിരാശ നേരിട്ടവര്‍ പിന്നീട് ഇതില്‍ നിന്ന് പുറത്തുകടക്കുമെന്നും ഇരുപതുകാരുടെ മാനസികാവസ്ഥയക്ക് തുല്യമായി സന്തുഷ്ടരായി തുടരുമെന്നു കൂടി പഠനം സാക്ഷ്യപ്പെടുത്തുന്നു.