അത്യപൂര്‍വ്വമായ ഒരു അസുഖവുമായാണ് ഇരുപത്തിയൊന്നുകാരിയായ യുവതി ഡോക്‌ടറെ കാണാനെത്തിയത്. വിയര്‍ക്കുമ്പോള്‍, വിയര്‍പ്പുതുള്ളികള്‍ക്ക് പകരം ശരീരത്തില്‍നിന്ന് രക്തത്തുള്ളികള്‍ വരുന്നു. മൂന്നു വര്‍ഷമായി ഇതേ പ്രശ്‌നമുള്ള യുവതി ഇപ്പോഴാണ് വിദഗ്ദ്ധ ചികില്‍സയ്‌ക്കായി ആശുപത്രിയിലെത്തുന്നത്. ഇറ്റലിയിലാണ് സംഭവം. യുവതി ഉറങ്ങുമ്പോഴും ജോലി ചെയ്യുമ്പോഴുമാണ് വിയര്‍പ്പിന് പകരം രക്തം പൊടിയുന്നത്. കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേര്‍ണലില്‍ ഇറ്റാലിയന്‍ ഡോക്‌ടര്‍മാരായ റോബര്‍ട്ടോ മാജിലെയും മാര്‍സിയ കാപ്രോണിയുമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ ഫ്ലോറന്‍സ് മെഡിക്കല്‍ സര്‍വ്വകലാശാല ആശുപത്രിയിലാണ് യുവതിയുയെ പ്രവേശിപ്പിച്ചിരിക്കുന്നത്. രക്തം പൊടിയുന്ന പ്രതിഭാസം ഒന്നു മുതല്‍ നാലു മിനിട്ട് വരെ നീണ്ടുനില്‍ക്കും. മാനസികസമ്മര്‍ദ്ദം അനുഭവപ്പെടുമ്പോഴും ഇത്തരത്തില്‍ രക്തം പൊടിയാറുണ്ട്. യുവതിയെ പരിശോധിക്കാനായി ഇറ്റലിയിലെ പ്രമുഖ ഡോക്ടര്‍മാരുടെ സംഘം ആശുപത്രിയിലെത്തിയിട്ടുണ്ട്. ഇവരുടെ നിരീക്ഷണത്തിലാണ് യുവതി. ഇത്തരമൊരു ആരോഗ്യ പ്രശ്‌നം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും, അതുകൊണ്ട് എന്തുതരം ചികില്‍സയാണ് നല്‍കേണ്ടതെന്നും ഡോക്‌ടര്‍മാര്‍ നിശ്ചയിച്ചിട്ടില്ല. അമേരിക്കയിലെയും ബ്രിട്ടനിലെയും പ്രമുഖ ആശുപത്രികളുമായി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിവരികയാണെന്നുമാണ് ഇറ്റലിയില്‍നിന്നുള്ള ഡോക്‌ടര്‍മാര്‍ പറയുന്നത്.