Asianet News MalayalamAsianet News Malayalam

വെളിച്ചെണ്ണയിലെ മായം  കണ്ടെത്താന്‍ ഒരു എളുപ്പവഴി

Dr Shinu Syamalan on coconut adulteration
Author
Thiruvananthapuram, First Published Aug 26, 2017, 2:07 PM IST

നമ്മള്‍ വാങ്ങിയ വെളിച്ചെണ്ണ മായം കലരാത്തതാണോ എന്നറിയുവാനുള്ള ഒരെളുപ്പവഴി നോക്കാം.

Dr Shinu Syamalan on coconut adulteration

നമ്മള്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക ഭക്ഷണസാധനങ്ങളിലും മായം ചേര്‍ക്കപ്പെടുന്നു.അവ എളുപ്പത്തില്‍ വീട്ടില്‍തന്നെ കണ്ടുപിടിക്കുവാന്‍ FSSAI (food saftey and standards of India) ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ചെറിയ ചില എളുപ്പവഴികളിലൂടെ മായം തിരിച്ചറിയാമെന്നാണ് ഏജന്‍സി വ്യക്തമാക്കുന്നത്. ഇത്തരം ചില എളുപ്പവഴികള്‍ തുടര്‍ച്ചയായി പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്.

ആദ്യമായി നമുക്ക് വെളിച്ചെണ്ണ എടുക്കാം. തേങ്ങാ ഉണക്കി കൊപ്രയാട്ടി വെളിച്ചെണ്ണയുണ്ടാക്കിയിരുന്ന കാലത്തു നമുക്കു അതിലെ മായം ഓര്‍ത്തു ഭയപ്പെടേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. പക്ഷെ ഇന്ന് മനുഷ്യന്‍ മനുഷ്യനെ മറന്നു ആരോഗ്യത്തിനു ഹാനികരമായ പല വസ്തുക്കളും കൊള്ളലാഭത്തിനായി ഭക്ഷണങ്ങളില്‍ മായമായി ഉപയോഗിക്കുന്നു. വടക്കേ ഇന്ത്യയില്‍ നമ്മളെ അപേക്ഷിച്ചു അവര്‍ സണ്‍ഫളവര്‍ ഓയില്‍, കടുക് എണ്ണ, സീസമേ ഓയില്‍ കൂടുതലായി ഉപയോഗിക്കുന്നു. മിനറല്‍ ഓയില്‍ പോലെ ഉള്ളവ ഭക്ഷണയോഗ്യമല്ല. പക്ഷെ വെളിച്ചെണ്ണയിലും മറ്റും മിനറല്‍ ഓയില്‍ പോലെ വിലകുറഞ്ഞ,ശരീരത്തിന് ഹാനികരമായ പല എണ്ണകളും മായമായി ഉപയോഗിക്കുന്നു.

2016 മെയ് മാസത്തില്‍ കമ്മിഷന്‍ ഓഫ് ഫുഡ് സേഫ്റ്റി കേരളത്തില്‍ ചില കമ്പനികളുടെ വെളിച്ചെണ്ണ നിരോധിച്ചിരുന്നു.അവയില്‍ മായം ചേര്‍ക്കപ്പെടുന്നു എന്ന് കണ്ടെത്തിയതുകൊണ്ടാണ് ആ തീരുമാനമുണ്ടായത്. വെളിച്ചെണ്ണയ്ക്കു വില വളരെ കൂടുതലാണല്ലോ.അതുകൊണ്ടു തന്നെ അതില്‍ ലാഭത്തിനായി മിനറല്‍ ഓയില്‍, സണ്‍ഫഌര്‍ ഓയില്‍, പാമോയില്‍, കോട്ടണ്‍ സീഡ് ഓയില്‍ എന്നിവ ധാരാളമായി ഉപയോഗിക്കുന്നു. ഇവയ്ക്കു വെളിച്ചെണ്ണയേക്കാള്‍ വിലക്കുറവായതാണ് അതിന് കാരണം.അതുപോലെ കടുകെണ്ണയില്‍ argemone എണ്ണയാണ് മായമായി ചേര്‍ക്കുന്നത്.അങ്ങനെയുള്ള കടുകെണ്ണയുടെ കുറച്ചു നാളത്തെ ഉപയോഗത്തില്‍ തന്നെ നമ്മെ രോഗിയാകുന്നു.തെക്കേ ഇന്ത്യയെ അപേക്ഷിച്ച് മറ്റു സംസ്ഥാനങ്ങളില്‍ കടുകെണ്ണയും സണ്‍ഫഌര്‍ ഓയിലും കൂടുതലായി ഉപയോഗിക്കുന്നു. argemone ഓയില്‍ ചേര്‍ത്ത കടുകെണ്ണ ഉപയോഗിക്കുന്നത് മൂലം എപിഡമിക് ഡ്രോപ്‌സി എന്ന രോഗം അവിടെ കൂടുതലായി കണ്ടുവരുന്നു.

