ഫ്ലോറിഡ: പുതിയ കാലത്ത് വലിയ രീതിയില്‍ ആള്‍ക്കാര്‍ നേരിടുന്ന അസുഖങ്ങളിലൊന്നാണ് ഈറ്റിങ്ങ് ഡിസോഡര്‍. പല കാരണങ്ങളാണ് ഈറ്റിങ്ങ് ഡിസോഡറിനു പിന്നില്‍. എന്നാല്‍ സ്ത്രീകളില്‍ ഈ അസുഖം വര്‍ധിക്കുന്നതിന്‍റെ കാരണം എന്താണെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍.

വിഷാദം, ഉത്കണ്ഠ, അപകര്‍ഷതാ ബോധം തുടങ്ങിയവയാണ് ഈറ്റിംങ്ങ് ഡിസോഡറിനു പിന്നില്‍. നവദമ്പതികളായ 113 പേരില്‍ നടത്തിയ പരീക്ഷണത്തിലാണ് പുതിയ കണ്ടെത്തല്‍. മെലിഞ്ഞ ശരീരം ആഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങളായിരുന്നു ഇവര്‍ക്ക് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്.

 ശരീരത്തെ കുറിച്ചുള്ള അമിതാശങ്ക ഈറ്റിങ്ങ് ഡിസോഡറിന്‍റെ ലക്ഷണങ്ങളിലൊന്നാണ്. ഭര്‍ത്താവിന് തന്നെക്കാള്‍ ഭംഗിയുണ്ടെന്ന തോന്നലും ഇതിനു പിന്നിലുണ്ട്.തടിച്ച ശരീരമുള്ളവര്‍ അതുകൊണ്ട് തന്നെ മെലിയാന്‍ പല വഴികള്‍ തേടാറുണ്ട്. നല്ല രീതിയിലുള്ള ബന്ധം പങ്കാളിയുമൊത്ത് ഉണ്ടായാല്‍ ഒരു പരിധിവരെ ഈ അസുഖത്തെ മറികടക്കാവുന്നതേയുള്ളു.

ഭാര്യയ്ക്ക് തടിച്ച ശരീരമാണെങ്കിലും അവര്‍ തനിക്ക് പ്രിയപ്പെട്ടതാണെന്ന തോന്നലുണ്ടാക്കിയാല്‍ മതി. ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ പ്രമുഖ ഗവേഷകരിലൊരാളായ റ്റാനിയ റെയ്നോള്‍ഡിന്‍റെ അഭിപ്രായമാണിത്. ജേര്‍ണല്‍ ബോഡി ഇമേജില്‍ പുതിയ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.