Asianet News MalayalamAsianet News Malayalam

ഗ്രില്‍ഡ് ചിക്കന്‍ കഴിച്ചാല്‍ സംഭവിക്കുന്നത്!

eating undercooked chicken might lead to paralysis
Author
First Published Dec 12, 2016, 11:06 AM IST

കാലം മാറിയതിനൊപ്പം കോലവും ഭക്ഷണവുമൊക്കെ മാറി. ഈ കാലത്തെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് ഗ്രില്‍ഡ് ചിക്കന്‍. വൈകുന്നേരമായി കഴിഞ്ഞാല്‍ ഗ്രില്‍ഡ് ചിക്കന്‍ ലഭിക്കുന്ന കടകളിലെ തിരക്ക് ഒന്നു കാണേണ്ടത് തന്നെയാണ്? സത്യത്തില്‍ ഈ ഗ്രില്‍ഡ് ചിക്കന്‍ നമ്മുടെ ആരോഗ്യത്തിന് നല്ലതാണോ? കനലില്‍ ചുട്ടെടുക്കുന്നതുകൊണ്ട്, എണ്ണയില്‍ വറുക്കാത്തതുകൊണ്ടും ഗ്രില്‍ഡ് ചിക്കന്‍ നല്ലതാണെന്ന് വിശ്വസിക്കുന്നവരാണ് കൂടുതലും. എന്നാല്‍ ഗ്രില്‍ഡ് ചിക്കന്‍ നമുക്ക് എട്ടിന്റെ പണി തരുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. നന്നായി വേവാത്തതരം ഭക്ഷണമാണ്, ഗ്രില്‍ഡ് ചിക്കന്‍ പോലെയുള്ളത്. അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്, ഗ്രില്‍ഡ് ചിക്കന്‍ പോലെയുള്ളവ സ്ഥിരമായി കഴിച്ചാല്‍, ഗില്ലന്‍-ബാര്‍ സിന്‍ഡ്രോം(ജിബിഎസ്) എന്ന തരത്തിലുള്ള പക്ഷാഘാതം ഉണ്ടാകുമെന്നാണ്. രോഗപ്രതിരോധശേഷി നശിപ്പിച്ച്, പേശികളും മറ്റും തളര്‍ത്തി, കിടപ്പിലായിപോകുന്നതരത്തിലുള്ള ആരോഗ്യപ്രശ്നമാണ് ഗില്ലന്‍-ബാര്‍ സിന്‍ഡ്രോം(ജിബിഎസ്). ഗ്രില്ലില്‍ ചെറു ചൂടിലുള്ള കനലില്‍ ചുട്ടെടുക്കുമ്പോള്‍ ചിക്കന്‍ വേണ്ടത്ര വേവുന്നുണ്ടാകില്ല. ഇതുകാരണം ചിക്കനിലുള്ള കാംപിലോബാക്‌ടര്‍ ജെജുനി എന്ന ബാക്‌ടീരിയ ശരീരത്തില്‍ എത്തുകയും ഗില്ലന്‍-ബാര്‍ സിന്‍ഡ്രോമിന്(ജിബിഎസ്) കാരണമാകുകയും ചെയ്യുന്നു. ഗ്രില്‍ഡ് ചിക്കന് മാത്രമല്ല, ചിക്കന്‍ വേണ്ടത്ര വേവിച്ചില്ലെങ്കിലും ഈ പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അമേരിക്കയിലെ മിഷിഗണ്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ലിന്‍ഡ് മാന്‍സ്‌ഫീല്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. കാംപിലോബാക്‌ടര്‍ ജെജുനി ബാക്‌ടീരിയ കാരണം ഗുരുതരമായ സന്ധിവാതങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനസംഘം മുന്നറിയിപ്പ് നല്‍കുന്നു. പഠനറിപ്പോര്‍ട്ട് ഓട്ടോഇമ്മ്യൂണിറ്റി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios