ഇരുപത്തിയൊന്നാണ് കേരളത്തിലെ സ്ത്രീകളുടെ ശരാശരി വിവാഹ പ്രായം. എന്നാല്‍ ഇന്ത്യയിലെ ശരാശരി പ്രായം നോക്കിയാല്‍ അത് പത്തൊന്‍പതാണ്. എന്നാല്‍ ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ ദാമ്പത്യത്തിലേക്ക് കടക്കുന്നത് ശരിയല്ലെന്നാണ് ആധുനിക ലോകത്തെ സാഹചര്യങ്ങള്‍ സ്ത്രീകളോട് പറയുന്നത്. ഒപ്പം മനശാസ്ത്ര വിദഗ്ധരും ഇത് തന്നെയാണ് അഭിപ്രായപ്പെടുന്നത്. എന്താണ് ഇതിന് കാരണം, ഇതാ ഇരുപതുകളുടെ തുടക്കത്തിലെ വിവാഹം അത്ര നല്ലതല്ലെന്ന് സ്ത്രീയോട് പറയുന്ന അഞ്ച് സന്ദര്‍ഭങ്ങള്‍

സ്വാതന്ത്ര്യം ലഭിക്കാന്‍ തുടങ്ങുന്ന 20 കള്‍

പെണ്‍കുട്ടികളെ സംബന്ധിച്ച് അവരുടെ കുട്ടിക്കാലത്തെയും, കൗമരത്തെയും കടന്ന് സ്വതന്ത്ര്യത്തിലേക്ക് പറക്കാനുള്ള വാതിലാണ്, 20 കളുടെ തുടക്കം. ജോലിയുടെ രൂപത്തിലോ പഠനത്തിന്‍റെ രൂപത്തിലോ ഇത് സംഭവിക്കാം. ഈ സമയത്ത് ഇത്തരം സ്വതന്ത്ര്യ മനോഭാവമുള്ള, സ്വപ്നങ്ങളുള്ള സ്ത്രീകള്‍ വിവാഹം ഒരു തടസം സൃഷ്ടിച്ചേക്കാം.

നിലപാടുകള്‍ എടുക്കേണ്ട സമയം

സ്വന്തം നിലപാടുകളെയും കാഴ്ചപ്പാടുകളെയും എല്ലാം സ്ഥിരപ്പെടുത്തുന്ന സമയമാണ് 20 കളുടെ തുടക്കം.അതില്‍ വിവാഹവും പങ്കാളിയും എല്ലാം ഉള്‍പ്പെടാം. ഇതില്‍ സ്വയം തീരുമാനം എടുക്കും മുന്‍പേ വിവാഹം ശരിക്കും സ്ത്രീമനസിനെ തളര്‍ത്തിയേക്കാം.

കരിയര്‍ കെട്ടിപടുക്കാനുള്ള സമയം

ഏത് മേഖലയില്‍ ആകട്ടെ സ്വശ്രയത്തോടെ നില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് 20 കളുടെ തുടക്കത്തിലെ വിവാഹത്തിനോട് നോ പറയാം. നിങ്ങള്‍ക്ക് വ്യക്തമായ കരിയര്‍ പദ്ധതികള്‍ ഉണ്ടെങ്കില്‍ അവയ്ക്കായി ശ്രമിക്കുക. ഇത് സാമ്പത്തികമായും മാനസികമായും നിങ്ങളെ കരുത്തുള്ളയാളാക്കും.

നിങ്ങളുടെ പ്രണയത്തിനും കാത്തിരിക്കാന്‍ സമയം നല്‍കാം 

ഇരുപതുകള്‍ക്ക് മുന്‍പോ ഇരുപതുകളുടെ തുടക്കത്തിലോ നിങ്ങള്‍ പ്രണയത്തിലാകുന്നത് സ്വാഭാവികമാണ്. പ്രണയത്തെ നിയന്ത്രിക്കേണ്ട കാര്യവുമില്ല. എന്നാല്‍ ഈ പ്രണയത്തെ വിവാഹത്തിലേക്കും കുടുംബജീവിതത്തിന്റെ കെട്ട് പാടുകളിലേക്കും എത്തിക്കാന്‍ അൽപം സമയമെടുക്കാം. രണ്ട് പേര്‍ക്കും കരിയറുള്‍പ്പടെയുള്ള സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധിക്കാനും ഒറ്റക്കുള്ള നാളുകള്‍ ആസ്വദിക്കാനും ഉള്ള സമയത്തിന് ശേഷം മാത്രം കുടുംബജീവിതം ആരംഭിച്ചാല്‍ മതിയാകും. കാരണം ഇങ്ങനെയുള്ള പ്രണയങ്ങളില്‍ വേഗത്തില്‍ വിവാഹിതരായ ശേഷം പിന്നീട് ദുഖിക്കുന്നവരാണ് ഏറെയും.

മാതാപിതാക്കള്‍ക്കൊപ്പം കൂടുതല്‍ സമയം 

സ്വന്തം കാലില്‍ നില്‍പ്പുറപ്പിച്ച് കഴിഞ്ഞാല്‍ കുറച്ച് സമയം മാതാപിതാക്കള്‍ക്ക് മാറ്റിവയ്ക്കാം. മറ്റ് കെട്ടപാടുകളിലേക്ക് കടക്കും മുന്‍പ് അവര്‍ക്കൊപ്പം ഒന്ന് ജീവിച്ച് നോക്കൂ. ഒരു മുതിര്‍ന്ന വ്യക്തിയായി അവര്‍ക്കൊപ്പം ജീവിക്കുമ്പോഴുള്ള അനുഭവം മറ്റൊന്നായിരിക്കും.