വൈദ്യശാസ്‌ത്രത്തില്‍ത്തന്നെ അത്യപൂര്‍വ്വമെന്ന് വിശേഷിപ്പിക്കുന്ന ഒരു ശസ്‌ത്രക്രിയ കഴിഞ്ഞ ദിവസം നടന്നു. ദില്ലി സഫ്‌ദര്‍ജംഗ് ആശുപത്രിയില്‍ പത്തുവയസുകാരനായ രോഗിയുടെ കാലിലെ വിരല്‍, കൈയില്‍ തുന്നിച്ചേര്‍കക്കുകയായിരുന്നു. 2015ല്‍ ഗുരുതരമായി പൊള്ളലേറ്റ നേപ്പാളുകാരന്‍ ബിരേന്ദ്ര സിങ് എന്ന പത്തുവയസുകാരനാണ് അത്യപൂര്‍വ്വ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായത്. പൊള്ളലേറ്റ് കൈവിരലുകള്‍ ഇടയ്‌ക്കിടെ അണുബാധ ഉണ്ടായതോടെ അവ മുറിച്ചുമാറ്റേണ്ട സ്ഥിതി വന്നു. എന്നാല്‍ വിരല്‍ മുറിച്ചുമാറ്റിയാല്‍ രക്തസ്രാവം മൂലം കുട്ടി മരണപ്പെടാനുള്ള സാധ്യത ഉടലെടുത്തു. അങ്ങനെയാണ് ഒരു പരീക്ഷണണമെന്നോണം ഡോക്‌ടര്‍മാര്‍, കാലിലെ വിരല്‍, കൈയില്‍ തുന്നിച്ചേര്‍ത്തത്. കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി ചെയ്ത ശസ്‌ത്രക്രിയ വിജയകരമായിരുന്നുവെന്ന് പിന്നീട് ഡോക്‌ടര്‍മാര്‍ പറഞ്ഞു. പത്തു മണിക്കൂറൂകള്‍ നീണ്ട ശസ്‌ത്രക്രിയയ്‌ക്ക് ഒടുവില്‍ കുട്ടിയുടെ കൈയിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കാനായി. കൈവെള്ളയിലേക്കുള്ള രക്തയോട്ടം നിയന്ത്രിച്ചുകൊണ്ടുള്ള അനസ്‌തേഷ്യ നല്‍കിയാണ് ശസ്‌ത്രക്രിയ എന്നതിനാല്‍ ഏറെ ബുദ്ധിമുട്ടിയാണ് അത് പൂര്‍ത്തിയാക്കിയതെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. ബാക്‌ടീരിയ അണുബാധ അത്യന്തം രൂക്ഷമാകുന്ന സെപ്റ്റിക് ഷോക്ക് എന്ന പ്രശ്‌നമാണ് കുട്ടിക്ക് ഉണ്ടായിരുന്നത്. കൃത്യസമയത്ത് ചികില്‍സിച്ചില്ലെങ്കില്‍ ശരീരത്തിലെ മുഴുവന്‍ കലകളെയും അണുബാധയിലൂടെ നശിപ്പിച്ച്, മരണം വരെ സംഭവിക്കാവുന്ന ആരോഗ്യപ്രശ്‌നമാണ് സെപ്റ്റിക് ഷോക്ക് അഥവാ ഗാന്‍ഗ്രീന്‍.