മലയാളികള്‍ക്ക് പഞ്ചസാര ഏറെ പ്രിയപ്പെട്ടതാണ്. രാവിലെ ചായ മുതല്‍ തുടങ്ങുന്നതാണ് പഞ്ചസാരയോടുളള പ്രിയം. അതേസമയം, പഞ്ചസാര അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പ്രത്യേകിച്ച് ക്യാന്‍സര്‍ രോഗികള്‍ പഞ്ചസാര അധികം കഴിക്കരുത്. 

പഞ്ചസാര അമിതമായാല്‍ ക്യാന്‍സര്‍ സെല്ലുകള്‍ വളരാന്‍ അത് സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ എന്ന മാസികയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

യീസ്റ്റ് സെല്ലുകളിലാണ് പഠനം നടത്തിയിരിക്കുന്നത്. യീസ്റ്റിന്‍റെ ഫെര്‍മെന്‍റേഷന്‍ പ്രക്രിയ നടക്കുമ്പോള്‍ സെല്ലുകള്‍ വളരുകയും വര്‍ധിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തല്‍. സാധാരണ ശരീരകോശങ്ങളില്‍ ഗ്ലൂക്കോസിനെ ഊര്‍ജമായി മാറ്റുന്നതിന് ഓക്‌സിജനാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ഗ്ലൂക്കോസിനെ ഊര്‍ജമായി മാറ്റുമ്പോള്‍ ഫെര്‍മെന്‍റ് ചെയ്യപ്പെടുന്ന ഷുഗര്‍ ക്യാന്‍സര്‍ സെല്ലിന് ഊര്‍ജം നല്‍കുന്നുവെന്നും പഠനത്തില്‍ പറയുന്നു.

ബെല്‍ജിയത്തിലാണ് ഇത്തരത്തില്‍ ഒരു പഠനം നടന്നിരിക്കുന്നത്. ഹൈപ്പര്‍ ആക്ടീവ് ഷുഗറിനെ സെല്ലുകള്‍ സ്വീകരിക്കുന്നത് ക്യാന്‍സര്‍ രോഗം വരാനുള്ള സാധ്യത കൂട്ടുമെന്നും പഠനം സൂചിപ്പിക്കുന്നു.