പ്രായം ആകുന്നതിന്‍റെ ലക്ഷണം മാത്രമല്ല ഈ നെറ്റിയിലെ ചുളിവുകള്‍ സൂചിപ്പിക്കുന്നത്. അതൊരു രോഗത്തിന്‍റെ ലക്ഷണം കൂടിയാണ്. 

നെറ്റിയില്‍ ചുളുവുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് പ്രായമായവരില്‍ നെറ്റിയില്‍ ചുളുവുകള്‍ ഉണ്ടാകാം. എന്നാല്‍ പ്രായം ആകുന്നതിന്‍റെ ലക്ഷണം മാത്രമല്ല ഈ നെറ്റിയിലെ ചുളിവുകള്‍ സൂചിപ്പിക്കുന്നത്. അതൊരു രോഗത്തിന്‍റെ ലക്ഷണം കൂടിയാണ്. ഫ്രാന്‍സില്‍ നടത്തിയൊരു പഠനത്തിലാണ് നെറ്റിയിലെ ചുളിവുകള്‍ ഹൃദ്രോഗത്തിന്‍റെ മുന്നറിയിപ്പാണെന്ന് കണ്ടെത്തിയത്.

നെറ്റിയില്‍ ചുളുവുകള്‍ ഉണ്ടാകുന്ന എല്ലാവര്‍ക്കും ഈ രോഗം ഉണ്ടാകണമെന്നില്ല. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധന നടത്താന്‍ മടിക്കാണിക്കരുത്. ഫ്രാന്‍സിലെ സെന്‍റര്‍ ഹോസ്പിറ്റല്‍ യൂണിവേഴ്സിറ്റി 3200 ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 

ഹൃദ്രോഗം അങ്ങനെ നിസാരമായി കാണരുത്. ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഇക്കാലയളവില്‍ കൂടിവരികയാണ്. നേരത്തെ തിരിച്ചറിയാനായാല്‍ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. സാധാരണയായി അധികമാര്‍ക്കും അറിയാത്ത ഹൃദ്രോഗ ലക്ഷണങ്ങള്‍ ഇവയാണ്. 

1. തോള്‍ വേദന

തോളില്‍ നിന്ന് കൈകളിലേക്ക് വ്യാപിക്കുന്ന വേദന ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. സാധാരണയായി ഇടംകൈയിലായിരിക്കും ഈ വേദന അനുഭവപ്പെടുക.

2. തലകറക്കം

മസ്‌തിഷ്‌ക്കത്തിലേക്കുള്ള രക്തയോട്ടം കുറയുമ്പോള്‍ തലകറക്കമുണ്ടാകാം. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അപാകതയുണ്ടാകുമ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ട്.

3. ക്ഷീണവും തളര്‍ച്ചയും

പടി കയറുമ്പോഴും നടക്കുമ്പോഴും കിതപ്പും ക്ഷീണവും അനുഭവപ്പെടുന്നുവെങ്കില്‍ അത് നിസാരമായി കാണരുത്. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണിത്.

4. കൂര്‍ക്കംവലി

ഉറങ്ങുമ്പോള്‍ കാര്യക്ഷമമായി ശ്വാസോച്ഛാസം നടത്താനാകാതെ വരുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദമേറുന്നതുകൊണ്ടാണ്.

5. സ്ഥിരമായുള്ള ചുമ

ചുമ പലപ്പോഴും അധികമാരും കാര്യമാക്കാറില്ല. എന്നാല്‍ നിര്‍ത്താതെയുള്ള ചുമ ഹൃദ്രോഗത്തിന്റെ ലക്ഷണമായിരിക്കാം. ചുമയ്‌ക്കൊപ്പം, മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള കഫം വരുകയാണെങ്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ അസ്വാഭാവികതയുള്ളതായി സംശയിക്കേണ്ടിവരും. ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടാകുന്നതുകൊണ്ടാകാം പിങ്ക് നിറത്തിലുള്ള കഫം വരുന്നത്.

6. കാലിനും ഉപ്പൂറ്റിക്കും നീര്‍ക്കെട്ട്

ഹൃദയം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെ വരുമ്പോള്‍, കാലിനും ഉപ്പൂറ്റിക്കും നീര്‍ക്കെട്ട് വരാം. ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യാതെ വരുമ്പോഴാണ് കാല്‍പ്പാദത്തില്‍ നീര് വരുന്നത്.