ജയ്പൂര്‍: കാലുവേദനയും പ്രമേഹവുമായി ചികിത്സയ്‌ക്കെത്തിയ റെയില്‍വേ ജീവനക്കാരന്‍റെ ശരീരത്തില്‍ നിന്നും ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തിയത് 75 മൊട്ടുസൂചികള്‍. ഭദ്രിലാല്‍ എന്ന 56കാരന്റെ ശരീരത്തില്‍ കണ്ടെത്തിയ മൊട്ടുസൂചികള്‍ എങ്ങനെ പുറത്തെത്തിക്കുമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ഡോക്ടര്‍മാര്‍.

കോട്ട റെയില്‍വേ സ്‌റ്റേഷന്‍ ആശുപത്രിയിലാണ് ഭദ്രിലാല്‍ ചികിത്സയ്‌ക്കെത്തിയത്. കാലുവേദനെയ തുടര്‍ന്ന നടത്തിയ സ്‌കാനിംഗിലും പരിശോധനയിലുമാണ് ശരീരത്തിന്റെ പലഭാഗങ്ങളിലായി 75ഓളം മൊട്ടുസൂചികള്‍ കുരുങ്ങിക്കിടക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

കഴുത്തിലും തൊണ്ടയിലും കയ്യിലും കാലിന്‍റെ പാദങ്ങളിലുമാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയത്. എന്നാല്‍ മൊട്ടുസൂചികള്‍ അകത്തേക്ക് പോയതിന്റെ യാതൊരു സൂചനയും ശരീരത്തിന്റെ പുറത്തില്ല. അത്തരത്തില്‍ അടയാളങ്ങളോ മുറിവുകളോ ശരീരത്തില്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല, അതേസമയം ഭദ്രിലാല്‍ ഇവ വിഴുങ്ങിയതാവാമെന്നും ഡോക്ടര്‍മാര്‍ സാധ്യത പുറത്തുവിടുന്നു.