മസാല അധികമുള്ള ഭക്ഷണം ഏറെ കഴിച്ചതിന് ശേഷം ഒരു ഏത്തപ്പഴം കഴിക്കുന്നത് അസിഡിറ്റിയെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രാത്രിയില്‍ വയറെരിച്ചില്‍ ഉണ്ടാകുന്നത് തടയാനും ഇത് സഹായിക്കും

രാത്രി അത്താഴത്തിന് ശേഷം ഏത്തപ്പഴം കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പൊതുവയ്പ്. വളരെയധികം പോഷകങ്ങളും ധാതുക്കളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണമായിട്ടുകൂടി, എന്തുകൊണ്ടാണ് ഏത്തപ്പഴം രാത്രിയില്‍ കഴിക്കരുതെന്ന് പറയുന്നതെന്ന് അറിയാമോ?

ആയുര്‍വേദം പിന്തുടരുന്നവരില്‍ പലരും രാത്രിയില്‍ ഏത്തപ്പഴം കഴിക്കരുതെന്ന് നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആയുര്‍വേദ വിധിപ്രകാരം രാത്രിയില്‍ ഏത്തപ്പഴം കഴിക്കുന്നതില്‍ അപകടങ്ങളൊന്നുമില്ല. എന്നാല്‍ ചുമയും ജലദോഷവുമുള്ളവര്‍ രാത്രിയില്‍ ഏത്തപ്പഴം കഴിച്ചാല്‍ അസുഖം കൂടാന്‍ സാധ്യതയുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ദഹനത്തിന് ഏറെ സമയമെടുക്കുന്നതിനാല്‍ തളര്‍ച്ചയും മടിയും തോന്നാനും സാധ്യതയുണ്ടെന്നും ആയുര്‍വേദ വിധി സൂചിപ്പിക്കുന്നു. 

ഇതില്‍ നിന്ന് ഏറെ വ്യത്യസ്തമല്ല ന്യൂട്രീഷ്യനിസ്റ്റുകളുടെ അഭിപ്രായം. ചുമയോ ജലദോഷമോ ആസ്മയോ സൈനസ് പ്രശ്‌നങ്ങളോ ഉള്ളവര്‍ മാത്രം രാത്രിയില്‍ ഏത്തപ്പഴം കഴിക്കാതിരുന്നാല്‍ മതി, മറ്റുള്ളവര്‍ക്കെല്ലാം കഴിക്കാവുന്നതാണെന്നാണ് പ്രമുഖ ഫിറ്റ്‌നസ് എക്‌സ്‌പേര്‍ട്ടായ ശശാങ്ക് രാജന്‍ പറയുന്നത്. പോഷകസമൃദ്ധമായതിനാല്‍ തന്നെ ശരീരത്തിന് ധാരാളം ഊര്‍ജ്ജം പകരാന്‍ ഏത്തപ്പഴത്തിന് കഴിയുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നവര്‍ക്കാണെങ്കില്‍ വര്‍ക്കൗട്ടിന് ശേഷം വൈകുന്നരേം കഴിക്കാന്‍ ഏറ്റവും ഉത്തമമായ ഭക്ഷണമാണ് ഏത്തപ്പഴമെന്നും ഇവര്‍ പറയുന്നു. 

മസാല അധികമുള്ള ഭക്ഷണം ഏറെ കഴിച്ചതിന് ശേഷം ഒരു ഏത്തപ്പഴം കഴിക്കുന്നത് അസിഡിറ്റിയെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രാത്രിയില്‍ വയറെരിച്ചില്‍ ഉണ്ടാകുന്നത് തടയാനും ഇത് സഹായിക്കും. മാത്രമല്ല, ഏത്തപ്പഴത്തിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഉറങ്ങാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

രാത്രി വൈകി വിശക്കുന്നവര്‍ക്ക് കഴിക്കാന്‍ പലപ്പോഴും ഏത്തപ്പഴമാണ് നിര്‍ദേശിക്കാറെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. മധുരമുള്ളതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹത്തെ ഇത് നിയന്ത്രിക്കുമെന്നും വിറ്റാമിനുകളും ഫൈബറും ഏറെയുള്ളതിനാല്‍ ശരീരത്തിന് ഗുണം ചെയ്യുമെന്നും ഇവര്‍ വാദിക്കുന്നു. ചുമയോ, ആസ്മയോ, ജലദോഷമോ ഒന്നും ഇല്ലാത്ത പക്ഷം ഏത് സാഹചര്യത്തിലും രാത്രിയില്‍ ധൈര്യമായി ഏത്തപ്പഴം കഴിക്കാമെന്ന് തന്നെയാണ് വിദഗ്ധര്‍ പറയുന്നത്.