തടി കുറയ്ക്കാൻ ഏറ്റവും നല്ല മാർ​ഗമാണ് വ്യായാമം. ദിവസവും 1 മണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുക. വണ്ണം കുറയ്ക്കലിന്റെ പ്രാരംഭ ദശയിൽ ശരീരഭാരം കുറയുന്നതു പ്രധാനമായും ജലനഷ്ടത്തിലൂടെയാണ്. അതു കൊണ്ടു തന്നെ നിർജലീകരണം ഒഴിവാക്കുന്നതിനായി ആവശ്യത്തിനു വെളളം കുടിക്കണം. 

തടി കുറയ്ക്കാനുള്ള ശ്രമത്തിലാണോ.‌ തടി കുറയ്ക്കാൻ ഡയറ്റ് ചെയ്തും മറ്റ് മരുന്നുകളും കഴിച്ച മടുത്തുകാണും. വണ്ണം കുറയ്ക്കാൻ എന്തു ചെയ്യണമെന്ന ആശങ്ക നമ്മിൽ പലരെയും അലട്ടുന്നുണ്ട്. കടുത്ത ഭക്ഷണ നിയന്ത്രണവും വ്യായാമമുറകളുമൊക്കെ വേണമെന്നു കരുതി മടി പിടിച്ചിരിക്കേണ്ട. തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. 

1. വ്യായാമം ഒഴിവാക്കരുത്: തടി കുറയ്ക്കാൻ ഏറ്റവും നല്ല മാർ​ഗമാണ് വ്യായാമം. ദിവസവും 1 മണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുക. ജിമ്മ്, യോ​ഗ, അനെയ്റോബിക്, എയ്റോ ബിക് എന്നിങ്ങനെ പലതരത്തിലുള്ള വ്യായാമങ്ങളുണ്ട്. ഏത് വേണമെങ്കിലും ചെയ്യാം. ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാൻ വ്യായാമം ഏറെ നല്ലതാണ്. 

2. നന്നായി ഉറങ്ങാം: ഉറങ്ങിയാൽ തടിവയ്ക്കുമെന്നാണ് പലരും ചിന്തിച്ച് വച്ചിരിക്കുന്നത്. ഉറക്കം നന്നായില്ലെങ്കിൽ അതു നമ്മുടെ വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളെ താറുമാറാക്കും. അതിന്റെ ഫലമായി ഭക്ഷണം കൂടുതൽ കഴിക്കും. ആവശ്യത്തിന് ഉറക്കം കിട്ടാത്ത ദിവസം ഒരാൾ 500 അധിക കാലറി കഴിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അധിക കാലറിയെ ദഹിപ്പിച്ചു കളയാനുമാകില്ല. 

3. വെള്ളം ധാരാളം കുടിക്കുക: വണ്ണം കുറയ്ക്കലിന്റെ പ്രാരംഭ ദശയിൽ ശരീരഭാരം കുറയുന്നതു പ്രധാനമായും ജലനഷ്ടത്തിലൂടെയാണ്. അതു കൊണ്ടു തന്നെ നിർജലീകരണം ഒഴിവാക്കുന്നതിനായി ആവശ്യത്തിനു വെളളം കുടിക്കണം. കാലറി ദഹിപ്പിക്കുന്ന പ്രക്രിയ സുഗമമായി, ഫലപ്രദമായി നടക്കുന്നതിനു വെളളം അനിവാര്യമാണ്. കൊഴുപ്പ് ദഹിച്ചു പോകുന്ന പ്രക്രിയയെ നിർജലീകരണം സാവധാനത്തിലാക്കുന്നു. വെളളം കുടിക്കുന്നതുകൊണ്ടു മറ്റൊരു ഗുണം കൂടിയുണ്ട്. ആഹാരം കഴിക്കുന്നതിനൊപ്പം വെളളം കുടിച്ചാൽ, വയറു നിറഞ്ഞ തോന്നൽ പെട്ടെന്നുണ്ടാകും. അങ്ങനെ കഴിക്കുന്നതിന്റെ അളവു കുറയുകയും ചെയ്യും.