ലൂസായിട്ടു വാങ്ങുന്ന എണ്ണയിലെ മായത്തിന്റെ അളവ് കുപ്പികളിലും പാക്കറ്റുകളിലും ഉള്ള എണ്ണയേക്കാളും കൂടുതലാണ്. 2016 ല്‍,FSSAI 15 സംസ്ഥാനങ്ങളില്‍ നിന്നും 1015 വെളിച്ചെണ്ണയുടെ സാമ്പിളുകള്‍ ശേഖരിക്കുകയും, അതില്‍ 85% വെളിച്ചെണ്ണയും മായമുണ്ടെന്നു കണ്ടെത്തിയിരുന്നു.

മായം കലര്‍ന്ന എണ്ണ നമ്മുടെ ആരോഗ്യത്തിനു ഹാനികരമാണ്.അവയുടെ ഉപയോഗം മൂലം ക്യാന്‍സര്‍,അലര്‍ജി,കരള്‍ രോഗങ്ങള്‍,ഹാര്‍ട്ട് അറ്റാക്ക് എന്നിവ വരാന്‍ സാധ്യത കൂടുന്നു.

നമ്മള്‍ വാങ്ങിയ വെളിച്ചെണ്ണ മായം കലരാത്തതാണോ എന്നറിയുവാനുള്ള ഒരെളുപ്പവഴി നോക്കാം.

വേണ്ട വസ്തുക്കള്‍: ഫ്രിഡ്ജ്, ഒരു ഗ്ലാസ്, വെളിച്ചെണ്ണ.

1).ഗ്ലാസ്സിന്റെ പകുതിവരെ വെളിച്ചെണ്ണ ഒഴിക്കുക

2.)റെഫ്രിജറേറ്ററില്‍ 30 min വെയ്ക്കുക (ഫ്രീസറില്‍ വെയ്ക്കുവാന്‍ പാടില്ല)

3). അര മണിക്കൂറിനു ശേഷം ഗ്ലാസ് റെഫ്രിജറേറ്ററില്‍ നിന്നും എടുക്കുക

4.)മുഴുവന്‍ എണ്ണയും തണുത്തുറഞ്ഞെങ്കില്‍ മായമില്ലാത്ത വെളിച്ചെണ്ണ ആകുന്നു.

5).കുറച്ച് എണ്ണ കട്ടപിടിക്കാതെ മുകളില്‍ ദ്രാവകരൂപത്തില്‍ കിടക്കുന്നുണ്ടെങ്കില്‍ മായംകലര്‍ന്ന വെളിച്ചെണ്ണയാണത്.

നിങ്ങളും വീട്ടില്‍ ഉപയോഗിക്കുന്ന എണ്ണയില്‍ മായം ഉണ്ടോ എന്ന് നോക്കുക.. നല്ല ഭക്ഷണം നമ്മുടെ ശരീരത്തിന് വളരെ ആവശ്യമാണ്.

Follow Us:
Download App:
  • android
  • ios