ഈ ജീവിതശൈലി പല രീതിയിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുക. ക്രമേണ പല അസുഖങ്ങളിലേക്കും ഇത് നമ്മളെ എത്തിക്കുന്നു. ഇത്തരത്തില്‍ ഇരുന്ന് ജോലി ചെയ്യുന്നവരെ ബാധിക്കുന്ന എട്ട് പ്രശ്‌നങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം

മണിക്കൂറുകളോളം കംപ്യൂട്ടറുകള്‍ക്ക് മുന്നില്‍ ഇരുന്ന് ചെയ്യുന്ന ജോലിയാണ് മിക്കവാറും ചെറുപ്പക്കാരെല്ലാം ഇക്കാലത്ത് ചെയ്യുന്നത്. ഈ ജീവിതശൈലി പല രീതിയിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുക. ക്രമേണ പല അസുഖങ്ങളിലേക്കും ഇത് നമ്മളെ എത്തിക്കുന്നു. ഇത്തരത്തില്‍ ഇരുന്ന് ജോലി ചെയ്യുന്നവരെ ബാധിക്കുന്ന എട്ട് പ്രശ്‌നങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. 

ഒന്ന്...

ഹൃദയസംബന്ധമായ പ്രശ്‌നമാണ് ഇതില്‍ ഒന്നാമതായി നില്‍ക്കുന്നത്. അനങ്ങാതെ ഒരേയിരിപ്പ് ഇരിക്കുന്നതിനാല്‍ ശരീരത്തിന് കൊഴുപ്പ് എരിച്ചുകളയാനാകില്ല. ഈ കൊഴുപ്പ് ധമനികളില്‍ അടിഞ്ഞുകൂടി ഹൃദയത്തെ അപകടത്തിലാക്കുന്നു.

രണ്ട്...

നല്ലരീതിയിലുള്ള ശരീരവേദനയ്ക്ക് ഈ ശീലം കാരണമാകുന്നു. കഴുത്തുവേദന, തോള്‍ വേദന, ഇടുപ്പിലും നടുവിലുമുള്ള വേദന- ഇവയൊക്കെയാണ് സാധാരണഗതിയില്‍ പിടിപെടുന്നത്. 

മൂന്ന്...

ശരീരത്തിന്റെ ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ വരാനും ഇത് കാരണമാകുന്നു. മുതുകിന്റെ ഭാഗം ഉയര്‍ന്നുവരുന്നത്, വയര്‍ മാത്രം കൂടുന്നത്- ഇങ്ങനെ പല തരത്തിലാണ് ഈ പ്രശ്‌നം നമ്മളിലേക്ക് കടന്നുകൂടുന്നത്. 

നാല്...

ശരീരത്തെ മാത്രമല്ല, നീണ്ട നേരത്തെ ഇരിപ്പ് മനസ്സിനെയും മോശമായി ബാധിക്കുമെന്നാണ് പുതിയൊരു പഠനം കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ജീവിതരീതി തലച്ചോറിന്റെ ഒരു പ്രത്യേകഭാഗത്തെ നേര്‍പ്പിച്ച് കൊണ്ടുവരുമെന്നും ഇത് ക്രമേണ ഓര്‍മ്മശക്തിയെ ബാധിക്കുമെന്നുമാണ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനം കണ്ടെത്തിയത്. 

അഞ്ച്...

വെറുതെയുള്ള ഇരിപ്പ് ശരീരത്തിനെ സജീവമല്ലാതാക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിന് അനുസരിച്ച് ശരീരം പ്രവര്‍ത്തിക്കാതാകുന്നതോടെ അമിതവണ്ണത്തിനും ഈ ശീലം വഴിവയ്ക്കുന്നു. 

ആറ്...

ശരീരം അതിന് ആവശ്യമായത്ര കായികമായി പ്രവര്‍ത്തിക്കാതിരിക്കുന്നത് മൂലം ഇത്തരം ജീവിതരീതിയില്‍ ഉള്ളവര്‍ക്ക് പ്രമേഹം പിടിപെടാനുള്ള സാധ്യതയും കൂടുതലാണത്രേ. 'നോര്‍വീജിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി'യില്‍ നടന്ന പഠനമാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 

ഏഴ്...

ഒരുപാട് നേരം തുടര്‍ച്ചയായി ഇരിക്കുന്നത് മൂലം കാലില്‍ വളരെയധികം ഭാരമുണ്ടാകുന്നു. ഇത് 'വെരിക്കോസ് വെയിന്‍' എന്ന ഞരമ്പിനെ ബാധിക്കുന്ന അസുഖത്തിന് വഴിയൊരുക്കിയേക്കാം. 

എട്ട്...

മണിക്കൂറുകളോളം കംപ്യൂട്ടര്‍ സ്‌ക്രീന്‍ നോക്കി ജോലി ചെയ്യുന്നവരില്‍ ഉത്കണ്ഠ പിടിപെടാനുള്ള സാധ്യതയും കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. അനാരോഗ്യകരമായ ഈ ജീവിതരീതി ഉറക്കത്തെ ബാധിക്കുന്നതാണ് ക്രമേണ ഉത്കണ്ഠയിലേക്കും നമ്മളെ നയിക്കാന്‍ ഇടയാക്കുന്നത്.