4. ഉപ്പ് ആവശ്യത്തിനു മതി: ഉപ്പ് നമ്മുടെ ശരീരഭാരം വർധിപ്പിക്കുന്നതിനായി കാലറി ഒന്നും പ്രദാനം ചെയ്യുന്നില്ല. നമ്മുടെ ശരീരത്തിൽ നിലനിർത്തപ്പെടുന്ന ജലാംശത്തെയാണ് ഉപ്പു ബാധിക്കുന്നത്. കൂടുതൽ അളവിൽ ഉപ്പ് ആഹാരത്തിലൂടെ ഉളളിലെത്തുമ്പോൾ അതു നമ്മുടെ ശരീരത്തിൽ കൂടുതൽ അളവിൽ ജലം പിടിച്ചു നിർത്തപ്പെടുന്നതിനു കാരണമാകുന്നു. അതുകൊണ്ടു തന്നെ ശരീരത്തിനു വീർക്കൽ ‌തോന്നുകയും ശരീരഭാരത്തിൽ വർധനവ് ഉണ്ടാകുകയും ചെയ്യുന്നു.

5. മനശക്തി പ്രധാനം: മനശക്തി എല്ലാ ആഗ്രഹങ്ങൾക്കും പ്രചോദനമാകുന്നത്. വണ്ണം കുറയ്ക്കണമെന്ന് ആദ്യം മനസ്സില്‍ തീരുമാനമെടുക്കണം. ‘ഞാൻ മെലിയും, പഴയതു പോലെ സുന്ദരമായ ശരീരം സ്വന്തമാക്കും’ എന്നു നമ്മോടു തന്നെ പറയണം.

5. ചെറിയ പാത്രത്തിൽ കഴിക്കാം : വലിയൊരു പാത്രത്തിൽ നിറയെ ആഹാരം വിളമ്പി കഴിക്കുന്നതാണ് പൊതുവെയുളള രീതി. എന്നാൽ ഇതിലൂടെ അധിക ഭക്ഷണം ഉളളിലെത്തുന്നു. ഇതിനു ബുദ്ധിപൂർവം ഒരു പരിഹാരം കാണാം. ഒരു ചെറിയ പ്ലേറ്റില്‍ നിറയെ ആഹാരമെടുക്കുകയും കഴിക്കുകയും ചെയ്യുക. ഒരു പാത്രം നിറയെ ആഹാരം കഴിച്ചല്ലോ എന്നു മനസ്സിനെ ബോധ്യപ്പെടുത്തുക. അധിക ഭക്ഷണവും അമിത കാലറിയും ഒഴിവാക്കാനാകും.

ഇവ നിർബന്ധമായും കഴിക്കണം

ആപ്പിൾ: ആപ്പിളിൽ നാരുകൾ ധാരാമുണ്ടെങ്കിലും കാലറി കുറവാണ്. അതായത് 100 ഗ്രാം ആപ്പിളിൽ 50 കാലറി. തൊലികളയാതെ കഴിക്കുന്നതാണ് നല്ലത്. ശരീരഭാരം കുറയ്ക്കാനും ദഹനത്തിനു സഹായകവുമായ പെക്ടിൻ ആപ്പിളിലുണ്ട്.

ബ്രോക്കോളി : നാരുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയതിനാൽ ബ്രോക്കോളിയെ സൂപ്പർ ഫുഡായി കരുതുന്നു. ക്രൂസിഫെറസ് പച്ചക്കറികളുടെ ഗണത്തിൽപ്പെടുന്ന ബ്രൊക്കോളിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.

തണ്ണിമത്തൻ: തണ്ണിമത്തനിൽ ലൈക്കോപീൻ എന്ന സംയുക്തം അടങ്ങിയിട്ടുള്ളതിനാൽ ഹൃദയത്തിനു നല്ലതാണ്. കൂടാതെ തണ്ണിമത്തനിലുള്ള പോഷകങ്ങൾ രക്തചംക്രമണം വർധിപ്പിക്കുകയും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുകയും ചെയ്യും.

ഉരുളക്കിഴങ്ങ്: നല്ലൊരു നെഗറ്റീവ് കാലറി ഭക്ഷണണായ ഉരുളക്കിഴങ്ങ് വറുക്കാതെ വേവിച്ചു കഴിക്കുന്നതാണ് നല്ലത്. കാലറി കുറവുള്ള ഉരുളക്കിഴങ്ങിൽ പൊട്ടാസ്യം, ജീവകം ബി 6, ജീവകം സി എന്നിവയുടെ ഉറവിടം കൂടിയാണ്.

കാരറ്റ്:  നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍, പൊട്ടാസ്യം, ജീവകം കെ എന്നിവയാൽ സമൃദ്ധമായ കാരറ്റിൽ 95 ശതമാനവും ജലാംശം അടങ്ങിയതാണ്. 100 ഗ്രാം കാരറ്റിൽ 14 കാലറി മാത്രമുളളതിനാൽ നല്ലൊരു നെഗറ്റീവ് കാലറി ഭക്ഷണവുമാണ്.