രുതലോടും വാത്സല്യത്തോടെയുമാണ് കുഞ്ഞുങ്ങളേ ഡോക്ടമാരും നഴ്സുമാരും പരിശോധിക്കുന്നത്. പരിശോധനക്കിടെ കുഞ്ഞുങ്ങൾ കരയാതിരിക്കാൻ ചില വിദ്യകളും അവർ പ്രയോ​ഗിക്കാറുണ്ട്. അത്തരത്തിലൊരു ഡോക്ടറുടെ ഹൃദയസ്പർശിയായ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഷാനോൻ വെമിസ് എന്നയാളാണ് തന്റെ മകളെ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴുള്ള വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.17 സെക്കന്റാണ് വീഡിയോയുടെ ദൈർഘ്യം.

രക്ത പരിശോധനയ്ക്ക് വേണ്ടിയാണ് ഷാനോൻ തന്റെ മകളുമൊത്ത് ആശുപത്രിയിൽ എത്തിയത്. കുഞ്ഞിന് വേദ അറിയാതിരിക്കാൻ റയാൻ കോറ്റ്‌സി എന്ന ഡോക്ടർ മനോഹരമായി പാട്ടുപാടുകയായിരുന്നു. ഡോക്ടറുടെ പാട്ട് ഇഷ്ടപ്പെട്ട കുഞ്ഞ് വേദനമറന്ന് അദ്ദേഹത്തെ ക്ഷമയോടെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത് വീഡിയോയിൽ കാണാം. 'ഡോ. റയാൻ കോറ്റ്‌സി തികച്ചും അത്ഭുതകരമാണ്'-വീഡിയോ ഷെയർ ചെയ്തുകൊണ്ട്  ഷാനോൻ ഇങ്ങനെ കുറിച്ചു.

'ഇത് വളരെ സവിശേഷമായ ഒന്നാണ്. സാധാരണയായി രക്തം പരിശോധിക്കുമ്പോൾ മകൾ അസ്വസ്ഥയാകാറുണ്ട്. എന്നാൽ ഇതുപോലൊരു പ്രതികരണം ഇതാദ്യമായാണ്. ഒരുതുള്ളി കണ്ണീർ പോലും പൊടിഞ്ഞില്ല. ഇതുപോലുള്ള ഒരു ഡോക്ടറെ ഞാൻ വേറെ കണ്ടിട്ടില്ല, തികച്ചും അത്ഭുതകരമാണ്. എല്ലാവരുടെയും മുഖത്ത് അദ്ദേഹം പുഞ്ചിരി സമ്മാനിച്ചു. ജോലി എന്നത് മാസാവസാനത്തെ ശമ്പളപരിശോധനയേക്കാൾ വലുതാണ് എന്നതിന് ഒരു ഉദാഹരണമാണിത്'- ഷാനോൻ പോസ്റ്റിൽ കുറിച്ചു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ഡോക്ടറെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.